Kerala
പള്ളികൾ നിയമാനുസരണം തുറന്നു പ്രവർത്തിക്കണം: സമസ്ത

കോഴിക്കോട് | പള്ളികൾ തുറക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ അനുമതി നൽകിയ സാഹചര്യത്തിൽ നിയമാനുസരണം പള്ളികൾ തുറന്നു പ്രവർത്തിക്കണമെന്നും ജുമുഅ നടത്താനാവശ്യമായത് ചെയ്യണമെന്നും സമസ്ത കേരള ജംഇയ്യുത്തുൽ ഉലമ പ്രസിഡന്റ്ഇ സുലൈമാൻ മുസ്‌ലിയാർ, ജനറൽ സെക്രട്ടറി കാന്തപുരം പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
അപരിചതരായ ആളുകൾ ഒരുമിച്ചുകൂടാൻ സാധ്യതയുള്ള ടൗണുകളിലെ പള്ളികളിൽ ഏതാനും ആഴ്ചകൾ കൂടി ജുമുഅ ജമാഅത്തുകൾ നടത്തുന്നത് നീട്ടിവെക്കാം. എന്നാൽ, ഗ്രാമീണ മേഖലകളിൽ സർക്കാർ നിർദേശിച്ച ഉപാധികൾ പാലിച്ചുകൊണ്ട് ജുമുഅ നടത്താൻ ശ്രമിക്കണം. ജുമുഅ നിസ്‌കാരം ഏറ്റവും പ്രധാനപ്പെട്ടതും നിർബന്ധ ബാധ്യതയുള്ളതുമായ ആരാധനയാണ്.
ആരാധനാലയങ്ങൾ പ്രവർത്തിക്കുന്നത് സർക്കാർ തത്കാലം വിലക്കിയപ്പോൾ, അത് പൂർണമായും സ്വീകരിച്ചവരാണ് മുസ്‌ലിംകൾ. നിലവിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ അനുമതി നൽകിയ സാഹചര്യത്തിൽ വിഷമമില്ലാതെ ജുമുഅ നടത്താൻ ശ്രമിക്കേണ്ടതാണെന്ന് നേതാക്കൾ പറഞ്ഞു.