Covid19
ഫേസ് മാസ്‌ക് ഉപയോഗത്തിൽ വിചിത്ര നിയമവുമായി മധ്യപ്രദേശ്

ഭോപ്പാൽ | മാളുകളും ജ്വല്ലറികളും സന്ദർശിക്കുന്നവർ 30 സെക്കൻഡ് നേരത്തേക്ക് ഫേസ് മാസ്‌ക് മാറ്റണമെന്ന വിചിത്രനിയമവുമായി മധ്യപ്രദേശ്. കൊറോണവൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് രണ്ട് മാസത്തോളമായി രാജ്യത്ത് നിലനിൽക്കുന്ന ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാണ്. എന്നാൽ, സന്ദർശകരെ തിരിച്ചറിയാനും സി സി ടി വി ക്യാമറകളിലൂടെ ഫോട്ടോ എടുക്കാനും വേണ്ടിയാണിതെന്നാണ് സംസ്ഥാനത്തെ പോലീസ് പറയുന്നത്.
കടകളോ ബേങ്കുകളോ കൊള്ളയടിച്ച ശേഷം ഓടിപ്പോകുന്ന കള്ളന്മാരുള്ള ഇത്തരം സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കാനാണ് നീക്കമെന്നും മാസ്‌ക് ധരിക്കുന്നത് ഇത്തരക്കാർക്ക് രക്ഷയായി മാറുമെന്ന് തോന്നിയതിനാലാണ് ഇങ്ങനെയൊരു തീരുമാനമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ കൈലാഷ് മക്വാനയുടെ ഉത്തരവിൽ പറയുന്നു.
ഇത്തരം സ്ഥലങ്ങളിലെ ക്യാമറകൾ നിലവാരമുള്ളതാണോ എന്ന് പരിശോധിക്കാൻ എല്ലാ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച ഏഴ് സ്ഥലങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്. ഇതു വരെയായി 10,000ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനത്ത് 400 രോഗികളാണ് മരിച്ചത്.