Kerala
കെ എസ് ആർ ടി സിയുടെ അമരത്തേക്ക് ഇനി ബിജു പ്രഭാകർ

തിരുവനന്തപുരം | സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കെ എസ് ആർ ടി സി യെ കരകയറ്റാനുള്ള സർക്കാർ ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ഇനി അമരക്കാരനായി ബിജു പ്രഭാകർ ഐ എ എസ്. എം ഡിയായിരുന്ന ഐ ജി ദിനേശ് രാജിവെച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് ബിജു പ്രഭാകർ ഐ എ എസിനെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നിലവിൽ സാമൂഹിക ക്ഷേമ വകുപ്പ് സെക്രട്ടറിയാണ്.
തിരുവനന്തപുരം ജില്ലാ കലക്ടറായിരിക്കെ നഗരത്തിലെ വെള്ളക്കെട്ടൊഴിവാക്കാനുള്ള ഓപറേഷൻ അനന്ത അടക്കമുള്ള പ്രവർത്തനങ്ങൾ നടപ്പാക്കി പ്രശംസ പിടിച്ചുപറ്റിയിരുന്നു. ലോട്ടറി ഡയറക്ടറായിരിക്കെ വാർഷിക വിറ്റുവരവ് മൂന്ന് വർഷം കൊണ്ട് 557 കോടിയിൽ നിന്ന് 2,800 കോടിയായി ഉയർത്തി. 624 കോടിയിൽ നിന്ന് 557 കോടിയായി വരുമാനം കുറഞ്ഞപ്പോഴായിരുന്നു ബിജു പ്രഭാകറിന്റെ നിയമനം.
പൊതുമരാമത്ത് സെക്രട്ടറി, കൃഷി ഡയറക്ടർ, ഭക്ഷ്യ സുരക്ഷാ കമ്മീഷണർ, കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ എം ഡി, ഭൂമി കേരളം പ്രോജക്റ്റ് ഡയറക്ടർ, ഐ ടി@സ്‌കൂൾ പ്രോജക്റ്റ് ഡയറക്ടറായിരിക്കെ വിക്‌റ്റേഴ്‌സ് ചാനൽ സ്ഥാപകൻ തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. കെ എസ് ആർ ടി സി ചെയർമാനായി ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാലിനെയും നിയമിച്ചിട്ടുണ്ട്.