National
രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന സരിതയുടെ ഹരജി സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് നീട്ടി

ന്യൂഡൽഹി | വയനാട് ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത എസ് നായർ നൽകിയ ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. ചീഫ് ജസ്റ്റിസ് അഡ്വ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിൻെറതാണ് തീരുമാനം.
വയനാട് മണ്ഡലത്തിൽ മത്സരിക്കാൻ സരിതയും നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ, ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ് പ്രകാരം വയനാട്ടിലെ വരണാധികാരി പത്രിക തള്ളുകയായിരുന്നു.
ഹരജി ഇന്ന് ആദ്യം പരിഗണനക്കെടുത്തപ്പോൾ വാദിഭാഗം അഭിഭാഷകൻ ഹാജരായിരുന്നില്ല. പിന്നീട് അവസാനം പരിഗണിച്ച സമയത്ത് വീഡിയോ കോൺഫറൻസിലൂടെ വക്കീൽ ഹാജരായെങ്കിലും കണക്ഷൻ പ്രശ്‌നം കാരണം മോണിറ്റിൽ മുഖം വ്യക്തമായില്ല. ഇതേ തുടർന്ന് ഹരജി പരിഗണിക്കുന്നത് നീട്ടി വെക്കുകയായിരുന്നു.
ക്രിമിനൽ കേസിൽ രണ്ട് വർഷത്തിൽ അധികം ശിക്ഷ ലഭിച്ചിട്ടുള്ള ആളുകളുടെ നാമനിർദേശി പത്രിക വരണാധികാരിക്ക് തള്ളാം എന്നതാണ് 8(3) വകുപ്പ്. സോളാർ കേസുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സരിതക്ക് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചിരുന്നു. കൂടാതെ പത്തനം തിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ച 45 ലക്ഷം രൂപ പിഴയും അടക്കാനുണ്ട്. മേൽക്കോടതി ശിക്ഷ തടഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത എസ് നായരുടെ നാമനിർദേശ പത്രിക തള്ളിയത്.
എന്നാൽ, എറണാകുളം സെഷൻസ് കോടതിയും ഹൈക്കോടതിയും ശിക്ഷ സ്‌റ്റേ ചെയ്തിരുന്നെന്നും അതിനാൽ തനിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഈ വകുപ്പ് തടസ്സമല്ലെന്നും കാണിച്ചാണ് സരിത എസ് നായർ ഹരജി നൽകിയത്. കൂടാതെ, വയനാട് മണ്ഡലത്തിൽ നാമനിർദേശ പത്രിക തള്ളിയെങ്കിലും രാഹുൽ ഗാന്ധിയുടെ സ്വന്തം മണ്ഡലമായ അമേഠിയിൽ തള്ളിയിരുന്നില്ല.