National
പാകിസ്ഥാന് വേണ്ടി ചാരവൃത്തി; രണ്ട് ഡിഫന്‍സ് ജീവനക്കാര്‍ പിടിയില്‍

ന്യൂഡല്‍ഹി | പാക് ചാരസംഘടനയായ ഐ എസ് ഐക്കുവേണ്ടി പ്രവര്‍ത്തിച്ച രണ്ട് പേരെ മിലിട്ടറി ഇന്റലിജന്‍സും രാജസ്ഥാന്‍ പൊലീസും ചേര്‍ന്ന് പിടികൂടി. സേനയുടെ ആയുധ ഡിപ്പോയിലെ ജീവനക്കാരന്‍ വികാസ് കുമാര്‍ (29), മഹാജന്‍സ് ഫീല്‍ഡ് ഫയറിങ് റേഞ്ചിലെ ചിമന്‍ ലാല്‍ (22) എന്നിവരാണ് അറസ്റ്റിലായത്.2019 ആഗസ്റ്റിലാണ് വികാസ് കുമാര്‍ പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചത്. പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ വനിത ഉദ്യോഗസ്ഥ ഫേസ്ബുക്കിലൂടെ ബന്ധപ്പെട്ടാണ് വികാസ് കുമാറില്‍നിന്നും വിവരങ്ങള്‍ ചോര്‍ത്തിയത്. മുന്‍ സൈനികന്റെ മകനായ കുമാര്‍ തിങ്കളാഴ്ചയാണ് അറസ്റ്റിലായത്.
ആയുധങ്ങളുടെ ചിത്രങ്ങള്‍, ഓര്‍ഡറുകള്‍, വരവും പോക്കും എന്നിവയെല്ലാം കുമാര്‍ പാകിസ്താന് കൈമാറിയതായാണ് അറിയുന്നത്. കരാര്‍ ജോലിക്കാരനായ ചിമന്‍ലാലില്‍നിന്നും വിവരം ചോര്‍ത്തി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലോ ഏപ്രിലിലോ ആണ് അനോഷ്‌ക ചോപ്ര എന്ന വ്യാജ പേരിലുള്ള പാക് രഹസ്യാന്വേഷണ ഏജന്റിന്റെ ഫേസ്ബുക്ക് സൗഹൃദ അഭ്യര്‍ഥന ലഭിച്ചതെന്ന് കുമാര്‍ പോലീസിനോട് പറഞ്ഞു.