Kerala
ഒരാള്‍ കൂടി മരിച്ചു; സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി

തൃശൂര്‍ | സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശി ഡിന്നി ചാക്കോ (43) ആണ് മരിച്ചത്. ഇതോടെ തൃശൂര്‍ ജില്ലയില്‍ മരിച്ചവരുടെ എണ്ണം മൂന്നും സംസ്ഥാനത്ത് മരിച്ചവര്‍ 17ഉം ആയി.
മാലിദ്വീപിൽ ലക് ചററായി ജോലി ചെയ്യുകയായിരുന്ന ഡിന്നി ചാക്കോ കഴിഞ്ഞ മെയ് 12-നാണ് ഭാര്യ, ഒമ്പത് വയസുള്ള മകൻ, ഭാര്യാമാതാവ് എന്നിവരോടൊപ്പം നാട്ടിലെത്തിയത്. മെയ് 16ന് എല്ലാവർക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഭാര്യക്കും മകനും ഭാര്യാ മാതാവിനും കൊവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് നേരത്തെ ഡിസ്ചാർജ് ചെയ്തിരുന്നു. ഡിന്നിക്ക് വൈറൽ ന്യുമോണിയ ബാധ ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ആഴ്ചയായി വെൻറിലേറ്ററിൽ ചികിത്സയിലായിരുന്നു.
തൃശൂരില്‍ തുടര്‍ച്ചയായ രണ്ടാം കൊവിഡ് മരണം കൂടി ആണിത്. ഏങ്ങണ്ടിയൂര്‍ സ്വദേശിയായ കുമാരന്‍ (87) ഞായറാഴ്ച കോവിഡ് ബാധിച്ചു മരിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ചു മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു മരണം.
മുംബൈയില്‍ നിന്നെത്തിയ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ കദീജക്കുട്ടി (68)യുടെതാണ് തൃശൂരിലെ ആദ്യ കൊവിഡ് മരണം. മുംബൈയില്‍ നിന്ന് എത്തിയതായിരുന്നു ഇവര്‍.