Kerala
ഞാൻ വന്ന് അവളെ കൊണ്ടു പോകുമായിരുന്നില്ലേ... സ്‌കൂൾ അധികൃതർക്കെതിരെ ആരോപണവുമായി അഞ്ജുവിന്റെ പിതാവ്

കോട്ടയം| പാലാ ചെർപ്പുങ്കല്ലിൽ കാണാതായ കാഞ്ഞിരപ്പള്ളി സ്വദേശിനി അഞ്ജു പി ഷാജി(20) മൃതദേഹം മീനച്ചിലാറ്റിൽ നിന്ന് കണ്ടെത്തിയ സാഹചര്യത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ കൂടുതൽ ആരോപണവുമായി പിതാവ്. മരണം കൊലപാതകമാണെന്നും ബി വി എം ഹോളിക്രോസ് കോളജ് അധികൃതരും പ്രിൻസിപ്പാലുമാണ് മകളുടെ മരണത്തിന് ഉത്തരവാദികളെന്നും പിതാവ് പറഞ്ഞു. തന്റെ മകൾ ഒരിക്കലും കോപ്പയടിക്കില്ല. കോളേജിലെ മിടുക്കരായ വിദ്യാർഥികളിൽ അഞ്ചു പേരിൽ ഒരാളാണ് അവൾ. എന്നെ വിളിച്ച് പറഞ്ഞിരുന്നെങ്കിൽ ഞാൻ അവളെ കൊണ്ടുപോകുമായിരുന്നെന്നും പിതാവ് പറഞ്ഞു.
കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളജിൽ കൊമേഴ്‌സ് ബിരുദ വിദ്യാർഥിനിയായിരുന്ന അഞ്ജു ചെർപ്പുങ്കല്ലിലെ കോളജിലായിരുന്നു പരീക്ഷ എഴുതിയിരുന്നത്. ശനിയാഴ്ച പരീക്ഷക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച വൈകീട്ടാണ് അഞ്ചുവിനെ കാണാതായത്. സെമസ്റ്ററിലെ അവസാന പരീക്ഷയായിരുന്നു ശനിയാഴ്ച. പരീക്ഷ തുടങ്ങി മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോഴാണ് എഴുതികൊണ്ടിരുന്ന പേപ്പർ അധ്യാപകൻ തട്ടിപറിച്ചെന്നും ഇത് കോളജിലെ സി സി ടി വിയിൽ വ്യക്കമാണെന്നും വിദ്യാർഥിനിയുടെ പിതാവ് ആരോപിച്ചു. കോളജിൽ നിന്ന് പേടിച്ച് ഓടിവരുന്ന രീതിയിലാണ് കുട്ടിയെ സമീപത്തുള്ള ബേക്കറിയിലെ സി സി ടി വിയിൽ കണ്ടത്. ബാഗും കുടയും കൈവശമില്ലായിരുന്നു. കൂടാതെ പ്രാൻസിപ്പലും മറ്റ് അധ്യാപകരും മോശമായി പെരുമാറിയെന്നും ഹാൾ ടിക്കറ്റ് ബലമായി പിടിച്ചുവാങ്ങിയ ശേഷം കോളജിൽ നിന്നും പുറത്താക്കിയെന്നും ഇതിന്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാർ ആരോപിച്ചു. ഹാൾ ടിക്കറ്റിൽ കുട്ടി കോപ്പിയടിക്കാനുള്ള വിവരങ്ങൾ എഴുതിയിരുന്നതായാണ് കോളജ് അധികൃതർ പറയുന്നു. എന്നാൽ ഹാൾ ടിക്കറ്റ് പരിശോധിച്ച ശേഷമല്ലേ കുട്ടിയെ പരീക്ഷ ഹാളിലേക്ക് കയറ്റുകയെന്നും പിതാവ് ചോദിക്കുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളജ് അധികൃതർ വിദ്യാർഥിനിയെ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണം ഉയർന്നതോടെയാണ് വനിതാ കമ്മിഷന്റെ ഇടപെടൽ.