Techno
ഷവോമിയുടെ ആദ്യ ലാപ്‌ടോപ് വ്യാഴാഴ്ച ഇന്ത്യൻ വിപണിയിൽ

ന്യൂഡൽഹി | ഷവോമിയുടെ ആദ്യലാപ്‌ടോപ് ഈ മാസം 11ന് ഇന്ത്യൻ വിപണിയിലെത്തും. വ്യാഴം ഉച്ചക്ക് 12ന് വെർച്വൽ ഇവന്റിലൂടെയായിരിക്കും തുടക്കം. പരിപാടി യുട്യൂബ്, ട്വിറ്റർ, ഫേസ്ബുക്ക്, കമ്പനി വെബ്‌സൈറ്റ് എന്നിവയിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. നിലവിൽ ലിങ്കുകൾ പങ്കു വെച്ചിട്ടില്ല. ചൈനയിൽ നിരവധി മോഡലുകൾ വിറ്റ് പരീക്ഷണം നടത്തിയ കമ്പനി ഇന്ത്യക്ക് പുറമെ ആഗോളതലത്തിലും ലാപ്‌ടോപ് വിഭാഗത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.
മി നോട്ട്ബുക്ക് സ്ലിം ബെസലുകൾ ഉയർന്ന സ്‌ക്രീൻ ടു ബോഡി അനുപാതം നൽകും. കൂടാതെ, 10ാം ജെനറേഷൻ ഇന്റൽ കോർ ഐ 7 പ്രോസസർ 12 മണിക്കൂർ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു. ഫുൾ എച്ച് ഡി സ്‌ക്രീനായിരിക്കുമെന്നും കമ്പനി പറയുന്നു. ഉയർന്ന നിലവാരമുള്ള ഫ്‌ളാഗ്ഷിപ്പ് ലെവൽ ലാപ്‌ടോപ്പായിരിക്കും ഷവോമി. അതിനാൽ, ഒരു ബജറ്റ് മോഡൽ പ്രതീക്ഷിക്കുന്നവർക്ക് ഇതൊരു മികച്ച തിരഞ്ഞെടുപ്പ് ആയിരിക്കും.
ഷവോമിയുടെ ഇന്ത്യൻ പ്രതിനിധിയായ മനു കുമാർ ജെയിൻ ഉൾപ്പെടെയുള്ളവർ ലോഞ്ചിംഗുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പങ്കിട്ടതിന് കമ്പനി നന്ദി അറിയിച്ചു. ഇതു കൂടാതെ, വാനില മി നോട്ട്ബുക്ക്, മി നോട്ട്ബുക്കിന്റെ ഹൊറൈസൺ പതിപ്പ് എന്നിവയും കമ്പനി പുറത്തിറക്കും. ഹൊറൈസൺ പതിപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ലെങ്കിലും 14 ഇഞ്ച് ഫുൾ എച്ച് ഡി ബെസെൽ ലെസ്സ് സ്‌ക്രീൻ, ഡി ടി എസ് ഓഡിയോ സപ്പോർട്ട്, എസ് എസ് ഡി സ്‌റ്റോറേജ് എന്നീ സവശേഷതകൾ ഉണ്ടാകും.