Connect with us

Covid19

കൊവിഡ്: ഇന്ത്യയില്‍ സ്‌ഫോടനാത്മക സ്ഥിതി ഇല്ല; പക്ഷേ കരുതിയിരിക്കണം: ലോകാരോഗ്യ സംഘടന

Published

|

Last Updated

യുഎന്‍ | കൊവിഡ് മഹാമാരി ഇന്ത്യയില്‍ നിലവില്‍ സ്‌ഫോടനാത്മക സാഹചര്യത്തില്‍ എത്തിയിട്ടില്ലെന്നും എന്നാല്‍ ലോക്ഡൗണ്‍ ഇളവുകള്‍ വരുന്ന സാഹചര്യത്തില്‍ ഏത് നിമിഷവും അതിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും ലോകാരോഗ്യ സംഘടന. ഇറ്റലി, സ്‌പെയിന്‍, ജെര്‍മനി, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ ദേശീയ ലോക്ഡൗണിന് ആഴ്ചകള്‍ക്ക് ഉള്ളില്‍ തന്നെ രോഗബാധിതരുടെ എണ്ണം ഉയര്‍ന്ന സ്ഥിതിയില്‍ എത്തിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ലോക്ഡൗണ്‍ ഏര്‍പെടുത്തി 90 ദിവസം പിന്നിടുമ്പോഴും ഈ സ്ഥിതിയിലേക്ക് എത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടനാ ആരോഗ്യ അടിയന്തരാവസ്ഥാ പ്രോഗ്രാം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മിഷേല്‍ റയാന്‍ പറഞ്ഞു.

ഇന്ത്യയില്‍ രോഗം ഇരട്ടിക്കുന്ന സമയം നിലവില്‍ മൂന്ന് ആഴ്ചയാണ്. രാജ്യത്ത് രോഗാവസ്ഥ സ്‌ഫോടനാത്മക സ്ഥിതി വിശേഷത്തില്‍ എത്തിയിട്ടില്ല. എന്നാല്‍ ഈ സാഹചര്യത്തിലേക്ക് എത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ഇതാണ് കാണിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ രോഗബാധ വിവിധ രീതിയിലാണെന്നും ഗ്രാമങ്ങളിലും നഗരങ്ങളിലും ഇത് വ്യത്യാസപ്പെട്ടുകിടക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയെ കൂടാതെ തിങ്ങിനിറഞ്ഞ ജനസംഖ്യയുള്ള ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ തുടങ്ങിയ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും സ്ഥിതി സ്‌ഫോടനാത്കമായിട്ടില്ല. ഇവിടങ്ങളിലും ഈ സ്ഥിതിയിലേക്ക് എത്തുവാനുള്ള സാധ്യത നില്‍നില്‍ക്കുന്നുണ്ടെന്നത് തള്ളിക്കളയാനാകില്ലെന്നും റയാന്‍ പറഞ്ഞു.