Connect with us

National

ഇന്ത്യ-ചൈന തര്‍ക്കം: സൈനിക, നയതന്ത്ര ഇടപെടലുകള്‍ തുടരുമെന്ന് കരസേന

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി സൈനിക, നയന്ത്രണ ഇടപെടലുകള്‍ തുടരുമെന്ന് ഇന്ത്യന്‍ കരസേന. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല സൈനിക ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനുടെയാണ് പ്രസ്താവന.

കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളും നടത്തിയ നയതന്ത്ര ചര്‍ച്ചകളില്‍ സമാധാനപരമായ ചര്‍ച്ചകളിലൂടെയും പരസ്പര ബഹുമാനത്തിലൂടെയും അഭിപ്രായ വ്യത്യാസങ്ങള്‍ കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചതായി സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി. 2018 ല്‍ ചൈനീസ് നഗരമായ വുഹാനില്‍ നടന്ന അനൗപചാരിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് സിന്‍ ജിന്‍പിങ്ങും എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി കാര്യങ്ങള്‍ നീക്കുവാനും നയതന്ത്ര ചര്‍ച്ചയില്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ഇന്നത്തെ സൈനികതല ചര്‍ച്ച സംബന്ധിച്ച വിശദാംശങ്ങള്‍ സൈന്യം വെളിപ്പെടുത്തിയില്ല.

ചര്‍ച്ചകള്‍ തുടരുന്ന ഘട്ടത്തില്‍ ഊഹാപോഹങ്ങളും തെളിവില്ലാത്ത വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്നും സൈന്യം വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെയും സൈനിക കേന്ദ്രങ്ങള്‍ തമ്മില്‍ 12 റൗണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതില്‍ വ്യക്തമായ ഫലം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ശനിയാഴ്ച ഉന്നതതല ചര്‍ച്ചക്ക് വഴിയൊരുക്കിയത്.

---- facebook comment plugin here -----

Latest