Connect with us

National

ഗുജറാത്ത് കോണ്‍ഗ്രസില്‍ നിന്ന് രണ്ട് എം എല്‍ എമാര്‍ കൂടി രാജിവെച്ചു; രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഇരുട്ടടിയാകും

Published

|

Last Updated

അഹമ്മദാബാദ് | ഈ മാസം 19ന് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഗുജറാത്തിലെ കോണ്‍ഗ്രസില്‍ നിന്ന് രണ്ട് എം എല്‍ എമാര്‍ കൂടി രാജിവെച്ചു. ഇതോടെ അടുത്തിടെ രാജിവെച്ച എം എല്‍ എമാരുടെ എണ്ണം ആറായി. നാല് രാജ്യസഭാ സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. ഒന്നിലധികം സീറ്റുകളില്‍ കോണ്‍ഗ്രസിന് ജയിക്കാനാകുമോയെന്നത് സംശയമാണ്.

182 അംഗ നിയമസഭയില്‍ 103 അംഗങ്ങളുള്ള ബി ജെ പിക്ക് രണ്ട് സ്ഥാനാര്‍ഥികളെ എളുപ്പത്തില്‍ ജയിപ്പിച്ചെടുക്കാനാകും. മൂന്ന് സ്ഥാനാര്‍ഥികളെയാണ് ബി ജെ പി മത്സരത്തിന് വെക്കുന്നത്. കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് ക്ലേശകരമാകും.

രാജ്യസഭാ സ്ഥാനാര്‍ഥിക്ക് ഗുജറാത്തില്‍ ജയിക്കാന്‍ 34 എം എല്‍ എമാരുടെ വോട്ട് വേണം. നിലവില്‍ 66 അംഗങ്ങളുള്ള കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമാണ് ഉറപ്പുള്ളത്. ജിതു ചൗധരി, അക്ഷയ് പട്ടേല്‍ എന്നിവരാണ് ഇന്ന് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച എം എല്‍ എമാര്‍. മാര്‍ച്ചില്‍ നാല് എം എല്‍ എമാര്‍ രാജിവെച്ചിരുന്നു.

മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ നര്‍ഹരി അമിന്‍, അഭയ് ഭരദ്വാജ്, റമിളബെന്‍ ബാര എന്നിവരാണ് ബി ജെ പി സ്ഥാനാര്‍ഥികള്‍. ശക്തിസിന്‍ഹ് ഗോഹില്‍, ഭരത്സിന്‍ഹ് സോളങ്കി എന്നിവരെയാണ് കോണ്‍ഗ്രസ് മത്സരത്തിന് വെച്ചത്.

Latest