Covid19
സര്‍ക്കാറിന്റെ പ്രവര്‍ത്തനം എല്ലാം കൈവിട്ടപോലെ: പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം | കൊവിഡിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാറിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം എല്ലാം കൈവിട്ടപോലെയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി. സംസ്ഥാനത്തെ നിലവിലെ ക്വാറന്റീന്‍ സൗകര്യങ്ങള്‍ അപര്യാപ്തമാണ്. പ്രവാസികളോട് കുറച്ചുകൂടി പരിഗണന കാണിക്കണമെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിദേശത്തുംമറ്റും കുടുങ്ങിയവര്‍ അവിടെ കിടക്കട്ടെ എന്ന നിലപാടാണ് സര്‍ക്കാറിനുള്ളത്. പ്രവാസികളെ മൊത്തമായി കൊണ്ടുവരണമെന്ന് പ്രതിപക്ഷം അന്തമായി പറയുന്നില്ല. എന്നാല്‍ അവരുടെ ആശങ്ക സര്‍ക്കാര്‍ കാണണം. കുറച്ചുകൂടി ജാഗ്രത സര്‍ക്കാര്‍ കാണിക്കണം. കേരളത്തിലെ നാട്ടുംപുറങ്ങളില്‍ വരെ ക്വാറന്റീന്‍ ഒരുക്കാനുള്ള സൗകര്യമുണ്ട്. പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും മറ്റും ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ കൊടുക്കണം. സൗകര്യങ്ങളൊരുക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങളേയും എം എല്‍ എമാരടക്കമുള്ള ജനപ്രതിനിധികളേയും പങ്കാളികളാക്കണം.
സംസ്ഥാനത്ത് സമൂഹ വ്യാപനം ഇല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇതിന് ഒരു തെളിവും ഇല്ല. ഉറവിടം അജ്ഞാതമായ കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പ്രതിപക്ഷത്തോടു കൂടി ആലോചിച്ച് ഈ വിഷയങ്ങള്‍ സര്‍ക്കാര്‍ കുറേക്കൂടി ജാഗ്രതയോടെ കൊണ്ടുപോകണം. എപ്പോഴെങ്കിലും ഒരു വീഡീയോ കോണ്‍ഫറന്‍സ് നടത്തിയതുകൊണ്ട് കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.