Connect with us

Covid19

ആദ്യ ചാര്‍ട്ടര്‍ വിമാനം ജിദ്ദയില്‍ നിന്ന് പുറപ്പെട്ടു; രാത്രി 11 ന് കരിപ്പൂരിലെത്തും

Published

|

Last Updated

ജിദ്ദ | കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ നിന്ന് പൊതുജനങ്ങള്‍ക്കായുള്ള ആദ്യ ചാര്‍ട്ടര്‍ വിമാനം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3.10 ന് ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്കു പറന്നു. സ്‌പൈസ് ജെറ്റിന്റെ ബോയിംഗ് 737 വിമാനത്തില്‍ 175 യാത്രക്കാരാണുള്ളത്. രാത്രി 11 ന് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും.
ഇന്ത്യയിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയുമായി സഹകരിച്ചാണ് സ്‌പൈസ് ജറ്റ് ആദ്യ വിമാനം സഊദിയില്‍ നിന്ന് ചാര്‍ട്ടര്‍ ചെയ്തത്. തിങ്കളാഴ്ച ഉച്ചക്കാണ് യാത്രക്കാര്‍ക്ക് ഉറപ്പ് ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് തന്നെ യാത്രക്കാര്‍ എയര്‍പോര്‍ട്ടിലെത്തിയിരുന്നു. നേരത്തെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരാണ് യാത്രക്കാരെല്ലാം. വിമാനം എത്താന്‍ വൈകിയതു കാരണം നിശ്ചയിച്ച സമയത്തിലും മൂന്നു മണിക്കൂര്‍ വൈകിയാണു പുറപ്പെട്ടത്.

135 പുരുഷന്മാരും 40 സ്ത്രീകളും 13 കുട്ടികളുമാണ് വിമാനത്തില്‍ യാത്രക്കാരായുള്ളത്. സ്ത്രീകളില്‍ 10 പേര്‍ ഗര്‍ഭിണികളാണ്. സഊദിയില്‍ നിന്ന് ഇനിയും കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് സ്‌പൈസ് ജെറ്റ് വെസ്റ്റേണ്‍ റീജ്യണല്‍ മാനേജര്‍ മുഹമ്മദ് സുഹൈലും ട്രാവല്‍ ഏജന്‍സി ജനറല്‍ മാനേജര്‍ മുഹമ്മദ് സഈദും അറിയിച്ചു. സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ മുഴുവന്‍ നിര്‍ദേശങ്ങളും പാലിച്ചു കൊണ്ടാണ് സര്‍വീസ് നടത്തുന്നതെന്നും ഇരുവരും വ്യക്തമാക്കി.

ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചു തുടങ്ങിയതോടെ വിവിധ ട്രാവല്‍ ഏജന്‍സികളുടെയും വിവിധ സംഘടനകളുടെയും കീഴില്‍ ഇനിയും സര്‍വീസുകള്‍ ഉണ്ടായേക്കുമെന്ന ശുഭപ്രതീക്ഷയിലാണ് പ്രവാസികള്‍. ഐ സി എഫ് അടക്കമുള്ള സംഘടനകള്‍ സഊദിയില്‍ നിന്നും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കായി ശ്രമിക്കുന്നുണ്ട്.

Latest