Connect with us

International

സൈന്യത്തെ ഇറക്കി പ്രക്ഷോഭം അടിച്ചമര്‍ത്തുമെന്ന് ട്രംപിന്റെ ഭീഷണി

Published

|

Last Updated

വാഷിംഗ്ടണ്‍ | വെള്ളക്കാരനായ പോലീസുകാരന്‍ കറുത്ത വംശജനെ തന്റെ മുട്ടുകാല്‍ ഉപയോഗിച്ച് ഞെരിച്ച് കൊന്ന സംഭവത്തില്‍ പ്രതിഷേധം അലയടിക്കുന്നതിനിടെ സൈനിക ശക്തി ഉപയോഗിക്കുമെന്ന ഭീഷണിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൈന്യത്തെ ഉപയോഗിച്ച് പ്രതിഷേധം അടിച്ചമര്‍ത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

നഗരങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും പ്രതിഷേധം നിയന്ത്രിക്കാനും ജനങ്ങളെ സംരക്ഷിക്കാനും സാധിച്ചിട്ടില്ലെങ്കില്‍ സൈന്യത്തെ വിന്യസിക്കുമെന്നും പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കുമെന്നും ട്രംപ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയുണ്ടായ പ്രതിഷേധത്തിനിടെ മിസ്സൂറിയിലെ സെന്റ് ലൂയിസില്‍ നാല് പോലീസുകാര്‍ക്ക് വെടിയേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

യു എസിലെ 75 നഗരങ്ങളിലാണ് പ്രതിഷേധം കൊടുമ്പിരികൊള്ളുന്നത്. നിരവധി പ്രധാന നഗരങ്ങള്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചിക്കാഗോയില്‍ പ്രതിഷേധത്തിനിടെ രണ്ട് പേര്‍ മരിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് എട്ട് മിനുട്ട് പ്രവര്‍ത്തിക്കില്ലെന്ന് സംഗീത ചാനലുകളും സെലിബ്രിറ്റികളും അറിയിച്ചു.

കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡിന്റെ കഴുത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കാല്‍മുട്ട് വെച്ച് ഞെരിച്ചത് എട്ട് മിനുട്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ശ്വാസം കിട്ടാതെ ഫ്‌ളോയ്ഡ് നിശ്ചലനായത്. മെയ് 25ന് മിനെപൊളിസിലാണ് 46കാരനായ ഫ്‌ളോയിഡിനെ പോലീസുകാരന്‍ ക്രൂരമായി കൊന്നത്. ശ്വാസം കിട്ടാതെ പിടയുന്ന വീഡിയോ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വ്യാപക പ്രതിഷേധമുയര്‍ന്നത്.

---- facebook comment plugin here -----

Latest