Connect with us

Kerala

പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് തേടി

Published

|

Last Updated

മലപ്പുറം |  വളാഞ്ചേരി ഇരിമ്പിളിയത്തെ ദളിത് കോളനിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ദേവിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രി. മലപ്പുറം ഡി ഡി ഇയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. “ഞാന്‍ പോകുന്നു” എന്ന് മാത്രമാണ് ഇതില്‍ എഴുതിയിരിക്കുന്നത്.

സംസ്ഥാനത്ത് സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്താണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതെന്നാണ് മതാപിതാക്കള്‍ പറഞ്ഞത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളെജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയിരിക്കുകയാണ്.

തിങ്കളാഴ്ച വൈകീട്ടാണ് വളാഞ്ചേരി മാങ്കേരി ദളിത് കോളനിയില്‍ വീടിന് സമീപത്തായി കത്തിക്കരിഞ്ഞ നിലയില്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. വിദ്യാര്‍ത്ഥിനി തീകൊളുത്തി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മറ്റ് സംശയാസ്പദമായ സാഹചര്യങ്ങള്‍ ഒന്നും ഇല്ലെന്നാണ് പോലീസ് പറയുന്നത്. വിശദമായ അന്വേഷണം നടക്കുന്നുണ്ട്.

സ്മാര്‍ട്ട്‌ഫോണും ടിവിയും ഇല്ലാതിരുന്നതിനാല്‍ മകള്‍ ദേവികക്ക് ഇന്നലെ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഇതിലുള്ള വിഷമം മകള്‍ പങ്കുവെച്ചിരുന്നെന്നും ഇതിന് പിന്നാലെയാണ് തീകൊളത്തി മരിച്ചതെന്നുമാണ് കുടുംബം ആരോപിച്ചത്.

ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ദേവിക പഠിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ഇരിമ്പിളിയം തിരുനിലം പുളിയാപ്പറ്റക്കുഴിയില്‍ കുളത്തിങ്ങല്‍ വീട്ടില്‍ ബാലകൃഷ്ണന്റെയും ഷീബയുടെയും മകളായ ദേവിക മരിച്ചത്.

Latest