Connect with us

Editorial

ഇന്ത്യാ- ചൈന സംഘര്‍ഷത്തിന് പരിഹാരം സൈനികമല്ല

Published

|

Last Updated

അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഒരിക്കല്‍ കൂടി സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയാണ്. ലോകമാകെ കൊവിഡ് മഹാമാരിയെ നേരിടാന്‍ നെട്ടോട്ടമോടുമ്പോള്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ ആളും അര്‍ഥവും ഒഴുക്കേണ്ടി വരുന്നതും സഹകരണത്തിന്റെ വൃത്തം ചുരുങ്ങുന്നതും അങ്ങേയറ്റം ദുഃഖകരമാണ്. പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനും സംയമനം പാലിക്കാനുമുള്ള പക്വത ഈ രണ്ട് ആണവ ശക്തികള്‍ക്കുമുണ്ട്. തീര്‍ച്ചയായും ഉത്തരവാദിത്വമുള്ള അയല്‍ക്കാരനായിരിക്കാന്‍ ഇന്ത്യക്ക് തന്നെയാണ് സാധിക്കുക. കഴിഞ്ഞ നാലാഴ്ചക്കിടയില്‍ അസാധാരണമായ കാര്യങ്ങളാണ് ഇന്ത്യ- ചൈന അതിര്‍ത്തിയിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍ എ സി) അരങ്ങേറുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ പരമ്പരാഗതമായ അഭിപ്രായ ഭിന്നതയുള്ള കിഴക്കന്‍ ലഡാക്കിലെ അഞ്ച് തന്ത്രപ്രധാന മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇത്തവണ സംഘര്‍ഷം നിലനില്‍ക്കുന്നത്. ഈ മാസം അഞ്ച്, ആറ് തീയതികളില്‍ പാന്‍ഗോംഗ് തടാകത്തിനു സമീപം ഇരു രാജ്യങ്ങളുടെയും സൈനികര്‍ മുഖാമുഖം വന്നതോടെയാണ് സംഘര്‍ഷത്തിനു തുടക്കമായതെന്നാണു റിപ്പോര്‍ട്ട്.

പട്രോളിംഗിനിടെ അതിര്‍ത്തി കടന്ന് ഇരു പക്ഷത്തെയും സൈനികര്‍ ഇടക്കിടക്ക് പ്രവേശിക്കാറുണ്ടെങ്കിലും പ്രശ്‌നം ഇത്ര ഗുരുതരമാകാറില്ല. പാന്‍ഗോംഗ് തടാകത്തിനു സമീപത്തെ പ്രശ്‌നത്തിനു ശേഷം തെക്ക് ഡെംചോക് മേഖലയിലും പാന്‍ഗോംഗ് തടാകത്തിന്റെ കിഴക്കന്‍ തീരത്ത് ഫിന്‍ഗേഴ്‌സ് മേഖലയിലും ചൈനീസ് സൈനികരുടെ കടന്നുകയറ്റമുണ്ടായി. ഗാല്‍വന്‍ നദീതടത്തിലും ഗോഗ്ര പോസ്റ്റിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറി. പടിഞ്ഞാറ് ദൗലത് ബേഗ് ഓള്‍ഡി മേഖലയിലും ചൈനീസ് നീക്കമുണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ദൗലത് ബേഗ് ഓള്‍ഡിയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ എയര്‍ ലാന്‍ഡിംഗ് ഗ്രൗണ്ട് ഉണ്ട്. അതിവേഗത്തില്‍ മേഖലയിലേക്ക് വെടിക്കോപ്പുകള്‍ എത്തിക്കാന്‍ ഈ എയര്‍സ്ട്രിപ് സഹായകരമാണ്. തെക്കുഭാഗത്തുള്ള ദുബ്രുക്കില്‍നിന്ന് ദൗലത് ബേഗ് ഓള്‍ഡിയിലേക്ക് ഇന്ത്യ റോഡ് നിര്‍മിച്ചതാണ് ചൈനയുടെ നീരസത്തിന്റെ പ്രധാന കാരണം. കഴിഞ്ഞ വര്‍ഷം നിര്‍മാണം പൂര്‍ത്തിയായ റോഡ്, മേഖലയിലെ ഇന്ത്യന്‍ നീക്കങ്ങള്‍ക്കു കരുത്തു പകരും. ഇവിടെ ചൈന നേരത്തേ തന്നെ റോഡ് നിര്‍മിച്ചതാണ്. അതിനോടുള്ള പ്രതികരണം മാത്രമാണ് ഇന്ത്യയുടെ നിര്‍മാണം.

ഇരു പക്ഷവും വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കമാന്‍ഡര്‍തലത്തില്‍ നടന്ന ചര്‍ച്ചയിലൊന്നും സംഘര്‍ഷത്തിന് അയവുവരാനുള്ള സാധ്യത തെളിഞ്ഞിട്ടില്ല. ഇതേ തുടര്‍ന്ന് ഇരുപക്ഷവും അതിര്‍ത്തിയില്‍ സൈനിക സാന്നിധ്യവും സന്നാഹവും ശക്തമാക്കിയിരിക്കുകയാണ്. സംയുക്ത സേനാ മേധാവി ജനറല്‍ വി കെ സിംഗുമായും മൂന്ന് സേനാ തലവന്‍മാരുമായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സംസാരിച്ചിരുന്നു. ചൈന അനാവശ്യ പ്രകോപനം സൃഷ്ടിക്കുകയാണെന്ന വിലയിരുത്തലാണ് ഈ കൂടിക്കാഴ്ചയില്‍ ഉണ്ടായത്. ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും പ്രതിരോധ മന്ത്രിയുമായുമുള്ള ചര്‍ച്ചക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവിട്ടതും അതിര്‍ത്തിയിലെ സന്നാഹം ശക്തമാക്കാന്‍ തന്നെയാണ്. അതിനിടക്ക് പതിവു പോലെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥ സന്നദ്ധതയുമായി ചാടി വീണു. ഇന്ത്യ ആ സന്നദ്ധത കൈയോടെ തള്ളുകയും ചെയ്തു. ഉഭയകക്ഷി ചര്‍ച്ചയാണ് പരിഹാരമെന്ന് യു എന്നും വ്യക്തമാക്കിയിരിക്കുന്നു.
മേഖലയിലാകെ ചൈന നേടിയെടുത്ത സ്വാധീനത്തിന്റെ ബലത്തിലാണ് പുതിയ പുറപ്പാടെന്ന് കാണേണ്ടിയിരിക്കുന്നു.

ഇക്കാലം വരെ ഇന്ത്യയുടെ സാമന്ത രാജ്യം പോലെ നിലകൊണ്ടിരുന്ന നേപ്പാള്‍ കൃത്യമായി ചൈനീസ് അനുകൂല സമീപനമാണ് ഇപ്പോള്‍ കൈക്കൊള്ളുന്നത്. ഇന്ത്യയില്‍ വേരുകളുള്ള മധേശി വിഭാഗത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നിയമനിര്‍മാണം നടത്താന്‍ നേപ്പാള്‍ മുതിര്‍ന്നതോടെയാണ് ഇന്ത്യയുമായുള്ള ബന്ധം വഷളായത്. അതിര്‍ത്തി അടച്ചാണ് ഇന്ത്യ അതിനോട് പ്രതികരിച്ചത്. നേപ്പാള്‍ വലഞ്ഞു. സാധാരണ ഗതിയില്‍ പേടിച്ച് വിറച്ച് ഇന്ത്യയുടെ കാല്‍ക്കീഴില്‍ വരേണ്ടതായിരുന്നു നേപ്പാള്‍. എന്നാല്‍ ചൈന സഹായിക്കാനെത്തി. അതോടെ നേപ്പാള്‍ നയം മാറ്റി. ഇന്ത്യന്‍ ഭാഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള പുതിയ ഭൂപടത്തിനും ദേശീയ ചിഹ്നത്തിനും വേണ്ടിയുള്ള ഭരണഘടനാ ഭേദഗതി ബില്‍ നേപ്പാള്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. മോദി സര്‍ക്കാര്‍ വന്ന ശേഷം മ്യാന്‍മറുമായുള്ള നല്ല ബന്ധവും ഉലഞ്ഞിരുന്നു. പാക്കിസ്ഥാന്‍ നേരത്തേ തന്നെ ചൈനയുടെ കൈയിലാണ്. ശ്രീലങ്കയില്‍ രജപക്‌സേ വന്ന ശേഷം ചൈനയുടെ മുന്‍കൈയിലാണ് കാര്യങ്ങളെല്ലാം നടക്കുന്നത്. മാല ദ്വീപിലും ചൈനക്ക് കോടികളുടെ നിക്ഷേപമുണ്ട്. ഈ സുഹൃത്തുക്കളെയെല്ലാം നഷ്ടപ്പെടുത്തിയതില്‍ ഇന്ത്യയുടെ നയതന്ത്ര വീഴ്ചയുണ്ടെന്ന കാര്യം വിസ്മരിക്കാനാകില്ല.

അതുകൊണ്ട് ചൈന നടത്തുന്ന കുതന്ത്രങ്ങളെ ഗൗരവപൂര്‍വം കാണുക തന്നെ വേണം. അതോടൊപ്പം ഏറ്റുമുട്ടല്‍ ഒഴിവാക്കാനുള്ള ശ്രമം നടക്കുകയും വേണം. ഇപ്പോള്‍ ചൈന നടത്തുന്നതും 2017ല്‍ ദോക്‌ലാമില്‍ നടത്തിയതുമായ കടന്നു കയറ്റങ്ങളെല്ലാം സാമ്പത്തിക ലക്ഷ്യങ്ങള്‍ കൂടി മുന്‍നിര്‍ത്തിയാണെന്ന് കാണാനാകും. 5ജി സേവനമടക്കം വില്‍ക്കുന്ന ചൈനീസ് ടെലികോം കമ്പനികളെ ഇന്ത്യയില്‍ കടന്നു കയറാന്‍ അനുവദിക്കില്ലെന്ന ഇന്ത്യന്‍ നിലപാടിന് പിറകേയാണ് ദോക്‌ലാമില്‍ ചൈന സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. ചൈനീസ് കമ്പനികള്‍ ഇവിടെ നിക്ഷേപം നടത്തുന്നതിന് ഈ കൊവിഡ് കാലത്ത് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതാണ് ഇപ്പോഴത്തെ സംഘര്‍ഷാവസ്ഥക്കും ഭീഷണിപ്പെടുത്തലിനും അടിസ്ഥാന കാരണം. അതുകൊണ്ട് അതിര്‍ത്തിയിലെ പ്രതിസന്ധിക്ക് സൈനികമായി മാത്രമല്ല പരിഹാരം കാണേണ്ടത്. അത് സാമ്പത്തികവും രാഷ്ട്രീയവുമായ നീക്കുപോക്കുകളിലൂടെയായിരിക്കണം. ഒപ്പം അന്താരാഷ്ട്ര വേദികളില്‍ ചൈനയെ തുറന്നു കാണിക്കാന്‍ സാധിക്കുകയും വേണം. അതിനേക്കാളെല്ലാം പ്രധാനമാണ്, മേഖലയില്‍ ഇന്ത്യയുടെ പേരും പെരുമയും നിലനിര്‍ത്താനുതകുന്ന നയതന്ത്ര നീക്കങ്ങള്‍.

---- facebook comment plugin here -----

Latest