Gulf
വീരേന്ദ്രകുമാര്‍ എം പിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

ദമാം/ജിദ്ദ | പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മാതൃഭൂമി മാനേജിംഗ് ഡയറക്ടറും എഴുത്തുകാരനും പ്രഭാഷകനും പാര്‍ലിമെന്റേറിയനുമായ എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറവും ദമാം മീഡിയ ഫോറവും അനുശോചിച്ചു. പത്രപ്രവര്‍ത്തന മേഖലയില്‍ ഏറ്റവും മുതിര്‍ന്ന ഒരാളെന്ന നിലയില്‍ അദ്ദേഹത്തിന്റെ വേര്‍പാട് മാധ്യമ ലോകത്തിന് നികത്താനാവാത്ത വിടവാണെന്ന് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസ്താവനയില്‍ പറഞ്ഞു.
മാധ്യമ പ്രവര്‍ത്തനത്തോടൊപ്പം പുസ്തക രചനയിലും പ്രസാധന മേഖലയിലും രാഷ്ട്രീയത്തിലും അതികായകനായിരുന്നു അദ്ദേഹം. പൗരാവകാശ പ്രശ്നങ്ങളില്‍ ശക്തമായി ഇടപെടുകയും മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തുകയുമെല്ലാം ചെയ്ത വീരേന്ദ്രകുമാറിന്റെ നിര്യാണം കേരളത്തിനു മാത്രമല്ല, ഇന്ത്യക്കു തന്നെ തീരാനഷ്ടമാണെന്നും ഫോറം ഭാരവാഹികള്‍ പറഞ്ഞു.
ഏത് കളത്തിലായാലും അവിടെ തലയെടുപ്പോടെ ഉണ്ടായിരുന്ന പ്രതിഭാശാലിയായ ഒരു നേതാവിനെയാണ് സാംസ്‌ക്കാരിക കേരളത്തിന് നഷ്ട്ടപ്പെട്ടിരിക്കുന്നതെന്ന് ദമാം മീഡിയ ഫോറം അനുശോചന സന്ദേശത്തില്‍ അറിയിച്ചു. മത നിരപേക്ഷയുടെ ശബ്ദമായിരുന്നു വീരേന്ദ്രകുമാര്‍.
മണ്ണിനും മനസ്സിനും പ്രകൃതിക്കും വേണ്ടി എന്നും അദ്ദേഹം പടവെട്ടി.വര്‍ഗീയതക്കും സ്വേച്ഛാധിപത്യത്തിനും എതിരെ നിതാന്തം ജാഗ്രത്തായി. ബഹുമുഖ തിരക്കുകള്‍ക്കിടയിലും സര്‍ഗചേതന സജീവമാക്കിയ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് കനപ്പെട്ട രചനകള്‍ പിറന്നു. എഴുത്തുകാര്‍ക്കും ചരിത്ര,രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പഠിക്കാവുന്ന, വിലമതിക്കാനാവാത്ത സൃഷ്ടികളായിരുന്നു എല്ലാം.
വീരേന്ദ്രകുമാര്‍ കൊളുത്തിവെച്ച അക്ഷരങ്ങളും ജ്വലിപ്പിച്ച ചിന്തകളും മതേതര ഇന്ത്യക്ക് വെളിച്ചവും വഴികാട്ടിയുമാവുമെന്നും ഫോറം പ്രസിഡനന്റ് ചെറിയാന്‍ കിടങ്ങന്നൂര്‍, ജനറല്‍ സെക്രട്ടറി അഷറഫ് ആളത്ത്, ട്രഷറര്‍ നൗഷാദ് ഇരിക്കൂര്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.