Editorial
ക്വാറന്റൈന്‍ ചെലവ് പ്രവാസികളില്‍ നിന്ന് ഈടാക്കരുത്

വിദേശ രാഷ്ട്രങ്ങളില്‍ നിന്ന് തിരിച്ചു വരുന്ന കേരളീയരെല്ലാം ക്വാറന്റൈന്‍ ചെലവ് സ്വയം വഹിക്കണമെന്ന നിലപാടില്‍ അയവ് വരുത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ചെലവ് സ്വയം വഹിക്കാന്‍ സാധിക്കുന്നവരില്‍ നിന്ന് മാത്രമേ അത് ഈടാക്കുകയുള്ളൂവെന്നും പാവപ്പെട്ട പ്രവാസികളുടെ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കുമെന്നും മുഖ്യമന്ത്രി ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയുണ്ടായി. പ്രവാസികളെ നാട്ടിലേക്കു തിരിച്ചെത്തിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വന്ദേ ഭാരത് മിഷന്‍ പ്രഖ്യാപിച്ചച്ചോള്‍, നാട്ടിലേക്ക് മടങ്ങുന്ന ഓരോ പ്രവാസിയും ക്വാറന്റൈന്‍ ചെലവ് സ്വയം വഹിക്കാന്‍ തയ്യാറാണെന്ന് സത്യവാങ്മൂലം നല്‍കണമെന്ന് നിബന്ധന വെച്ചിരുന്നു. ഇതനുസരിച്ച് ഇതര സംസ്ഥാനങ്ങളെല്ലാം ക്വാറന്റൈന്‍ ഫീസ് പ്രവാസികളില്‍ നിന്ന് ഈടാക്കിയപ്പോള്‍ മലയാളി പ്രവാസികള്‍ക്ക് കേരള സര്‍ക്കാര്‍ സൗജന്യമായി നല്‍കുകയായിരുന്നു ഇതുവരെയും. വന്ദേ ഭാരത് മിഷന്റെ ആദ്യ രണ്ട് ഘട്ടങ്ങളില്‍ തിരിച്ചെത്തിയ കേരളീയരെല്ലാം സര്‍ക്കാര്‍ ചെലവിലാണ് ക്വാറന്റൈനിലിരുന്നത്. രണ്ട് ദിവസം മുമ്പാണ് സര്‍ക്കാര്‍ നിലപാട് തിരുത്തി, ഇനി മുതല്‍ ക്വാറന്റൈന്‍ ചെലവ് പ്രവാസികള്‍ സ്വയം വഹിക്കണമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചത്. ഇത് ഭരണപക്ഷാനുകൂല സംഘടനകളില്‍ നിന്നുള്‍പ്പെടെ വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് പാവപ്പെട്ടവരില്‍ നിന്ന് ഈടാക്കില്ലെന്ന വിശദീകരണം വന്നത്.
ഈ നയംമാറ്റം സ്വാഗതാര്‍ഹമാണെങ്കിലും സര്‍ക്കാറിന്റെ പുതിയ വിശദീകരണത്തിലും ചില അവ്യക്തതകളുണ്ട്. എന്തായിരിക്കും പ്രവാസികളിലെ പാവപ്പെട്ടവരെയും അല്ലാത്തവരെയും വേര്‍തിരിക്കാനുള്ള മാനദണ്ഡം? ഓരോരുത്തരുടെയും അവസ്ഥ മനസ്സിലാക്കി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക അതീവ ശ്രമകരമാണ്. ഗള്‍ഫ് നാടുകളില്‍ നിന്ന് ഇപ്പോള്‍ മടങ്ങിവരുന്നവരില്‍ സാമ്പത്തിക ശേഷിയുള്ളവര്‍ വിരളം. ജോലി നഷ്ടമായവര്‍, മാസങ്ങളായി ഒരു വരുമാനവുമില്ലാതെ പ്രയാസപ്പെടുന്നവര്‍, വിസിറ്റിംഗ് വിസയില്‍ പോയി ജോലി ലഭിക്കാത്തവര്‍, അസുഖബാധിതര്‍, പ്രായാധിക്യമുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങളാണ് ഇപ്പോള്‍ മടങ്ങി വരുന്നവരില്‍ ഏറെയും. ഭക്ഷണത്തിനു പോലും വകയില്ലാതെ കഷ്ടപ്പെട്ടിരുന്ന ഇവരില്‍ നല്ലൊരു പങ്കും നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്കിന്റെയും ഐ സി എഫ്, കെ എം സി സി തുടങ്ങിയ പ്രവാസി സംഘടനകളുടെയും കാരുണ്യത്തിലാണ് പിടിച്ചു നില്‍ക്കുന്നത്. മിക്കവരും വിമാന ടിക്കറ്റിനുള്ള പണം കണ്ടെത്തിയതും സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ്. ക്വാറന്റൈന്‍ ചെലവ് സ്വയം വഹിക്കണമെങ്കില്‍ ഇവര്‍ക്ക് കടം വാങ്ങുകയോ ബന്ധുക്കളുടെ സഹായം തേടുകയോ വേണ്ടി വരും. ഫലത്തില്‍ പ്രവാസികളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നതാണ് സര്‍ക്കാറിന്റെ പുതിയ നിലപാട്.
കൊവിഡ് പ്രതിസന്ധി പ്രവാസ ലോകത്ത് ഏതെങ്കിലുമൊരു വിഭാഗം മാത്രമല്ല അനുഭവിക്കുന്നത്. ഇത് പ്രവാസികളുടെ പൊതു പ്രശ്‌നമാണെന്നിരിക്കെ അവരെ പാവപ്പെട്ടവരെന്നും അല്ലാത്തവരെന്നും രണ്ട് വിഭാഗമാക്കി വേര്‍തിരിക്കാതെ എല്ലാവരുടെയും ക്വാറന്റൈന്‍ ഉത്തരവാദിത്വം സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കുകയാണ് വേണ്ടത്. സംസ്ഥാനത്ത് ലോക്ക്ഡൗണിനെ തുടര്‍ന്ന് വ്യാപാരസ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വന്നപ്പോള്‍ സര്‍ക്കാര്‍ സൗജന്യമായി പലവ്യഞ്ജന കിറ്റുകള്‍ നല്‍കിയത് പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ കൂലിപ്പണിക്കാരനെന്നോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്നോ വേര്‍തിരിവില്ലാതെയാണ്. ഇത് ദേശവ്യാപകമായി പ്രശംസിക്കപ്പെടുകയും ചെയ്തു. ഈയൊരു മാതൃക പ്രവാസികളുടെ ക്വാറന്റൈന്‍ പ്രശ്‌നത്തിലും സ്വീകരിക്കേണ്ടതല്ലേ? സാമൂഹിക സുരക്ഷയുടെ ഭാഗമാണ് ക്വാറന്റൈന്‍ പ്രവേശനമെന്നതിനാല്‍ ഇത് സംസ്ഥാനത്തിന്റെയും കേരളീയ സമൂഹത്തിന്റെയും പൊതുപ്രശ്‌നമാണെന്ന കാര്യവും ബന്ധപ്പെട്ടവര്‍ കാണാതെ പോകരുത്. ഈ വിഷയത്തില്‍ പ്രവാസിയെന്നും അല്ലാത്തവരെന്നുമുള്ള വേര്‍തിരിവ് സാമൂഹിക നീതിക്ക് നിരക്കുന്നതല്ല. സമ്പന്നരായ പ്രവാസികളില്‍ ആരെങ്കിലും ക്വാറന്റൈന്‍ ചെലവ് സ്വന്തമായി വഹിക്കാന്‍ സ്വയം മുന്നോട്ട് വന്നാല്‍ അത് സ്വീകരിക്കുന്നതിലുപരി ആരില്‍ നിന്നും നിര്‍ബന്ധിതമായി വാങ്ങാതിരിക്കുന്നതാണ് ഉചിതം.
സര്‍ക്കാര്‍ അനുഭവിക്കുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയായിരിക്കണം പ്രവാസികളില്‍ നിന്ന് ക്വാറന്റൈന്‍ ചെലവ് ഈടാക്കാനുള്ള തീരുമാനത്തിനു പിന്നില്‍. കൊറോണ വ്യാപനത്തെ തുടര്‍ന്ന് നികുതി അടക്കമുള്ള വരുമാനങ്ങളെല്ലാം കുത്തനെ ഇടിഞ്ഞു. കൊവിഡുമായി ബന്ധപ്പെട്ട സൗജന്യ ടെസ്റ്റ്, ചികിത്സ, സൗജന്യ റേഷന്‍, കിറ്റ് വിതരണം, സഹായധനം തുടങ്ങി ചെലവ് വന്‍തോതില്‍ ഉയരുകയും ചെയ്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗത്തിന്റെയും ചില പ്രതിപക്ഷ പാര്‍ട്ടികളുടെയും നിസ്സഹകരണം കാരണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദ്ദേശിച്ചത്ര പണം എത്തിയതുമില്ല.
മഹാമാരിയെ പ്രതിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന ധനസഹായത്തില്‍ കേരളത്തോടുള്ള കേന്ദ്ര നിലപാട് തീര്‍ത്തും വിവേചനപരവുമാണ്. ഇതൊക്കെയാണെങ്കിലും പ്രവാസി സമൂഹം സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ വഹിച്ച പങ്ക് വിസ്മരിക്കാവതല്ല. കേരളത്തിന്റെ വളര്‍ച്ചയുടെ നട്ടെല്ലെന്നാണ് മുഖ്യമന്ത്രി പ്രവാസികളെ വിശേഷിപ്പിക്കാറുള്ളത്. മഹാപ്രളയമുള്‍പ്പെടെ കേരളം കടുത്ത പ്രതിസന്ധികളെ അഭിമുഖീകരിച്ചപ്പോഴെല്ലാം പ്രവാസികളുടെ നിര്‍ലോഭമായ സഹകരണം സംസ്ഥാനത്തിനു വലിയ താങ്ങായിരുന്നു. ഇപ്പോള്‍ പ്രവാസികള്‍ ഒരു പ്രതിസന്ധിയെ അഭിമുഖീകരിച്ചപ്പോള്‍ അവരുടെ സംരക്ഷണ ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാറിനും കേരള സമൂഹത്തിനും ഒഴിഞ്ഞുമാറാനാകുമോ?
പ്രവാസികളുടെ ക്വാറന്റൈന്‍ താമസത്തിന് കേരളത്തിലെ മതവിദ്യാഭ്യാസ സ്ഥാപനാധികാരികളും സംഘടനകളും സന്നദ്ധ സംഘടനകളും സഹകരണം വാഗ്ദാനം ചെയ്യുകയും അവരുടെ സ്ഥാപനങ്ങള്‍ വിട്ടുനല്‍കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നാട്ടിലെത്തുന്നവരുടെ ക്വാറന്റൈന്‍ ചെലവ് ഏറ്റെടുക്കാന്‍ ചില പ്രവാസി സംഘടനകള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇവരെയെല്ലാം സഹകരിപ്പിച്ചാല്‍ ഈയിനത്തില്‍ സര്‍ക്കാറിന്റെ ബാധ്യത ലഘൂകരിക്കാനാകും. കേരള മുസ്‌ലിം ജമാഅത്ത് അധ്യക്ഷന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കയച്ച കത്തില്‍ ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയതാണ്.