Connect with us

Ongoing News

എം പി വീരേന്ദ്രകുമാർ അന്തരിച്ചു

Published

|

Last Updated


കോഴിക്കോട് |
മുൻ കേന്ദ്ര മന്ത്രിയും നിലവിലെ രാജ്യസഭാംഗവും സാഹിത്യകാരനുമായ എം പി വീരേന്ദ്രകുമാർ (83) അന്തരിച്ചു. മാതൃഭൂമി ദിനപത്രത്തിന്റെ എം ഡിയാണ്. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലോക്‌താന്ത്രിക് ജനതാദൾ സംസ്ഥാന അധ്യക്ഷനായ വീരേന്ദ്രകുമാർ നിരവധി മേഖലയിൽ തന്റെ ശ്രദ്ധേയമായ സാന്നിധ്യം വഹിച്ചിരുന്നു.

സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന എം കെ പത്മപ്രഭാഗൗഡറുടേയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലൈ 22ന് കൽപ്പറ്റയിലാണ് ജനനം. മദിരാശി വിവേകാനന്ദ കോളജിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽ നിന്ന് എം ബി എ ബിരുദവും കരസ്ഥമാക്കി.
1987ൽ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. 48 മണിക്കൂറിനുള്ളിൽ തന്നെ മന്ത്രിസ്ഥാനം രാജിവെച്ചു. കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽ വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥാ കാലയളവിൽ ഒളിവിൽ പോയെങ്കിലും പിടിയിലായി ജയിൽവാസമനുഭവിച്ചു.

ഹൈമവതഭൂവിൽ, ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം തുടങ്ങിയ ഡസൻകണക്കിന് പുസ്തകങ്ങൾ എഴുതി. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകളടക്കം നിരവധി പുരസ്‌കാരങ്ങൾക്ക് അർഹനായി. രാജ്യത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്തുയർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച നേതാവായിരുന്നു. എൽ ഡി എഫ് രൂപവത്കരിച്ച കാലത്ത് ആദ്യ കൺവീനറായിരുന്നു. നിരവധി പരിസ്ഥിതി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. സംസ്കാരം വെള്ളിയാഴ്ച വയനാട് കൽപറ്റയിൽ നടക്കും. മുൻ എം എൽ എ. എം വി ശ്രേയാംസ് കുമാർ മകനാണ്.

---- facebook comment plugin here -----

Latest