International
കറുത്തവര്‍ഗക്കാരന്റെ ക്രൂര മരണം: അമേരിക്കയില്‍ പ്രതിഷേധം ശക്തം

മിന്നിപോളിസ് | കസ്റ്റഡിയിലെടുത്ത കറുത്തവര്‍ഗക്കാരനെ നിലത്തുകിടത്തി പിരടിയില്‍ തന്റെ കാല്‍മുട്ട് കൊണ്ട് വെളുത്ത വര്‍ഗക്കാരനായ പോലീസ് ഉദ്യോഗസ്ഥന്‍ ഞെരിച്ചുകൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് അമേരിക്കയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും വ്യാപക പ്രതിഷേധം. പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. മിന്നസോട്ട പ്രവിശ്യയിലെ മിന്നെപോളിസിലാണ് സംഭവം.
പ്രതിഷേധത്തിനിടെ, കൊള്ളയും കൊള്ളിവെപ്പുമുണ്ടായി. മാസ്‌ക് ധരിച്ച് നൂറുകണക്കിന് പ്രതിഷേധക്കാരാണ് ബുധനാഴ്ച രാത്രിയും തെരുവിലിറങ്ങിയത്. തേഡ് പ്രിസിന്‍ക്ട് പോലീസ് സ്‌റ്റേഷന്‍ വളപ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രതിഷേധം. “നീതിയില്ല, സമാധാനമില്ല, എനിക്ക് ശ്വാസംമുട്ടുന്നു” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിഷേധക്കാര്‍ രംഗത്തിറങ്ങിയത്. കണ്ണീര്‍വാതകവും പ്ലാസ്റ്റിക് ബുള്ളറ്റുകളും ഗ്രനേഡും ഉപയോഗിച്ച് പ്രതിഷേധിക്കാരെ പിരിച്ചുവിടാന്‍ പോലീസ് ശ്രമിച്ചു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ കല്ലേറ് നടത്തി.
നാല്‍പ്പത്തിയാറുകാരനായ ജോര്‍ജ് ഫ്‌ളോയ്ഡ് ആണ് മരിച്ചത്. കസ്റ്റഡിയിലെടുത്ത ജോര്‍ജ് ഫ്‌ളോയിഡിനെ തെരുവില്‍ കിടത്തി മിനുട്ടുകളോളം പോലീസുകാരന്‍ തന്റെ കാല്‍മുട്ട് കൊണ്ട് കഴുത്തില്‍ അമര്‍ത്തി. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ പ്രചരിച്ചു. തനിക്ക് ശ്വാസം മുട്ടുന്നുവെന്ന് ജോര്‍ജ് വിളിച്ചുപറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. അടങ്ങൂ എന്നായിരുന്നു ഇതിനോട് പോലീസുകാരന്‍ പ്രതികരിച്ചത്. തുടര്‍ന്ന് മിനുട്ടുകളോളം പോലീസുകാരന്‍ കാല്‍മുട്ട് ജോര്‍ജിന്റെ കഴുത്തില്‍ വെച്ചു. ശ്വാസം കിട്ടാതെ ചുമക്കുന്നതും പിടയുന്നതും വെള്ളത്തിനായി യാചിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. മിനുട്ടുകള്‍ക്കുള്ളില്‍ ജോര്‍ജ് ചലനമറ്റു.
സംഭവത്തിന് സാക്ഷികളായവരും കാല്‍മുട്ട് ഒഴിവാക്കാന്‍ പോലീസുകാരനോട് വിളിച്ചുപറയുന്നുണ്ട്. മുട്ടുകാല്‍ വെച്ച ഉദ്യോഗസ്ഥനടക്കം നാല് പേരെ പിരിച്ചുവിട്ടിട്ടുണ്ട്.