Covid19
സന്നദ്ധ സേനാ വളണ്ടിയര്‍മാര്‍ക്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുന്നത് പരിഗണനയില്‍: മുഖ്യമന്ത്രി

തിരുവനന്തപുരം | സന്നദ്ധ സേനാ വളണ്ടിയര്‍മാര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍പ്പണ ബോധത്തോടെ കഠിനാധ്വാനം ചെയ്യുന്നവരാണ് സന്നദ്ധ സേനാ വളണ്ടിയര്‍മാര്‍. അവരെ അഭിവാദ്യം ചെയ്യുന്നതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രാദേശിക തലത്തില്‍ പോലീസിനൊപ്പം പട്രോളിംഗിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും വളണ്ടിയര്‍മാര്‍ പങ്കാളിത്തം വഹിക്കുന്നുണ്ട്. അവശ്യ മരുന്നു വിതരണം, വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പവും വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നു. വയോജനങ്ങള്‍ക്ക് സഹായമേകുന്ന വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ടും ഇവര്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
സന്നദ്ധ സേനയില്‍ ഇതിനകം 3,37,000 പേര്‍ രജിസ്റ്റര്‍ ചെയ്തതായും കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ക്ക് വേണ്ട പരിശീലനം ഓണ്‍ലൈനായി നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ ജൂണ്‍ 15 ന് മുമ്പ് 20,000 പേര്‍ക്കും ജൂലൈയില്‍ 80,000 പേര്‍ക്കും ആഗസ്റ്റില്‍ ഒരു ലക്ഷം പേര്‍ക്കുമാണ് പരിശീലനം നല്‍കുക. മഴക്കാലത്തെ കെടുതികള്‍ നേരിടുന്നതിനും വളണ്ടിയര്‍മാരുടെ സേവനം ഉപയോഗിക്കുമെന്നും ഞായറാഴ്ച ശുചീകരണ ദിനത്തില്‍ സന്നദ്ധ സേനയും രംഗത്തുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.