Covid19
24 മണിക്കൂറിനിടെ രാജ്യത്ത് ആദ്യമായി 170 കൊവിഡ് മരണം

ന്യൂഡല്‍ഹി | ഇന്ത്യയില്‍ കൊവിഡ് മാഹാമാരിയുടെ പിടിയിലകപ്പെടുന്നവരുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടു. 1,51,767 പേരാണ് വൈറസ് മൂലം രോഗികളായത്. ഇതില്‍ 83,004 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 24 മണിക്കൂറിനിടെ മാത്രം 6387 പുതിയ രോഗികളും 170 മരണവുമാണ് രാജ്യത്തുണ്ടായത്. ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 4337 ആയി. മഹാരാഷ്ട്രയിലും ഗുജറാത്തിലുമെല്ലാം രോഗികളുടെ എണ്ണവും മരണവും വലിയ തോതില്‍ കുതിക്കുകയാണ്.
നാലാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമിരിക്കെ രാജ്യം വലിയ അപകടാവസ്ഥയിലാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ പത്താം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. യുഎസ്, ബ്രസീല്‍, റഷ്യ, സ്പെയിന്‍, യു കെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 97 മരണവും 2091 പുതിയ കേസുകളുമാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗികളുടെ എണ്ണം 54758ഉം മരിച്ചവരുടെ എണ്ണം 1792മായി. തമിഴ്‌നാട്ടില്‍ 17728 രോഗികളും 127 മരണവുമാണുണ്ടായത്. ഇന്നലെ മാത്രം സംസ്ഥാനത്ത് 646 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണനിരക്കുള്ള ഗുജറാത്തില്‍ 915 പേര്‍ക്കാണ് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടത്. ഇന്നലെ മാത്രം 27 മരണവും 361 പുതിയ കേസുകളുമുണ്ടായി. ഡല്‍ഹിയില്‍ 288, രാജസ്ഥാനില്‍ 170, മധ്യപ്രദേശില്‍ 305, ഉത്തര്‍പ്രദേശില്‍ 170, ബംഗാളില്‍ 283 മരണങ്ങളുമാണ് റിപ്പോര്‍ട്ടുണ്ടായത്.