Editorial
കൊറോണയും ഉത്തരേന്ത്യന്‍ ആശുപത്രികളും

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഭീതിദമാംവിധം വര്‍ധിക്കുകയാണ്. തുടര്‍ച്ചയായ നാല് ദിവസമായി പ്രതിദിനം 6,000ത്തിലധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഞായറാഴ്ച രാത്രി വരെയുള്ള കണക്കനുസരിച്ച് രോഗബാധിതരുടെ എണ്ണം 1,38,845 ആയി. മരണസംഖ്യ 4,000 കടക്കുകയും ചെയ്തു. കൊവിഡ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാഷ്ട്രങ്ങളില്‍ പത്താം സ്ഥാനത്തെത്തി ഇപ്പോള്‍ ഇന്ത്യ. രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയാണ് രാജ്യം നേരിട്ടു കൊണ്ടിരിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയിലാണ് സ്ഥിതി കൂടുതല്‍ ഗുരുതരം. ഇവിടെ രോഗബാധിതരുടെ എണ്ണം 50,321ലെത്തി. ഞായറാഴ്ച മാത്രം 3,041 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് മെയ് 31ന് ശേഷവും ലോക്ക്ഡൗണ്‍ നീട്ടാനുള്ള തീരുമാനത്തിലാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍. തമിഴ്‌നാടും ഗുജറാത്തുമാണ് രോഗം അനിയന്ത്രിതമായി പെരുകുന്ന മറ്റു രണ്ട് സംസ്ഥാനങ്ങള്‍. തമിഴ്‌നാട്ടില്‍ 16,227 പേര്‍ക്കും ഗുജറാത്തില്‍ 14,000ത്തിലേറെ പേര്‍ക്കും രോഗം ബാധിച്ചു. ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്.
ഇന്ത്യയിലെ രോഗവ്യാപനത്തിന് തീവ്രത കൂടാന്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ആശുപത്രികളുടെ അപര്യാപ്തതയും ശോച്യാവസ്ഥയുമാണ് അതില്‍ പ്രധാനം. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് ആന്‍ഡ് പബ്ലിക് ഗ്രീവന്‍സ് ഒരു മാസം മുമ്പ് പ്രസിദ്ധപ്പെടുത്തിയ പഠന റിപ്പോര്‍ട്ടില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആശുപത്രികളുടെ നിലവാരക്കുറവ് വെളിപ്പെടുത്തുന്നുണ്ട്. കൊവിഡ് പ്രതിരോധത്തിലും ചികിത്സയിലും പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും ബഹുദൂരം പിന്നിലാണെന്നും രോഗപ്രതിരോധത്തില്‍ ഭരണകൂടത്തിന്റെ അയഞ്ഞ നിലപാടില്‍ ഉദ്യോഗസ്ഥര്‍ നിരാശയിലാണെന്നും 400 യുവ കലക്ടര്‍മാരടക്കം എഴുനൂറോളം സിവില്‍ സര്‍വീസുകാരെ ഉള്‍പ്പെടുത്തി നടത്തിയ പഠനം കാണിക്കുന്നു. രോഗപ്രതിരോധത്തിന് പല സംസ്ഥാനങ്ങളിലെയും ആശുപത്രികള്‍ പ്രാപ്തമല്ലെന്ന അഭിപ്രായക്കാരാണ് 60 ശതമാനത്തിലേറെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാവശ്യമായ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ കൃത്യമായി ലഭിക്കുന്നില്ലെന്നും ഐസൊലേറ്റര്‍ കിടക്കകള്‍ ആവശ്യത്തിനില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
2015 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളിലെ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങളെ ആധാരമാക്കി നിതി ആയോഗ് തയ്യാറാക്കിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും വളരെ പിന്നിലാണെന്നത് ശ്രദ്ധേയമാണ്. ഈ ഗണത്തില്‍ 28.06 പോയിന്റ് മാത്രം ലഭിച്ച ഉത്തര്‍പ്രദേശാണ് ഏറ്റവും മോശമെന്ന് നിതി ആയോഗ് പറയുന്നു. യു പി ആശുപത്രികളുടെ ദയനീയാവസ്ഥ മൂന്ന് വര്‍ഷം മുമ്പ് ഖോരക്പൂര്‍ ആശുപത്രിയില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടികള്‍ കൂട്ടത്തോടെ മരണപ്പെട്ടപ്പോള്‍ മാധ്യമങ്ങള്‍ തുറന്നു കാട്ടിയതാണ്. കഴിഞ്ഞ 35 വര്‍ഷത്തിനിടെ 25,000 കുഞ്ഞുങ്ങളാണ് ഈ ആശുപത്രിയില്‍ മരണപ്പെട്ടത്. കൊവിഡ് കാലത്തും മോശം അവസ്ഥയാണ് ഉത്തര്‍പ്രദേശിലെ ആശുപത്രികളില്‍. സംസ്ഥാനത്തെ ആശുപത്രികളിലെ ശുചിത്വമില്ലായ്മ പലപ്പോഴും മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. യു പിയിലെ ഗോണ്ട ജില്ലാ ആശുപത്രി വാര്‍ഡുകളില്‍ തെരുവുപട്ടികള്‍ വിളയാട്ടം നടത്തുന്ന വീഡിയോ രണ്ട് മാസം മുമ്പ് സ്വാമി സന്ദീപാനന്ദഗിരി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് വൈറലായിരുന്നു. ആശുപത്രിയുടെ രണ്ടാം നിലയിലെ വാര്‍ഡുകളില്‍ ഓരോ ബെഡിനു സമീപത്തു കൂടെയും പട്ടികള്‍ ഓടിക്കളിക്കുന്ന രംഗം ആശുപത്രിയില്‍ സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരു സാമൂഹിക പ്രവര്‍ത്തകന്‍ പകര്‍ത്തിയത്. യു പി ഫാറൂഖാബാദിലെ ആശുപത്രിയില്‍ തെരുവുപട്ടികള്‍ ഒരു നവജാത ശിശുവിനെ കടിച്ചുകീറിയത് നാല് മാസം മുമ്പായിരുന്നു. മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെ തുടര്‍ന്ന് പ്രസ്തുത ആശുപത്രി അടച്ചു പൂട്ടി.
ഗുജറാത്തിലും സ്ഥിതി ഭിന്നമല്ല. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ മോശം അവസ്ഥക്കെതിരെ ശനിയാഴ്ച അലഹാബാദ് ഹൈക്കോടതി ശക്തമായി പ്രതികരിക്കുകയുണ്ടായി. രോഗികളെ ചികിത്സിക്കാനുള്ളതാണ് ആശുപത്രികളെങ്കിലും ഗുജറാത്തിലെ ആശുപത്രികള്‍ തടവറയേക്കാള്‍ മോശമാണ്. ഇത് സങ്കടകരവും വേദനാജനകവുമാണെന്നും ഒരു പൊതുതാത്പര്യ ഹരജി പരിഗണിക്കവെ കോടതി അഭിപ്രായപ്പെട്ടു. ദരിദ്രരും നിസ്സഹായരുമായ രോഗികള്‍ മറ്റു മാര്‍ഗമില്ലാത്തത് കൊണ്ടാണ് സംസ്ഥാനത്തെ ആശുപത്രികളെ സമീപിക്കുന്നത്. ഗുജറാത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ കൊവിഡ് മരണങ്ങള്‍ തങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആരോഗ്യമന്ത്രിക്ക് എന്തെങ്കിലും ധാരണയുണ്ടോ എന്നും കോടതി ചോദിച്ചു. ഗുജറാത്ത് ആരോഗ്യമന്ത്രി നിതിന്‍ഭായ് രതിലാല്‍ പട്ടേലില്‍ നിന്ന് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഉത്തരേന്ത്യന്‍ ആശുപത്രികള്‍ കൊറോണ പരിശോധനക്ക് പ്രോട്ടോകോള്‍ പാലിക്കുന്നില്ലെന്ന ആരോപണവുമായി യു എന്‍ എ(യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍)യും രംഗത്തു വന്നിട്ടുണ്ട്. രോഗികളുടെ ഹിസ്റ്ററി രേഖപ്പെടുത്തുകയോ പരിശോധനക്ക് റഫര്‍ ചെയ്യുകയോ ചെയ്യുന്നില്ല. നഴ്‌സുമാരും ഡോക്ടര്‍മാരും ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് യു എന്‍ എ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സക്കെത്തിയവര്‍ കൊറോണ ബാധിതരായിരുന്നു എന്ന് തിരിച്ചറിയുന്നത് ആഴ്ചകള്‍ക്ക് ശേഷമാണ്. ലക്ഷണങ്ങളോടെ മരിച്ചവരുടെ സാമ്പിളുകള്‍ ശേഖരിക്കുന്നില്ല. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് പ്രോട്ടോകോള്‍ ലംഘിച്ചാണ്. ആവശ്യത്തിന് പി പി ഇ കിറ്റുകളില്ലാത്തത് ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗം പടര്‍ന്നു പിടിക്കാന്‍ ഇടയാക്കുകയാണെന്നും ഹരജിയില്‍ യു എന്‍ എ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ വിശിഷ്യാ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആശുപത്രികളുടെ സമഗ്രമായ വികസനത്തിന്റെ അനിവാര്യതയിലേക്കാണ് ഇത്തരം റിപ്പോര്‍ട്ടുകളും വിശകലനങ്ങളും അധികൃതരുടെ ശ്രദ്ധക്ഷണിക്കുന്നത്.