National
ആരോഗ്യസേതുവില്‍ ഗ്രീന്‍ സിഗ്നല്‍ കാണിക്കുന്ന വിമാന യാത്രികര്‍ നിരീക്ഷണത്തില്‍ പോകേണ്ടെന്ന് കേന്ദ്രം

ന്യൂഡല്‍ഹി | കൊവിഡ് ട്രാക്കറായ ആരോഗ്യസേതു ആപ്ലിക്കേഷനില്‍ ഗ്രീന്‍ സിഗ്‌നല്‍ കാണിക്കുന്നആഭ്യന്തര വിമാനയാത്രികര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. ആഭ്യന്തര വിമാനയാത്രയുമായി ബന്ധപ്പെട്ട് കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തത വരുത്താനായി പൊതുജനങ്ങളുമായി ചേര്‍ന്ന ഓണ്‍ലൈന്‍ മീറ്റിങ്ങിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ആരോഗ്യസേതുവില്‍ സേഫ്, ഗ്രീന്‍ സിഗ്‌നല്‍ കാണിക്കുന്നവര്‍ നിരീക്ഷണത്തില്‍ കഴിയേണ്ട ആവശ്യമില്ല. എന്നാല്‍ ആരോഗ്യസേതു ആപ്ലിക്കേഷനില്‍ ചുവന്ന സിഗ്‌നല്‍ കാണിക്കുന്നവരെ വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഇപ്പോള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുന്ന അന്താരാഷ്ട്ര വിമാനസര്‍വീസുകളില്‍ ഭൂരിഭാഗവും ആഗസ്റ്റിലോ സെപ്തംബറിലോ പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ അക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് സാഹചര്യത്തെക്കൂടി പരിഗണിച്ചാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങള്‍ ആഭ്യന്തര വിമാനയാത്രികര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന് പിറകെയാണ് കേന്ദ്ര വ്യോമയാന മന്ത്രിയുടെ വിശദീരകരണം