Covid19
24 മണിക്കൂറിനിടെ രാജ്യത്ത് 6654 കൊവിഡ് കേസുകളും 137 മരണവും

ന്യൂഡല്‍ഹി | തുടര്‍ച്ചായി രണ്ടാം ദിനവും രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ആറായിരത്തിന് മുകളില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 6654 കേസുകളും 137 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ കൊവിഡ് തുടങ്ങിയ ശേഷം ആദ്യമായാണ് ഇത്രയും കേസുകള്‍ ഒരു ദിവസം സ്ഥിരീകരിക്കുന്നത്. വന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് അതിവേഗം വൈറസ് പടരുന്ന ഇന്ത്യയില്‍ ഇതിനകം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കടന്നു. 1,25,101 പേര്‍ രോഗബാധിതരായപ്പോള്‍ 51784 പേര്‍ മുക്തി നേടി. 69597 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതില്‍ 3267 പേര്‍ ഗുരുതരാവസ്ഥയിലാണ്. രാജ്യത്ത് ഇതിനകം 3720 പേരാണ് മരിച്ചത്.
ഇതില്‍ മഹാഭൂരിഭാഗവും മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള മാഹാരാഷ്ട്രയില്‍ മാത്രം 1517 മരണങ്ങളാണുണ്ടായത്. 44582 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 2940 കേസുകളും 63 മരണവും സംസ്ഥാനത്തുണ്ടായി. രോഗികളുടെ എണ്ണത്തില്‍ 14753 പേരുമായി തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. ഇന്നലെ 786 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ മരണ നിരക്കില്‍ മഹാരാഷ്ട്രക്ക് പിന്നില്‍ ഗുജറാത്താണുള്ളത്. തമിഴ്‌നാട്ടില്‍ 98 പേര്‍ മരിച്ചപ്പോള്‍ ഗുജറാത്തില്‍ 802 പേരാണ് മരിച്ചത്. ഗുജറാത്തില്‍ 13268 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം 12319 ആണ്. മരണസംഖ്യ 208 ഉം. ഇന്നലെ 14 മരണവും 660 കേസുകളും രാജ്യ തലസ്ഥാനത്തുണ്ടായി. മധ്യപ്രദേശില്‍ 272 മരണവും രാജസ്ഥാനില്‍ 153 മരണവും ഉത്തര്‍പ്രദേശില്‍ 152 മരണവും ബംഗാളില്‍ 265 മരണവും ഇതിനകം റിപ്പോര്‍ട്ട് ചെയ്തു.