കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; സംസ്ഥാനത്ത് ക്വാറന്റൈനും പരിശോധനയും കൂടുതല്‍ ശക്തിപ്പെടുത്തും: ആരോഗ്യ മന്ത്രി

Posted on: May 22, 2020 7:51 pm | Last updated: May 23, 2020 at 9:46 am

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് രോഗ വ്യാപനം തടയാന്‍ പരിശോധന കര്‍ശനമാക്കുമെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ. റെഡ് സോണുകളില്‍ നിന്ന് കൂടുതല്‍ ആളുകള്‍ സംസ്ഥാനത്തേക്ക് വരുന്ന സാഹചര്യത്തിലാണിത്. അതിര്‍ത്തികളില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കും. രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ധിച്ചാല്‍ സംസ്ഥാനത്തിന് വലിയ തിരിച്ചടിയാകും. ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരത്തില്‍ യാത്ര ചെയ്ത് കേരളത്തിലെത്തുന്നവര്‍ നിര്‍ബന്ധമായി 14 ദിവസത്തെ ഹോം ക്വാറൈന്‍യ്‌നില്‍ പോകണം. ക്വാറന്റൈനും പരിശോധനയും ശക്തിപ്പെടുത്തിക്കൊണ്ടല്ലാതെ മുന്നോട്ടു പോകാനാകില്ല.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരുടെ പരിശോധനയുടെ എണ്ണം കൂട്ടും. റെഡ് സോണുകളില്‍ നിന്നും വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. വിദേശങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ നിന്ന് രോഗം സംക്രമിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.