മലപ്പുറത്ത് മാംസ വില പുതുക്കി നിശ്ചയിച്ചു

Posted on: May 22, 2020 10:22 am | Last updated: May 22, 2020 at 10:34 am

മലപ്പുറം | ജില്ലയില്‍ പത്ത് ദിവസത്തേക്ക് കോഴി, പോത്ത് എന്നിവയുടെ വില പുതുക്കി നിശ്ചയിച്ചു.ബ്രോയിലര്‍ ലൈവ് കോഴിക്ക് ജില്ലയില്‍ ഒരു കിലോഗ്രാമിന് പരമാവധി 150 രൂപയും ഇറച്ചിക്ക് 230 രൂപയും പോത്ത്, കാള ഇറച്ചിക്ക് പരമാവധി ഒരു കിലോഗ്രാമിന് 280 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.

ജില്ലയിലെ മാംസ വ്യാപാരികളുടെ പ്രതിനിധികളുമായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം എന്‍ എം മെഹറലി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജില്ലയിലെ പലയിടങ്ങളിലും ഇറച്ചിക്ക് അമിതവിലയും വ്യത്യസ്ത വിലയും ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി .
ജില്ലയില്‍ നിശ്ചയിച്ച വിലയില്‍ കൂടുതല്‍ ഇറച്ചിക്ക് വില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്കോ അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കോ പരാതി നല്‍കണമെന്നും വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കണമെന്നും എ ഡി എം അറിയിച്ചു.

തിരൂരങ്ങാടി( 9188527392), പൊന്നാനി( 9188527393),നിലമ്പൂര്‍ (9188527394), കൊണ്ടോട്ടി ( 9188527395), ഏറനാട് (9188527396), തിരൂര്‍ (9188527397), പെരിന്തല്‍മണ്ണ (9188527398) തുടങ്ങിയ താലൂക്ക് സപ്ലൈ ഓഫീസുകളിലെ നമ്പറുകളില്‍ പരാതികള്‍ അറിയിക്കാം.