മദ്‌റസാ പൊതുപരീക്ഷ ജൂൺ ആറ്, ഏഴ് തീയതികളിൽ

Posted on: May 20, 2020 11:05 pm | Last updated: May 20, 2020 at 11:41 pm

കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരമുള്ള കേരളത്തിലെ മദ്‌റസകളിലെ അഞ്ച്, ഏഴ്, പത്ത്, 12 ക്ലാസുകളിലെ പൊതുപരീക്ഷ ജൂൺ ആറ്, ഏഴ് തീയതികളിൽ നടത്തും. ജനറൽ മദ്‌റസകളിലും സ്‌കൂൾ അധ്യയന വർഷത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ബോർഡിംഗ്് മദ്‌റസകളിലും ഇതേ തീയതികളിൽ തന്നെയാണ് പരീക്ഷ നടക്കുക. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാറിന്റെയും ആരോഗ്യവകുപ്പിന്റെയും മുഴുവൻ നിർദേശങ്ങളും പാലിച്ചുകൊണ്ടായിരിക്കും പരീക്ഷകൾ നടക്കുക.

ജൂൺ ഒന്നിന് മുമ്പായി മുഴുവൻ മദ്‌റസകളും പരിസരവും ശുദ്ധീകരിച്ച് അണുനശീകരണ പ്രവർത്തനം നടത്തണമെന്ന് മദ്‌റസാ മാനേജ്‌മെന്റുകളോട്അഭ്യർഥിച്ചു. ജൂൺ മൂന്ന് മുതൽ മുഴുവൻ മുഅല്ലിംകളും അവരവർ ജോലി ചെയ്യുന്ന മദ്‌റ സയിൽ ഹാജരായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പൊതുപരീക്ഷാ സംബന്ധമായ നിർദേശങ്ങളുംഓൺലൈൻ മദ്‌റസാ പഠന സംബന്ധമായ പ്രാഥമിക വിവരങ്ങളും ഓൺലൈൻ വഴി നൽകേണ്ടതാണ്.

ജൂൺ രണ്ടാംവാരത്തോടെ മദ്‌റസാ വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസ്സ് ആരംഭിക്കും. ഇതിനായി രക്ഷിതാക്കളെയും വിദ്യാർഥികളെയും സജ്ജരാക്കണമെന്ന്‌ വിദ്യാഭ്യാസ ബോർഡ് ഭാരവാഹികൾ മദ്‌റസാ മാനേജ്‌മെന്റുളോടും മുഅല്ലിംകളോടുംഅറിയിച്ചു.

പൊതുപരീക്ഷാ ക്ലാസുകൾ ഒഴികെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് അർധവാർഷിക പരീക്ഷക്ക് ലഭിച്ച മാർക്ക് മാനദണ്ഡമാക്കി പ്രമോഷൻ നൽകേണ്ടതും പ്രമോഷൻ ലിസ്റ്റ് മദ്‌റസാ നോട്ടീസ്‌ബോർഡിൽ പ്രദർശിപ്പിക്കേണ്ടതുമാണ്. ഓൺലൈൻ ക്ലാസ് സംബന്ധമായ വിശദ വിവരങ്ങൾ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ഭാരവാഹികളേയും മദ്‌റസാ മാനേജ്‌മെന്റുകളേയും മുഅല്ലിംകളേയും അറിയിക്കുന്നതാണ്.