Connect with us

Editorial

പെണ്‍ശിശുഹത്യകളുടെ കഥകള്‍ വീണ്ടും

Published

|

Last Updated

എരുക്കിന്‍ പാല്‍ കൊടുത്ത് പെണ്‍ശിശുക്കളെ കൊല്ലുന്ന സംഭവങ്ങള്‍ തമിഴ്‌നാട്ടില്‍ വീണ്ടും വര്‍ധിക്കുന്നു. മധുര ജില്ലയില്‍ ഷോളവന്ദന്‍ പ്രദേശത്ത് നാല് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ എരുക്കിന്‍ പാല്‍ കൊടുത്ത് കൊന്ന കുറ്റത്തിന് കുഞ്ഞിന്റെ പിതാവും മുത്തശ്ശിയും ഞായറാഴ്ച അറസ്റ്റ് ചെയ്യപ്പെട്ടു. കുഞ്ഞ് ഉറക്കത്തില്‍ മരിച്ചുവെന്നാണ് പിതാവ് തവമണി പ്രചരിപ്പിച്ചത്. സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മാതാവ് സ്ഥലത്തില്ലാത്ത സമയത്ത് തവമണിയും അയാളുടെ മാതാവും ചേര്‍ന്ന് എരുക്കിന്‍ പാല്‍ നാവിലുറ്റിച്ചു കൊന്നതാണെന്ന് തെളിഞ്ഞത്. നാലാമത്തെ കുട്ടിയും പെണ്ണായതാണ് കൊലക്കു കാരണമെന്നാണ് തവമണിയുടെ മൊഴി. മധുരയില്‍ രണ്ടര മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ പെണ്‍ശിശുഹത്യയാണിത്. കഴിഞ്ഞ മാര്‍ച്ചില്‍ തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളായ ദമ്പതികള്‍ 15 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയും മധുര പുല്ലനേരി ഗ്രാമത്തില്‍ വൈരമുരുകന്‍- സൗമ്യ ദമ്പതികള്‍ ഒരു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയും എരുക്കിന്‍ പാല്‍ നല്‍കി കൊന്നിരുന്നു.

1990കളില്‍ പെണ്‍ശിശുഹത്യക്ക് കുപ്രസിദ്ധമായിരുന്നു തമിഴ്‌നാട്ടിലെ ഉസലംപെട്ടി ഗ്രാമം. തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളില്‍ വ്യാപകമായി കാണപ്പെടുന്ന വിഷച്ചെടിയായ എരുക്കിന്റെ പാല്‍ നല്‍കുന്നതിനു പുറമെ ശിശുവിന്റെ വായില്‍ നെല്‍മണികള്‍ ഇട്ടുകൊടുത്ത് ശ്വാസം മുട്ടിച്ചു കൊല്ലുന്ന ക്രൂരമാര്‍ഗവും മാതാപിതാക്കള്‍ സ്വീകരിച്ചിരുന്നു. ശിശുഹത്യക്കെതിരെ സര്‍ക്കാര്‍ നിയമ നടപടികള്‍ കര്‍ക്കശമാക്കിയതിന്റെയും സാമൂഹിക പ്രവര്‍ത്തകര്‍ വര്‍ഷങ്ങളോളം ഉസലംപെട്ടി പോലുള്ള പ്രദേശങ്ങളില്‍ തമ്പടിച്ച് ബോധവത്കരണം നടത്തിയതിന്റെയും ഫലമായാണ് അക്കാലത്ത് പെണ്‍ശിശുഹത്യ നിയന്ത്രിക്കാനായത്. അന്ന് പെണ്‍കുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍ വിവിധ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ “അമ്മത്തൊട്ടില്‍” മാതൃകയില്‍ മാതാപിതാക്കള്‍ക്ക് വളര്‍ത്താന്‍ താത്പര്യമില്ലാത്ത കുഞ്ഞുങ്ങളെ കൊണ്ടിടാനായി കുട്ടിത്തൊട്ടിലുകള്‍ സ്ഥാപിച്ചു. ആയിരക്കണക്കിനു ശിശുക്കളെയാണ് ഇതുവഴി രക്ഷപ്പെടുത്താനായത്. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ പെണ്‍ശിശുഹത്യ വീണ്ടും വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് തമിഴ്‌നാട് ചൈല്‍ഡ് റൈറ്റ്‌സ് വാച്ച് കണ്‍വീനര്‍ ആന്‍ഡ്രു സെസുരാജ് വെളിപ്പെടുത്തുന്നു. കൂടാതെ പൂര്‍ണ ആരോഗ്യമുള്ള പെണ്‍കുഞ്ഞുങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്ന സംഭവങ്ങളും തമിഴ്‌നാട്ടില്‍ വര്‍ധിക്കുന്നു. വെല്ലൂരിലാണ് ഇത്തരം മരണങ്ങള്‍ കൂടുതല്‍ നടക്കുന്നത്. രാത്രി മാതാവിനൊപ്പം ഉറങ്ങിയ കുഞ്ഞിനെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയ നിരവധി സംഭവങ്ങള്‍ ഈ ഭാഗങ്ങളില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

ശിശുഹത്യക്കു പുറമെ സ്‌കാനിംഗിലൂടെ ഗര്‍ഭസ്ഥ ശിശു ആണോ പെണ്ണോയെന്ന് കണ്ടെത്തി പെണ്ണാണെങ്കില്‍ ഭ്രൂണം നശിപ്പിക്കുന്ന സംഭവങ്ങളും തമിഴ്‌നാട്ടില്‍ നിരവധി. രണ്ട് വര്‍ഷം മുമ്പ് സേലം ജില്ലയിലെ കുപ്പന്നൂര്‍ ഗ്രാമത്തില്‍ ഒരു എന്‍ ജി ഒ സംഘത്തോടൊപ്പം സന്ദര്‍ശനം നടത്തിയ സാമൂഹിക പ്രവര്‍ത്തക ഷാലറ്റ് ജിമ്മി ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട് അവിടെ നിന്നറിയാനിടയായ ഞെട്ടിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെച്ചിരുന്നു. നിയമവിരുദ്ധമായ 105 ലിംഗനിര്‍ണയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടത്രെ ഈ ഗ്രാമത്തില്‍. സ്‌കാനിംഗ് സെന്ററുകളെ മാത്രമല്ല, കുട്ടിയുടെ ലിംഗമേതെന്ന് ഗണിച്ചുപറയുന്ന ജ്യോതിഷക്കാരെ സമീപിച്ച് അവരുടെ വാക്കുകള്‍ വിശ്വസിച്ച് ഗര്‍ഭം അലസിപ്പിക്കുന്ന സ്ത്രീകളുമുണ്ട്. 28 വയസ്സിനിടയില്‍ പത്ത് തവണ പെണ്‍ഭ്രൂണഹത്യ നടത്തിയ ഒരു യുവതിയെയും ഈ സന്ദര്‍ശനത്തിനിടയില്‍ ഷാലറ്റ് ജിമ്മി പരിചയപ്പെട്ടു.

തമിഴ്‌നാടിനു പുറമെ രാജസ്ഥാന്‍, ആന്ധ്ര, ഗുജറാത്ത്, കര്‍ണാടക തുടങ്ങി മറ്റു പല സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട് ലിംഗ വിവേചനത്തിന്റെ പേരില്‍ പെണ്‍കുഞ്ഞുങ്ങളെ നശിപ്പിക്കുന്ന പ്രവണത. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ഈ സംസ്ഥാനങ്ങളില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളുടെ എണ്ണത്തില്‍ ഭീമമായ വ്യത്യാസമുണ്ട്. ഇത് ഭ്രൂണഹത്യയിലേക്കുള്ള പ്രകടമായ വിരല്‍ ചൂണ്ടലായാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. 1,000 ആണ്‍കുട്ടികള്‍ക്ക് 806 പെണ്‍കുട്ടികളെന്നതാണ് തമിഴ്‌നാട്ടിലെയും രാജസ്ഥാനിലെയും ജനന നിരക്ക്. ഗുജറാത്തില്‍ ഇത് 848 ആണ്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും പത്ത് വര്‍ഷത്തിനിടെ പെണ്‍കുഞ്ഞുങ്ങളുടെ ജനന നിരക്കില്‍ 106 പോയിന്റും ആന്ധ്രാപ്രദേശില്‍ 168 പോയിന്റും കുറവ് കാണിക്കുന്നു. 2007നു ശേഷം പെണ്‍കുട്ടികളുടെ ജനന നിരക്ക് കൂടിയ ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനം കേരളമാണ്. ആയിരം ആണ്‍കുട്ടികള്‍ക്ക് 954 പെണ്‍കുട്ടികളെന്നതാണ് കേരളത്തിലെ കണക്ക്. ദേശീയ ശരാശരിയേക്കാള്‍ 77 പോയിന്റ് കൂടുതല്‍ വരുമിത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നില ഭേദമാണെങ്കിലും കേരളത്തിലും നടക്കുന്നുണ്ട് ലിംഗനിര്‍ണയവും ഭ്രൂണഹത്യകളും. ലിംഗനിര്‍ണയം നിരോധിച്ച് 1994ല്‍ തന്നെ ഇന്ത്യന്‍ പാര്‍ലിമെന്റ് നിയമം പാസ്സാക്കിയിട്ടുണ്ട്. 2002ല്‍ നിയമം കൂടുതല്‍ കര്‍ശനമാക്കുകയും ചെയ്തു. അഞ്ച് വര്‍ഷം തടവും 50,000 രൂപ പിഴയും ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണ് ലിംഗനിര്‍ണയം. എങ്കിലും രാജ്യത്തിപ്പോഴും അനധികൃത സ്‌കാനിംഗ് സെന്ററുകളുടെ പ്രവര്‍ത്തനവും ഭ്രൂണഹത്യയും ധാരാളം നടക്കുന്നുണ്ട്.

പെണ്‍കുഞ്ഞ് ജനിച്ചാല്‍ തെരുവുകളിലും കുപ്പത്തൊടികളിലും കുറ്റിക്കാടുകളിലും ഉപേക്ഷിക്കുന്ന സംഭവങ്ങളും രാജ്യത്തെമ്പാടും പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ദാരിദ്ര്യത്തേക്കാളേറെ ചില ധാരണകളും കാഴ്ച്ചപ്പാടുകളുമാണ് പെണ്‍കുട്ടികളോടുള്ള വിവേചനത്തിനു പിന്നില്‍. വിവാഹസമയത്ത് സ്ത്രീധനം നല്‍കാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യം, പാരമ്പര്യ സ്വത്തുക്കള്‍ കൈവിട്ടു പോകുമോ എന്ന ഭയം, പ്രായമാകുമ്പോള്‍ സംരക്ഷണം നല്‍കാനും പാരമ്പര്യം നിലനിര്‍ത്താനും ആണ്‍കുട്ടികള്‍ വേണമെന്ന ചിന്ത തുടങ്ങിയവയാണ് ആണ്‍കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നതെന്നാണ് സാമൂഹിക ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. എന്നാല്‍ പലപ്പോഴും പ്രായാധിക്യത്തില്‍ മാതാപിതാക്കള്‍ക്ക് തുണയാകാറുള്ളത് ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളാണ്. ആണ്‍കുട്ടികള്‍ കൈയൊഴിഞ്ഞതിനെ തുടര്‍ന്ന് പെണ്‍മക്കളുടെ സംരക്ഷണത്തില്‍ ജീവിക്കുന്ന മാതാപിതാക്കള്‍ സമൂഹത്തില്‍ ധാരാളമുണ്ട്. അതുകൊണ്ട് പെണ്‍ ഭ്രൂണഹത്യകള്‍ക്കെതിരെ സമൂഹത്തില്‍ നിരന്തരം ബോധവത്കരണം നടക്കേണ്ടതുണ്ട്.

Latest