എസ് എസ് എൽ സി, ഹയർസെക്കൻഡറി പരീക്ഷാ കേന്ദ്രങ്ങൾ മാറ്റുന്നതിന് നാളെ വരെ അപേക്ഷിക്കാം

Posted on: May 20, 2020 5:00 am | Last updated: May 20, 2020 at 1:22 am

തിരുവനന്തപുരം | എസ് എസ് എൽ സി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ കേന്ദ്രങ്ങൾ മാറ്റുന്നതിനായി വിദ്യാർഥികൾക്ക് ഓൺലൈനായി നാളെ വരെ അപേക്ഷിക്കാം. കൊവിഡ് സാഹചര്യത്തിൽ പരീക്ഷകൾ എഴുതാൻ സാധിക്കാത്ത മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഹോസ്റ്റൽ, പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റൽ, സ്‌പോർട്‌സ് ഹോസ്റ്റൽ, സാമൂഹിക ക്ഷേമവകുപ്പിന് കീഴിലുള്ള ഷെൽട്ടർ ഹോമുകളിലെ താമസക്കാരായ വിദ്യാർഥികൾ, ഗൾഫിലും ലക്ഷദ്വീപിലും അടിയന്തരഘട്ടങ്ങളിൽ മറ്റു ജില്ലകളിൽ കുടുങ്ങിപ്പോയ വിദ്യാർഥികൾ തുടങ്ങിയവർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.

ഇനി നടക്കാനുള്ള പരീക്ഷകൾക്ക് സൗകര്യപ്രദമായ സ്‌കൂളുകൾ പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുക്കുന്നതിനാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടത്. ജില്ലകൾക്ക് അകത്തുള്ള പരീക്ഷാ കേന്ദ്രമാറ്റം അനുവദിക്കില്ല. ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് അവർ പഠിക്കുന്ന സബ്ജക്ട് കോമ്പിനേഷൻ നിലവിലുള്ള സ്‌കൂളുകൾ മാത്രമേ പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ.

നാളെ വൈകുന്നേരം അഞ്ച് വരെയാണ് ഓൺലൈനായി അപേക്ഷിക്കാൻ സമയം അനുവദിച്ചിട്ടുള്ളത്. ലഭ്യമായ ഓൺലൈൻ അപേക്ഷകൾ പരിശോധിച്ച അർഹരായ വിദ്യാർഥികൾക്ക് പുതിയ പരീക്ഷാ കേന്ദ്രം അനുവദിച്ചുകൊണ്ടുള്ള ലിസ്റ്റ് 23ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

വിദ്യാർഥി അപേക്ഷിക്കുന്ന പരീക്ഷാ കേന്ദ്രം അനുവദിക്കാൻ കഴിയാത്ത പക്ഷം ജില്ലയിലെ സൗകര്യപ്രദമായ മറ്റൊരു കേന്ദ്രം അനുവദിക്കും.

പരീക്ഷാകേന്ദ്ര മാറ്റങ്ങൾക്ക് https://sslcexam.kerala.gov.in, www.hscap.kerala.gov.in, www.vhscap.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലെ ആപ്ലിക്കേഷൻ ഫോർ സെന്റർ ചേഞ്ച് ലിങ്കിൽ അപേക്ഷ സമർപ്പിക്കണം.
സ്‌പെഷൽ സ്‌കൂൾ വിദ്യാർഥികൾ അതേ വിഭാഗത്തിലുള്ള സ്‌പെഷ്യൽ സ്‌കൂളുകൾ മാത്രമേ തിരഞ്ഞെടുക്കാവൂ. ഐ എച്ച് ആർ ഡി, ടി എച്ച് എസ് എൽ സി വിദ്യാർഥികളും ജില്ലയിലെ പ്രസ്തുത വിഭാഗം സ്‌കൂളുകൾ തിരഞ്ഞെടുക്കണം.

എ എച്ച് എസ് എൽ സി, ആർട്‌സ് എച്ച് എസ് എസ് വിദ്യാർഥികൾക്ക് പരീക്ഷാ കേന്ദ്രം മാറ്റം അനുവദിക്കില്ല. ഓൺലൈൻ അപേക്ഷാ സമർപ്പണം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അതാത് വെബ്‌സൈറ്റുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.