Connect with us

Kerala

സംസ്ഥാനത്തിന് പുറത്തുനിന്നും വന്ന 105 പേര്‍ക്ക് കൊവിഡ്; അലംഭാവം അരുതെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | പുറത്തുനിന്നുസംസ്ഥാനത്തേക്ക് ഇതുവരെ എത്തിയവരില്‍ 105 പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിമാനം വഴി വന്നവരില്‍ 53 പേര്‍ക്കും കപ്പലില്‍ എത്തിയ 6 പേര്‍ക്കും റോഡ് വഴി വന്നവരില്‍ 46 പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ 74426 പേര്‍ കര വ്യോമ നാവിക മാര്‍ഗങ്ങളിലൂടെ കൊവിഡ് പാസ്സുമായി എത്തിയിട്ടുണ്ട്. ഇവരില്‍ 44712 പേര്‍ റെഡ് സോണ്‍ ജില്ലകളില്‍നിന്നാണ്. റോഡ് വഴി എത്തിയത് 63239 പേരാണ്. ഇവരില്‍ 46 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനം വഴി വന്നവരില്‍ 53 പേര്‍ക്കും കപ്പലില്‍ എത്തിയ ആറ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

26 വിമാനങ്ങളിലും മൂന്ന് കപ്പലുകളിലുമായാണ് ഇന്നലെ വരെ ആളുകള്‍ വന്നത്. എത്തിയ 6054 പേരില്‍ 3305 പേരെ സര്‍ക്കാര്‍ വക ക്വാറന്റീന്‍ സംവിധാനത്തിലേക്ക് അയച്ചിട്ടുണ്ട്. 2749 പേരെ ഹോം ഐസൊലേഷനിലേക്കും 123 പേരെ ആശുപത്രികളിലേക്കും മാറ്റിയിട്ടുണ്ട്. ഇത്തരത്തില്‍ നമ്മുടെ സഹോദരങ്ങള്‍ തുടര്‍ച്ചയായി എത്തുമ്പോള്‍ സ്വാഭാവികമായും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തീവ്രതയും വര്‍ധിപ്പിക്കേണ്ടതുണ്ട്.

ധാരണാപിശകുകൊണ്ട് ഒരാളിലും അലംഭാവം ഉണ്ടായിക്കൂടാ എന്നത് ഉറപ്പുവരുത്താനാണ്. അത്തരത്തില്‍ പറയുന്നതിന്റെ അടിസ്ഥാനം നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും സുരക്ഷയുണ്ടാകണം എന്നതുകൊണ്ട് തന്നെയാണ്. അതിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ചിലര്‍ വളച്ചൊടിക്കുന്നത് കണ്ടു. അതില്‍ സഹതാപം മാത്രമേയുള്ളൂ.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ രാജ്യത്താകെ ലഘൂകരിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തെ നേരിടുമ്പോള്‍ അതുകൂടി മനസില്‍ വച്ചുള്ള ജാഗ്രതയാണ് ഉണ്ടാവേണ്ടത്.നാട്ടിലേക്ക് വരാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ആദ്യം എത്തേണ്ടയാളുകളെ കൃത്യമായിത്തന്നെ വേര്‍തിരിച്ചിട്ടുണ്ട്. ഗര്‍ഭിണികള്‍, രോഗബാധിതര്‍, കുട്ടികള്‍ എന്നിവരെയാണ് ആദ്യം എത്തിക്കേണ്ടത്. അതിനനുസരിച്ചാണ് സര്‍ക്കാരുകള്‍ ക്രമീകരണം ഏര്‍പ്പെടുത്തേണ്ടത്. എന്നാല്‍ അത്ര അത്യാവശ്യമല്ലാത്ത പലരും ഈ സംവിധാനത്തിന്റെ പ്രയോജനം പറ്റുകയാണ്.

അതിന്റെ ഭാഗമായി മുന്‍ഗണന ലഭിക്കേണ്ടവര്‍ കുടുങ്ങിപ്പോകുന്ന സാഹചര്യമാണുള്ളത്. ഈ അവസ്ഥ ഒഴിവാക്കാനാകണം. അതിന് ഔദ്യോഗിക സംവിധാനങ്ങളുമായി സഹകരിക്കാന്‍ എല്ലാവരും തയ്യാറാവുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു

Latest