Connect with us

Articles

വില്‍ക്കാന്‍ ഇനി എന്തുണ്ട് ബാക്കി!

Published

|

Last Updated

കൊറോണയെന്ന സൂക്ഷ്മാണുവിനെ പരിചയാക്കി രാജ്യത്തെ കോടിക്കണക്കായ സാധാരണക്കാരോട് ഭരണകൂടം പ്രഖ്യാപിക്കുന്ന സാമ്പത്തിക യുദ്ധം. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മേല്‍ക്കോയ്മ ഉറപ്പിക്കാനും കേന്ദ്ര ഭരണകൂടത്തിന് പരമാധികാരം കൈയടക്കാനും ലക്ഷ്യമിട്ടുള്ള യുദ്ധം. അഞ്ച് ദിവസം നീണ്ട നിര്‍മലാ സീതാരാമ ചരിതത്തെ അങ്ങനെ മാത്രമേ വിശേഷിപ്പിക്കാനാകൂ. കൊവിഡും ലോക്ക്ഡൗണും കൂടുതല്‍ പ്രതിസന്ധിയിലാക്കിയ സമ്പദ് വ്യവസ്ഥയെ ഉണര്‍ത്താന്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന് അറിയിച്ചപ്പോള്‍ പ്രതിസന്ധിയെ അവസരമായി ഉപയോഗിക്കുമെന്ന് കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. വില്‍ക്കാവുന്നതൊക്കെ വില്‍ക്കുന്നതിനുള്ള അവസരമായി ഉപയോഗിക്കുമെന്ന് അന്നാരും കരുതിയിട്ടുണ്ടാകില്ല. “ആത്മ നിര്‍ഭര്‍ ഭാരത്” എന്നതിന് സ്വയംപര്യാപ്ത ഇന്ത്യന്‍ യൂനിയന്‍ എന്നാണ് അര്‍ഥം. അംബാനി, അദാനി മുതല്‍പ്പേരായ കുത്തകകളുടെ വയര്‍ കൂടുതല്‍ നിറക്കുക എന്ന വ്യംഗ്യാര്‍ഥമാണ് അതിനുള്ളതെന്ന് നരേന്ദ്ര മോദി സര്‍ക്കാറിന്റെ പാക്കേജ് പ്രഖ്യാപനം പൂര്‍ത്തിയാകുമ്പോഴാണ് മനസ്സിലാകുന്നത്.

കൊവിഡ് 19ന്റെ വ്യാപനവും കൂടുതല്‍ വ്യാപിക്കുന്നത് തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണും വലിയൊരു വിഭാഗത്തെ വരുമാനമില്ലാത്തവരാക്കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ അവസാനിച്ചാലും സാധാരണ നിലയിലേക്ക് രാജ്യം തിരികെ എത്താന്‍ മാസങ്ങള്‍ തന്നെ വേണ്ടിവരും. അത്രയും കാലത്തെ ദാരിദ്ര്യമോ പട്ടിണിയോ ഒക്കെയാണ് ഈ വിഭാഗങ്ങള്‍ മുന്നില്‍ക്കാണുന്നത്. 500 രൂപ വീതം മൂന്ന് മാസം ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചാല്‍ തീരുന്നതല്ല ഇവരുടെ ദുരിതം. ഉജ്വല പദ്ധതി വഴി മൂന്ന് മാസത്തേക്ക് പാചക വാതകം സൗജന്യമായി നല്‍കിയതുകൊണ്ടോ മൂന്ന് മാസത്തേക്ക് റേഷന്‍ സൗജന്യമായി വിതരണം ചെയ്തതുകൊണ്ടോ തീരുന്നതുമല്ല. കൊവിഡ് 19ന്റെ വ്യാപനത്തിന് മുമ്പ് ജീവിച്ചിരുന്ന അവസ്ഥയിലേക്ക് ഇവരെ തിരികെ എത്തിക്കാന്‍ പാകത്തിലുള്ള നടപടികളാണ് വേണ്ടത്. അതുപക്ഷേ, പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ (അതിലും ലേശം അധികം വരുമെന്നാണ് നിര്‍മലാ ചരിതം അഞ്ചാം ദിവസത്തിനൊടുക്കം പറഞ്ഞത്) വിശദീകരണത്തില്‍ ഇല്ല തന്നെ. ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ കൂലി അല്‍പ്പം കൂട്ടിയതും അതിലേക്കുള്ള ആകെ വിഹിതം 40,000 കോടി വര്‍ധിപ്പിച്ചതും മാത്രമാണ് ഏക അപവാദം.
രാജ്യവും ലോകവും നേരിടുന്ന അനിതരസാധാരണമായ പ്രതിസന്ധിയുടെ വലിപ്പവും അതെത്ര കാലത്തേക്ക് നീളുമെന്നതിലെ അനിശ്ചിതത്വവും കണക്കിലെടുക്കുമ്പോള്‍ ജനങ്ങളുടെ കൈവശം പണമുണ്ടാകുക എന്നതാണ് സാമ്പത്തികാരോഗ്യം വീണ്ടെടുക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴി. അങ്ങനെ പണമെത്തിക്കാന്‍ വേണ്ടതൊന്നും ഈ പ്രഖ്യാപനങ്ങളിലില്ല. വായ്പകള്‍ അനുവദിച്ച് കമ്പോളത്തിലെ പണലഭ്യത കൂട്ടുക എന്നതാണ് സ്വീകരിച്ചിരിക്കുന്ന തന്ത്രം. ചെറുകിട – ഇടത്തരം വ്യവസായങ്ങള്‍ നടത്തുന്നവര്‍ മുതല്‍ തെരുവു കച്ചവടക്കാര്‍ വരെയുള്ളവര്‍ക്ക് വായ്പ അനുവദിക്കും. അതിന് പ്രത്യേകിച്ച് ഈട് വേണ്ടെന്നതാണ് വലിയ ആശ്വാസമായി പറയുന്നത്. മുന്‍കാലങ്ങളിലെ ഇടപാടുകളുടെ ചരിത്രം പരിശോധിച്ച് മാത്രമേ ബേങ്കുകള്‍ വായ്പ നല്‍കൂ എന്ന് ഉറപ്പ്. അതുകൊണ്ട് എത്രപേര്‍ക്ക് ഈ പ്രഖ്യാപനം കൊണ്ട് ഗുണമുണ്ടാകുമെന്നത് കണ്ടറിയണം. വായ്പകളുടെ തിരിച്ചടവ് ഉറപ്പാക്കാന്‍ ഈടുകളുടെ ആവശ്യം ബേങ്കുകള്‍ക്കില്ലെന്ന് പുതുതലമുറ ബേങ്കിംഗ് രീതികളെക്കുറിച്ച് അറിയുന്നവര്‍ക്കൊക്കെ അറിയാം. അതുകൊണ്ട് തന്നെ ഈടില്ലാതെ വായ്പ എന്നതിന് പ്രഖ്യാപനത്തിലെ സൗന്ദര്യം മാത്രമേയുള്ളൂ.

സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വായ്പ എടുക്കാന്‍ അനുവാദം നല്‍കിയെന്നതാണ് പൊതുവില്‍ ആശ്വാസം നല്‍കുന്ന മറ്റൊന്ന്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനം വരെ വായ്പ എടുക്കാനാണ് ധനഉത്തരവാദിത്വ നിയമ പ്രകാരം നിലവിലുള്ള അനുവാദം. ഇത് അഞ്ച് ശതമാനം വരെയാക്കി ഉയര്‍ത്തുകയാണ്. അതും നടപ്പു സാമ്പത്തിക വര്‍ഷത്തിലേക്കേ ഉള്ളൂ. അധികമായി വായ്പ അനുവദിക്കുന്നതിന് ഉപാധികള്‍ കേന്ദ്രം വെക്കുകയും ചെയ്യും. ഓരോ സംസ്ഥാനത്തിനും അവരുടെ സാഹചര്യവും ആവശ്യവും മുന്‍നിര്‍ത്തി ചെലവഴിക്കാന്‍ അനുവാദമില്ലെങ്കില്‍ പിന്നെ അധിക വായ്പ കൊണ്ടെന്ത് കാര്യമെന്ന ചോദ്യം പ്രസക്തമാണ്. എങ്കിലും അത്രയെങ്കിലും അനുവദിച്ചുവല്ലോ, അധികാര കേന്ദ്രീകരണത്തില്‍ ബദ്ധശ്രദ്ധരായ നരേന്ദ്ര മോദി സര്‍ക്കാര്‍ എന്ന് ആശ്വസിക്കാം.
ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, ഭക്ഷ്യ എണ്ണ, എണ്ണക്കുരുക്കള്‍, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയവയെ അവശ്യവസ്തുക്കളുടെ പട്ടികയില്‍ നിന്നൊഴിവാക്കി നിയമം ഭേദഗതി ചെയ്യുമെന്നതും കൊവിഡ് പാക്കേജിന്റെ ഭാഗമാണ്. അവശ്യവസ്തുക്കളുടെ പട്ടികയില്‍ നിന്നൊഴിവാക്കുന്നതോടെ ഇവയൊക്കെ യഥേഷ്ടം സംഭരിച്ച് സൂക്ഷിക്കാനും കയറ്റി അയക്കാനും അവസരമുണ്ടാകും. മേല്‍പ്പറഞ്ഞ ഉത്പന്നങ്ങളൊക്കെ രാജ്യത്ത് ആവശ്യത്തിലധികമുള്ളതിനാലാണ് ഇങ്ങനെയൊരു തീരുമാനമെന്നാണ് വിശദീകരണം. ഭക്ഷ്യവസ്തുക്കളുടെ ചില്ലറ വില്‍പ്പന മേഖലയിലുള്ള വന്‍കിട കമ്പനികള്‍, ഉത്പന്നങ്ങള്‍ വാങ്ങിക്കൂട്ടി വിപണിയില്‍ ആധിപത്യമുറപ്പിക്കുക എന്നതിനാകും ഇത് വഴിവെക്കുക. യഥേഷ്ടം കയറ്റുമതി ചെയ്യുന്നതോടെ ആഭ്യന്തര വിപണിയില്‍ വില ഉയരാനും സാധ്യതയുണ്ട്. വിത്തിറക്കുമ്പോള്‍ തന്നെ വിളയുടെ വില നിശ്ചയിച്ച് വിപണനം നടത്താനുള്ള അവസരവും തുറന്നിട്ടുണ്ട് കേന്ദ്രം. വിത്തിടുമ്പോള്‍ തന്നെ വില നിശ്ചയിക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ കാര്‍ഷികോത്പന്നങ്ങള്‍ താങ്ങുവില നല്‍കി സംഭരിക്കുന്ന ജോലിയില്‍ നിന്ന് സര്‍ക്കാറിന് പിന്‍മാറാം. ഇവ്വിധം വില നിശ്ചയിച്ച് വാങ്ങാന്‍ രംഗത്തെത്തുന്നതും വന്‍കിട കമ്പനികളാകും. തുടക്കത്തില്‍ ന്യായവിലയോ ചിലപ്പോള്‍ അധിക വിലയോ ഇവര്‍ നല്‍കിയേക്കാം. എന്നാല്‍ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കപ്പുറം അവര്‍ നിശ്ചയിക്കുന്ന വിലക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും. ചെലവിന് ആനുപാതികമായ വില കര്‍ഷകര്‍ക്ക് കിട്ടില്ലെന്ന് മാത്രമല്ല, സംഭരിക്കാന്‍ ലഭിക്കുന്ന അനുമതിയുടെ മറവില്‍ ഉത്പന്നങ്ങള്‍ പൂഴ്ത്തിവെച്ച് വിപണിയില്‍ വില വര്‍ധിപ്പിക്കുകയും ചെയ്യും ഈ കമ്പനികള്‍.

പ്രതിരോധ സാമഗ്രികളുടെ നിര്‍മാണത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള പരിധി 49ല്‍ നിന്ന് 74 ശതമാനമാക്കുക എന്നതാണ് മറ്റൊരു തീരുമാനം. ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഇറക്കുമതി കുറക്കുമെന്ന് പറഞ്ഞ് ശ്വാസം വിടുന്നതിന് മുമ്പാണ് നിര്‍മലാ സീതാരാമന്‍ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്ന കാര്യം പറഞ്ഞത്. ഇന്ത്യയിലേക്ക് ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍ക്ക് ഇവിടെ നിക്ഷേപം നടത്തി ഉത്പാദനം നടത്താമെന്നാണ് അര്‍ഥം. തൊഴിലവസരങ്ങള്‍ അല്‍പ്പം കൂടിയേക്കാമെങ്കിലും രാജ്യ സുരക്ഷയെ സംബന്ധിച്ച ഗൗരവമേറിയ ആശങ്കകള്‍ ഈ തീരുമാനം ഉയര്‍ത്തുന്നുണ്ട്.

ബഹിരാകാശ മേഖലയില്‍ സ്വകാര്യ പങ്കാളിത്തമാണ് മറ്റൊന്ന്. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐ എസ് ആര്‍ ഒ) അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ സ്വകാര്യ കമ്പനികളെ അനുവദിക്കും. ഉപഗ്രഹ നിര്‍മാണം, വിക്ഷേപണം എന്നിവയൊക്കെ സ്വകാര്യ കമ്പനികള്‍ക്ക് നടത്താം. അദാനിയും അംബാനിയുമൊക്കെ നിര്‍മിക്കുന്ന ഉപഗ്രഹങ്ങളുടെ വിക്ഷേപണം മുഖ്യ ദൗത്യമാകുന്ന ഏജന്‍സി മാത്രമായി ഐ എസ് ആര്‍ ഒ മാറുന്ന കാലം അധികമല്ലെന്ന് ചുരുക്കം. കല്‍ക്കരി, ബോക്‌സൈറ്റ്, ധാതുക്കള്‍ എന്നിവയുടെ ഖനനത്തില്‍ സ്വകാര്യ മേഖലക്ക് സമ്പൂര്‍ണാനുമതി നല്‍കുകയും ചെയ്തു കേന്ദ്ര സര്‍ക്കാര്‍. കല്‍ക്കരി നിക്ഷേപത്തിന്റെ അളവ് കണ്ടെത്താനുള്ള പര്യവേഷണം, തുടര്‍ന്നുള്ള ഖനനം എന്നിവയൊക്കെ ഒരൊറ്റ കമ്പനിക്ക് തന്നെ നടത്താം. ഇതിനായി മുന്നിട്ടിറങ്ങുന്ന കമ്പനികള്‍ക്ക് പ്രകൃതി വിഭവ നിക്ഷേപത്തെക്കുറിച്ച് ഇതിനകം കേന്ദ്ര സര്‍ക്കാര്‍ സമാഹരിച്ചിട്ടുള്ള വിവരങ്ങളൊക്കെ കൈമാറുകയും ചെയ്യും. കല്‍ക്കരിയുടെയോ ധാതുക്കളുടെയോ നിക്ഷേപമുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളെക്കുറിച്ച് ധാരണ ലഭിക്കുന്ന കമ്പനികള്‍ക്ക് അവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ എളുപ്പത്തില്‍ സാധിക്കുമെന്ന് ചുരുക്കം. ഇങ്ങനെ പ്രവര്‍ത്തനം തുടങ്ങുന്ന കമ്പനികള്‍ ഉത്പാദനത്തിന് ആനുപാതികമായ വിഹിതം കേന്ദ്രത്തിന് നല്‍കേണ്ടതുമില്ല. വരുമാനം പങ്കിട്ടാല്‍ മതിയാകും. ഇതില്‍പ്പരം സൗകര്യമൊന്നും സ്വകാര്യ മേഖലക്ക് ചെയ്തു കൊടുക്കാന്‍ തത്കാലം നരേന്ദ്ര മോദി സര്‍ക്കാറിന് സാധിക്കില്ല. ഇതും തൊഴിലവസരം സൃഷ്ടിച്ചേക്കും. പക്ഷേ, ഖനനത്തിന് നിശ്ചയിക്കപ്പെടുന്ന പ്രദേശത്തു നിന്നോ അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ നിന്നോ പറിച്ചെറിയപ്പെടുന്ന ആയിരങ്ങളുടെ കാര്യം ഒരു കണക്കിലുമുണ്ടാകില്ല.

ഇതൊക്കെയും കൊവിഡ് പ്രതിസന്ധി പരിഹരിക്കാനുള്ള പാക്കേജാണെന്ന് പറയുമ്പോള്‍ രാജ്യത്തെയും ജനങ്ങളെയും പരിഹസിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. കൊറോണ വൈറസ് ബാധിക്കുന്നത് തടയാന്‍ സാമൂഹിക അകലം പാലിക്കണമെന്നത് നിര്‍ബന്ധമായിരിക്കെ, അങ്ങനെ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും വിധത്തില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ രാജ്യത്ത് പരസ്യമായ പ്രതിഷേധങ്ങളൊന്നുമുണ്ടാകില്ലെന്നത് വലിയൊരു അവസരമാണ്. അതിനെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഭരണകൂടം. ജനങ്ങളെ സാമ്പത്തിക നയങ്ങളിലൂടെ ആക്രമിക്കാന്‍ പറ്റിയ അവസരം പ്രതിസന്ധിയുടേതാണെന്ന് രാജ്യത്തെ ആദ്യം ബോധ്യപ്പെടുത്തിയത് കോണ്‍ഗ്രസാണ്. ബാബരി മസ്ജിദിന്റെ പേരില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ആഴം കൂട്ടാന്‍ സംഘ്പരിവാരം ഇറങ്ങിത്തിരിച്ചതിനെത്തുടര്‍ന്നുണ്ടായ സാമൂഹികമായ സംഘര്‍ഷാവസ്ഥയും അനിശ്ചിതാവസ്ഥയും അവസരമാക്കിയാണല്ലോ നരസിംഹറാവു പ്രധാനമന്ത്രിയും ഡോ. മന്‍മോഹന്‍ സിംഗ് ധനമന്ത്രിയുമായിരിക്കെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്ക് വേഗം കൂട്ടിയത്. അതിനേക്കാള്‍ വലിയ അവസരമായി കൊവിഡ് കാലം നരേന്ദ്ര മോദിക്കും കൂട്ടര്‍ക്കും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest