Covid19
ലോകത്ത് 48 ലക്ഷം കൊവിഡ് രോഗികള്‍; നഷ്ടപ്പെട്ടത് മൂന്നേകാല്‍ ലക്ഷത്തിന് മുകളില്‍ ജീവനുകള്‍

വാഷിംഗ്ടണ്‍ | ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 വൈറസ് അടുത്തെന്നും മനുഷ്യനെവിട്ട് പോകില്ലെന്ന് ആരോഗ്യ വിദഗ്ദര്‍. ലോകത്തെ പല രാജ്യങ്ങളിലായി ഏറിയും കുറഞ്ഞും വൈറസ് പടരുകയാണ്. ലോകത്ത് ഇതിനകം വൈറസ് ബാധിതരുടെ എണ്ണം 48 ലക്ഷമായി.മരണ സംഖ്യയാകട്ടെ 3,16,516ഉം. 18 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി. 26.26 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 44,817 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ഇന്നലെ മാത്രം ലോകമാകമാനം 3618 പേരാണ് മരിച്ചത്.82,257പുതിയ കേസുകള്‍ റിപ്പോര്‍ട്ട്ചെയ്യപ്പെട്ടു. അമേരിക്കയില്‍ 865 പേരാണ് ഇന്നലെ മരിച്ചത്. ബ്രസീലിലും ഫ്രാന്‍സിലും 485 വീതം മരണങ്ങളുമുണ്ടായി.
അമേരിക്കയില്‍ 15.27 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണ സംഖ്യ 90,000 കടന്നു. ഇന്നലെ മാത്രം യു എസില്‍ രോഗം സ്ഥിരീകരിച്ചത് 19,891 പേര്‍ക്കാണ്.
യു എസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യം റഷ്യയാണ്. റഷ്യയില്‍ 2.82ലക്ഷം കേസുകളാണ് സ്ഥിരീകരിച്ചത്. കേസുകള്‍ കൂടിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ മരണ നിരക്ക് കുറവാണ്. 2631 പേരാണ് ഇതിനകം റഷ്യയില്‍ മരിച്ചത്. സ്‌പെയിന്‍ 2.78 ലക്ഷം, യുകെ 2.45 ലക്ഷം, ബ്രസീല്‍ 2.41 ലക്ഷം ഇറ്റലി 2.25 ലക്ഷം, ഫ്രാന്‍സ് 1.80 ലക്ഷം എന്നിങ്ങനെയാണ് പ്രധാന രാജ്യങ്ങളിലെ കൊവിഡ് കേസുകള്‍.
സ്‌പെയിനില്‍ 27,650 പേരും ബ്രിട്ടനില്‍ 34,636 പേരും മരണപ്പെട്ടു. ബ്രസീലില്‍ 16,118 പേര്‍ക്കും ഇറ്റലിയില്‍ 31,908 പേര്‍ക്കും ഫ്രാന്‍സില്‍ 28,108 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു.