Connect with us

Kerala

കേന്ദ്ര പാക്കേജ് മല പ്രസവിച്ച എലിയായി: ബിനോയ് വിശ്വം എം പി

Published

|

Last Updated

തിരുവനന്തപുരം | ഇന്ത്യയെ രക്ഷിക്കാനായിപ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജ് മല പ്രസവിച്ച എലിയായെന്ന് സി പി ഐ ദേശീയ സെക്രട്ടറിയും പാര്‍ലന്ററി പാര്‍ട്ടി ലീഡറുമായ ബിനോയ് വിശ്വം എംപി. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് അഞ്ച് ദിവസങ്ങളില്‍ ധനമന്ത്രി ചമച്ച വ്യാഖ്യാനങ്ങള്‍ മോഡി സര്‍ക്കാറിന്റ തനിനിറം പുറത്ത് കാട്ടിയെന്നും കൊറോണയുടെ മറവില്‍ സര്‍ക്കാര്‍ സ്വകാര്യ കുത്തകകളുടെ മുമ്പില്‍ രാജ്യത്തെ അടിയറവ് വച്ചിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിച്ചിട്ടും ബാങ്കുകള്‍ ഒരിക്കലും നല്‍കാത്ത പണത്തിന്റെ കണക്ക് നിരത്തിയിട്ടും 20 ലക്ഷം കോടി ടാലിയാക്കാന്‍ ധനമന്ത്രിക്കായില്ല. സാമ്പത്തിക രംഗത്തെ സര്‍ക്കാരിന്റെ ഗതികേടും വഞ്ചനയുടെ കട്ടിയുള്ള വാക്കുകളിലൂടെ മൂടി വെക്കാനാണ് അഞ്ച് ദിവസവും ധനമന്ത്രി ശ്രമിച്ചത്. പാവങ്ങളുടെ പട്ടിണി മരണം ഒഴിവാക്കാന്‍ അവരുടെ കൈയ്യില്‍എത്ര പണംഎത്തുമെന്ന് മാത്രം പറയാന്‍ ഗവണ്‍മെന്റിന് കഴിയുന്നില്ല. ഖനികളും പ്രതിരോധവും വൈദ്യുതിയും ശൂന്യാകാശ പര്യവേഷണവും എല്ലാം സ്വകാര്യവത്കരിച്ച മോഡി ഗവണ്‍മെന്റ് തങ്ങളുടെ പേരിനൊപ്പം അംബാനി – അദാനി ഇന്‍കോര്‍പറേറ്റഡ് എന്ന് ബ്രാക്കറ്റിലെഴുതാന്‍ ഇനി മടി കാണിക്കേണ്ടതില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

സംസ്ഥാനങ്ങളുടെ വായ്പ പരിധി വര്‍ദ്ധിപ്പിച്ചപ്പോഴും തെറ്റായ ഉപാധികള്‍ വച്ച് അതിന്റെ ഫലം അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിച്ചത്. തൊഴിലുറപ്പ് പദ്ധതി 365 ദിവസങ്ങളിലും നടപ്പിലാക്കാനും കൂലി ഇരട്ടിപ്പിക്കാനും അമാന്തിച്ചാല്‍ ഇന്ത്യയില്‍ പട്ടിണി മരണങ്ങള്‍ ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest