Connect with us

Editorial

കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണം

Published

|

Last Updated

കൃഷിയുടെയും അനുബന്ധ മേഖലകളുടെയും പുനരുദ്ധാരണം ലക്ഷ്യമാക്കുന്നതാണ് ധനമന്ത്രി നിര്‍മല സീതാരാമൻ ‍പ്രഖാപിച്ച കൊവിഡ് സാമ്പത്തിക പാക്കേജിന്റെ മൂന്നാംഘട്ടം. കാര്‍ഷിക മേഖലയുടെ അടിസ്ഥാന വികസനത്തിന് എട്ടും ഭരണപരിഷ്‌കരണവുമായി ബന്ധപ്പെട്ട് മൂന്നും പദ്ധതികളാണ് പ്രഖ്യാപനത്തിലുള്ളത്. ഒരു ലക്ഷം കോടി രൂപയാണ് മൂന്നാംഘട്ട പദ്ധതിക്ക് നീക്കിവെക്കുന്നത്. ഇതോടൊപ്പം കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ രാജ്യത്തെവിടെയും നേരിട്ട് വില്‍പ്പന നടത്താന്‍ സാധിക്കുന്ന തരത്തില്‍ നിയമനിര്‍മാണം നടത്തുമെന്നും മന്ത്രി പറയുന്നു. ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കാനും കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കാനും ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിപ്രധാന മേഖലയാണ് കാര്‍ഷിക മേഖല. ജനസംഖ്യയില്‍ പകുതിയിലേറെ വരുന്ന വിഭാഗത്തിന്റെ മുഖ്യവരുമാനമായ കൃഷി കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. കൂടിയ ഉത്പാദനച്ചിലവ്, വിപണിയുടെ അപര്യാപ്തതയും അനിശ്ചിതത്വവും, ജലസേചന സൗകര്യങ്ങളുടെ അപര്യാപ്ത, കൃഷിക്കായി ഉയര്‍ന്ന പലിശക്ക് ബേങ്കുകളിൽ നിന്നും വട്ടിപ്പലിശക്കാരിൽ ‍നിന്നും കടമെടുക്കേണ്ടി വരുന്ന സാഹചര്യം, ഉത്പന്നങ്ങളുടെ വിലയിടിവ് തുടങ്ങിയ കാരണങ്ങളാല്‍ കൃഷി ഇന്നൊരു നഷ്ടക്കച്ചവടമായി മാറിയിരിക്കുന്നു. രാജ്യത്ത് കൃഷിക്ക് ഉപയോഗിക്കാവുന്ന 60 ശതമാനത്തോളം ഭൂമിയില്‍ ജലസേചനമില്ല. പ്രതിവര്‍ഷം ഇന്ത്യയിലെ 3.5 ശതമാനം കര്‍ഷകര്‍ക്ക് കൃഷിഭൂമി നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയുമാണ്. ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ചയെ തുടര്‍ന്ന് പാല്‍ വന്‍തോതിൽ ‍റോഡിലൊഴിച്ചും ലോഡുകണക്കിന് വിളകള്‍ റോഡില്‍ തള്ളിയും കര്‍ഷകർ പ്രതിഷേധിക്കുന്ന കാഴ്ച കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തുടനീളം കണ്ടിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ വന്‍കര്‍ഷക പ്രക്ഷോഭങ്ങളും അരങ്ങേറി. നോട്ടുനിരോധനത്തെ തുടര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലുണ്ടായ മാന്ദ്യസമാനമായ അവസ്ഥ കര്‍ഷകരുടെ ജീവിതം കൂടുതല്‍ നരക തുല്യമാക്കി മാറ്റിയിരുന്നു. പ്രകൃതി ദുരന്തങ്ങള്‍ കാര്‍ഷിക മേഖലയില്‍ ഏല്‍പ്പിക്കുന്ന കനത്ത പ്രത്യാഘാതങ്ങള്‍ പാവപ്പെട്ട കര്‍ഷകരുടെ നിലനില്‍പ്പിനെത്തന്നെ ബാധിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതേതുടര്‍ന്ന്, കാര്‍ഷികവൃത്തി ഉപേക്ഷിച്ച് ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് പലായനം ചെയ്യുന്നവരുടെയും ആത്മഹത്യ ചെയ്യുന്നവരുടെയും എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

1995നും 2016നുമിടയില്‍ ഇന്ത്യയില്‍ 3,20,000 കര്‍ഷകര്‍ ആത്മഹത്യചെയ്തുവെന്നാണ് നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇതുസംബന്ധിച്ച കണക്ക് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 3.2 കോടി കര്‍ഷകരാണ് കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ കൃഷി ഉപേക്ഷിച്ച് നഗരപ്രദേശങ്ങളിലേക്ക് പലായനം ചെയ്തത്. കാര്‍ഷിക മേഖലയില്‍ നിന്ന് മാറി ജോലി സാധ്യതയുള്ള മറ്റു മേഖലകളിലേക്ക് ചേക്കേറുന്നത് ജീവിത സാഹചര്യം മെച്ചപ്പെടുത്താനുതകുമെങ്കിലും ഇന്ത്യയിലെ കാര്‍ഷികോത്പാദനം വന്‍തോതില്‍ കുറയാന്‍ ഇടയാക്കുന്നുണ്ട്.

ബംഗളൂരു ആസ്ഥാനമായ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറും ഡീനുമായ ഡോ. നരേന്ദ്ര പാനിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കാര്‍ഷിക മേഖലയിലെ ആത്മഹത്യയും കാര്‍ഷിക രംഗം വിട്ട് ഇതരമേഖലകളിലേക്ക് ജോലി തേടിപ്പോകുന്ന പ്രവണതയും തടയിടാൻ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. തരിശുഭൂമികള്‍ കണ്ടെത്തി കൃഷിക്ക് യോഗ്യമാക്കാന്‍ കര്‍ഷകരെ സഹായിക്കുന്നതിന് സംവിധാനമൊരുക്കുക, വിള ഇന്‍ഷ്വറന്‍സ് പദ്ധതി നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക, കമ്പോളത്തില്‍ ഉത്പന്നങ്ങള്‍ക്ക് കിട്ടുന്ന ന്യായമായ വിലയെക്കുറിച്ച് കര്‍ഷകരെ ബോധവാന്മാരാക്കുക, നിലവില്‍ ജോലിയില്ലാതെ ജീവിക്കുന്ന മുതിര്‍ന്ന കര്‍ഷകത്തൊഴിലാളികളില്‍ നൈപുണ്യ വികസനത്തിനുള്ള മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുക, കര്‍ഷകരുടെ അടിസ്ഥാനപരമായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ഗ്രാമീണ മേഖലയിലുള്ള യുവതീ- യുവാക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. ഉള്‍നാടന്‍ പ്രദേശങ്ങളിലുള്ള കര്‍ഷകത്തൊഴിലാളികളില്‍ നൈപുണ്യ വികസനത്തിനുള്ള വഴികള്‍ കണ്ടെത്തുന്നതിന് മൊബൈല്‍ ട്രെയിനിംഗ്് സെന്ററുകള്‍ നിര്‍മിക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കാര്‍ഷിക മേഖലയിലെ ആഭ്യന്തര വളര്‍ച്ചാനിരക്ക് 15 ശതമാനം കുറഞ്ഞതായി പഠനം കണ്ടെത്തി. കാര്‍ഷിക മേഖലയിലെ വളര്‍ച്ച കുറഞ്ഞതാണ് ഗ്രാമീണ മേഖലയിലെ ദരിദ്രവത്കരണത്തിന്റെ പ്രധാന കാരണം. 2012-13ല്‍ 3,600 കോടിയായിരുന്നു കാര്‍ഷിക കയറ്റുമതിയിലൂടെയുള്ള രാജ്യത്തിന്റെ നേട്ടമെങ്കില്‍ 2016- 17ല്‍ അത് 3,100 കോടിയായി കൂപ്പുകുത്തുകയും ചെയ്തു.

കാര്‍ഷിക മേഖലക്ക് ബജറ്റില്‍ പ്രതിവര്‍ഷം നല്ലൊരു വിഹിതം നീക്കിവെക്കുന്നുണ്ട് സര്‍ക്കാര്‍. കൃഷി അനുബന്ധ മേഖലകള്‍, ജലസേചനം, ഗ്രാമവികസനം എന്നിവക്കായി 2.83 ലക്ഷം കോടി രൂപയാണ് 2020-21ലെ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചത്. എന്നാല്‍, ബജറ്റിൽ വാഗ്ദാനം ചെയ്യുന്ന തുകയുടെ അറുപതോ എഴുപതോ ശതമാനം മാത്രമേ ചിലവഴിക്കപ്പെടുന്നുള്ളൂ. വിളകളുടെ വിപണി വില നിയന്ത്രണത്തിനും താങ്ങുവില ലഭ്യമാക്കേണ്ടതിനുമായി നേരത്തേ പ്രഖ്യാപിച്ച പദ്ധതികളടക്കം കാര്‍ഷിക മേഖലയുടെ സാമ്പത്തികനില മെച്ചപ്പെടുത്തുന്ന പദ്ധതികളെല്ലാം തന്നെ അനുവദിച്ച മുഴുവന്‍ തുകയും ചിലവഴിക്കാനാവാതെ കിടക്കുകയാണ്. വിളകള്‍ക്ക് മികച്ച വില ലഭ്യമാക്കാനായി നടപ്പാക്കുന്ന പ്രധാനമന്ത്രി അന്നതാദാ ആയ് സംരക്ഷണ്‍ പദ്ധതിയുടെ 80 ശതമാനത്തോളമാണ് ചിലവഴിക്കാതെ കിടക്കുന്നത്. വാഗ്ദാനങ്ങള്‍ക്കൊപ്പം പ്രഖ്യാപിത പദ്ധതികള്‍ സമയബന്ധിതമായും കാര്യക്ഷമമായും നടപ്പാക്കുക കൂടി വേണം. വികസ്വര രാജ്യമായ ഇന്ത്യയില്‍ കാര്‍ഷിക മേഖലയുടെ നിലനില്‍പ്പ് പ്രധാനമാണ്. അതിന്റെ തകര്‍ച്ചക്ക് ഇനിയും ആക്കം കൂട്ടാതിരിക്കാനും മേഖല താളംതെറ്റാതിരിക്കാനും ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കാനുമാകണം ഈ രംഗത്ത് നടപ്പാക്കുന്ന പദ്ധതികള്‍. സാമൂഹികമായി അനീതി നിറഞ്ഞതും സാമ്പത്തികമായി സ്ഥിരതയില്ലാത്തതുമായ അവസ്ഥയാണ് നിലവില്‍ രാജ്യത്ത്. ഈ പ്രശ്‌നത്തിന് വലിയ പരിഹാരമാകും കാര്‍ഷിക മേഖലയിലെ മുന്നേറ്റം.

Latest