Connect with us

Ramzan

വ്യാജ വാർത്തകളുടെ പ്രചാരണം

Published

|

Last Updated

രാജ്യത്തിന്റെ ക്രമസമാധാനത്തിന് മുന്തിയ പരിഗണന നൽകുന്ന മതമാണ് ഇസ്‌ലാം. അതുകൊണ്ടാണ് ക്രമസമാധാന പാലനത്തിലെ മുഖ്യഘടകമായ വാർത്തകളുടെ കൈകാര്യത്തിന് ഇസ്‌ലാം വ്യക്തമായ മാർഗനിർദേശങ്ങൾ നൽകുന്നത്. സന്തോഷത്തിന്റെ വാർത്തകളായാലും സന്താപത്തിന്റെ വാർത്തകളായാലും ആ മാർഗനിർദേശങ്ങളിലൂടെയാണ് കൈകാര്യം ചെയ്യേണ്ടത്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെ ഇസ്‌ലാം ശക്തമായി എതിർക്കുന്നു. ഒരു മെസ്സേജ് ലഭിച്ചയുടനെ അതിന്റെ സത്യാവസ്ഥ ബോധ്യപ്പെടുന്നതിന് മുമ്പ് പ്രചരിപ്പിക്കുന്നവരുടെ അവസ്ഥയെക്കുറിച്ച് ഖുർആൻ പറയുന്നു: നിങ്ങൾക്ക് ഒരു വിവരവുമില്ലാത്ത കാര്യങ്ങൾ നിങ്ങൾ പറയുമ്പോൾ അതൊരു നിസ്സാര കാര്യമായി നിങ്ങൾ ഗണിക്കുന്നു. എന്നാൽ അല്ലാഹുവിന്റെ അടുക്കൽ അത് ഗുരുതരമാകുന്നു (സൂറത്തുന്നൂർ 15).

വാർത്തകൾ വന്നെത്തിയാൽ സമൂഹത്തിലെ കാര്യഗൗരവമുള്ളവരിലേക്ക് വിടണം. അവർ സൂക്ഷ്മ പരിശോധന നടത്തി വാർത്തയുടെ സ്രോതസ്സ് കണ്ടെത്തി അതിന്റെ സത്യാസത്യത്തെ സ്ഥിരീകരിക്കണം. തുടർന്ന് അത് പ്രചരിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കണം. ഈ മാർഗവും ക്രമീകരണവുമെല്ലാം ഖുർആൻ പഠിപ്പിച്ചിട്ടുണ്ട്. “സാമാധാനവുമായോ ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാർത്തയും അവർക്ക് വന്നുകിട്ടിയാൽ അവരത് പ്രചരിപ്പിക്കും. അവരത് റസൂലിന്റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കിൽ അവരുടെ കൂട്ടത്തിൽ നിന്ന് നിരീക്ഷിച്ച് മനസ്സിലാക്കാൻ കഴിവുള്ളവർ അതിന്റെ യാഥാർഥ്യം മനസ്സിലാക്കുമായിരുന്നു. നിങ്ങളുടെ മേൽ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കിൽ നിങ്ങളിൽ അൽപം ചിലരൊഴികെ പിശാചിനെ പിൻപറ്റുമായിരുന്നു” (സൂറത്തുന്നിസാഅ് 83). വാർത്തകളുടെ സത്യാവസ്ഥ പരിഗണിക്കാതെ പ്രചരിപ്പിക്കാൻ തിടുക്കം കാണിക്കുന്ന വിഭാഗത്തെ ഖുർആൻ നിരുത്സാഹപ്പെടുകയാണിവിടെ. വിവരമുള്ളവർക്ക് നൽകാതെ വാർത്ത പ്രചരിപ്പിക്കുന്നത് പിശാചിനെ പിൻപറ്റുന്നതിന് തുല്യമാണെന്നും ഈ സൂക്തം ഉദ്ബോധിപ്പിക്കുന്നു.
അടിസ്ഥാനരഹിതമായ ഒരു വാർത്തയെ നബി(സ)യുടെ അടുക്കലെത്തിച്ചാൽ അതിന് ഒരു വിലയും കൽപ്പിക്കാറുണ്ടായിരുന്നില്ല. മാത്രമല്ല കേട്ടതെല്ലാം മറ്റുള്ളവരോട് പറയൽ കളവിന്റെ കൂട്ടത്തിൽ നബി (സ) എണ്ണുകയും ചെയ്തിട്ടുണ്ട്. അറിവില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനേക്കാൾ നല്ലത് മിണ്ടാതിരിക്കലാണെന്നാണ് പ്രവാചകാധ്യാപനം. ഹദീസിൽ കാണാം. “മിണ്ടാതിരുന്നുകൊണ്ട് രക്ഷപ്പെടുകയും അല്ലെങ്കിൽ ഉപകാരമുള്ളത് മാത്രം പറയുകയും ചെയ്യുന്നവർക്ക് അല്ലാഹു കരുണ ചെയ്യട്ടെ”.

മറ്റൊരു സൂക്തത്തിൽ അല്ലാഹു പറയുന്നു: നിനക്ക് അറിവില്ലാത്ത കാര്യത്തിന്റെ പിറകെ പോകരുത്. തീർച്ചയായും കേൾവി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്. (ഇസ്‌റാഅ് 34). വാട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും നാം ഷെയർ ചെയ്യുന്ന മെസ്സേജുകൾ എത്രമാത്രം സത്യസന്ധമാണെന്നും ഷെയർ ചെയ്യുന്നതിലൂടെയുണ്ടാകുന്ന ഫലനങ്ങൾ എന്തൊക്കെയായിരിക്കുമെന്നും ഓരോരുത്തരും ചിന്തിക്കണം. ഇല്ലെങ്കിൽ അത് വലിയ പ്രത്യാഘാതങ്ങൾ വരുത്തിവെച്ചേക്കാം. തീർച്ചയായും അത് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.

സബ് എഡിറ്റർ, സിറാജ്