Connect with us

Ongoing News

മദീനയിൽ നിന്ന് വന്ന ബല്‍ഫഖീഹ് തങ്ങന്മാര്‍

Published

|

Last Updated

തലക്കടത്തൂര്‍ പാറാള്‍ പള്ളിക്ക് സമീപം അന്ത്യവിശ്രമം കൊള്ളുന്ന മഹാമനീഷിയാണ് ഹാഷിം തങ്ങള്‍ബല്‍ഫഖീഹ് ഹബീബ് കോയ. മഹാനവര്‍കളുടെ പിതാവ് സയ്യിദ് അബ്ദുല്ല മദീനയില്‍ നിന്ന് കേരളത്തിലേക്ക് വന്ന ബല്‍ഫഖീഹ് ഖബീലയില്‍പ്പെട്ടവരാണ്.

ഇവര്‍ കണ്ണൂരിലെ ഇരിക്കൂരിലുള്ള പ്രശസ്തമായ സയ്യിദ് കുടുംബമായ കുന്നുമ്മല്‍ തറവാട്ടില്‍ നിന്നും വിവാഹം കഴിച്ചു. ആ ബന്ധത്തിലാണ് സയ്യിദ് ഹബീബ് ബല്‍ഫഖീഹ് ജനിച്ചത്. തുടര്‍ന്ന് മാതാവ് മരണപ്പെടുകയും ഭാര്യയുടെ വിയോഗ വിഷമത്താല്‍ പിതാവ് മദീനയിലേക്ക് തിരിച്ചുപോകുകയും അവിടെ വഫാത്താകുകയും ചെയ്തു. മാതാപിതാക്കളുടെ വേര്‍പാടില്‍ ഉമ്മയുടെ തറവാട്ടില്‍ തന്നെ പ്രായപൂര്‍ത്തിയാകുന്നത് വരെ താമസിച്ചു. ഇതിനിടെ പിതാവിന്റെ മുന്‍ ഭാര്യയില്‍ ജനിച്ച ജ്യേഷ്ഠ സഹോദരനെ കുറിച്ച് അറിവ് ലഭിക്കുകയും അവരെ അന്വേഷിച്ച് ജില്ലയിലെ വേങ്ങരയിലെത്തിപ്പെടുകയും ചെയ്തു. ഇപ്പോള്‍ വേങ്ങര പാറയില്‍ മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഹാഷിം ബല്‍ഫഖീഹ് (കണ്ണില്ലാ തങ്ങള്‍) സഹോദരനെ തിരിച്ചറിയുകയും കൂടെ താമസിപ്പിക്കുകയും ചെയ്തു. ഇദ്ദേഹമാണ് പതിനെട്ടാം വയസ്സില്‍ തലക്കടത്തൂര്‍ പഴയ ജുമുഅത്ത് പള്ളിയിലെ അക്കാലത്തെ പ്രശസ്തമായ ദര്‍സില്‍ മഹാനവര്‍കളെ ചേര്‍ക്കുന്നത്.
സൂഫിവര്യനായിരുന്ന കുറ്റൂര്‍ കമ്മുണ്ണി മുസ്‌ലിയാരുടെ ശിഷ്യണത്തിലായിരുന്നു ദര്‍സ് പഠനം. ഉസ്താദിന്റെ അരുമ ശിഷ്യരില്‍ ഒരാളായി മാറാന്‍ മഹാനവര്‍കള്‍ക്ക് സാധിച്ചു. പഠന കാലത്ത് തന്നെ മഹാന്റെ ശ്രേഷ്ഠത ഉസ്താദ് മനസ്സിലാക്കുകയും ചെയ്തിരുന്നു.

ഒരുഘട്ടത്തില്‍ ഹബീബ് കോയ തങ്ങള്‍ക്ക് ദര്‍സിന്റെ താത്കാലിക ചുമതല നല്‍കി കമ്മുണ്ണി മുസ്‌ലിയാര്‍ നാട്ടിലേക്ക് പോകുകയും അന്ന് അര്‍ധരാത്രി വീട്ടിലേക്കുള്ള വഴിയില്‍ പുഴയില്‍ അപകടത്തില്‍പ്പെട്ടുവെന്ന വിവരം സ്വപ്‌നത്തില്‍ ദര്‍ശിക്കുകയും സഹപാഠികളെ വിളിച്ചുണര്‍ത്തി ഇതില്‍നിന്ന് രക്ഷപ്പെടുന്നതിന് ദുആ ചെയ്യാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. പിറ്റേദിവസം ഗുരു ഒരു പോറലുമേല്‍ക്കാതെ ദര്‍സില്‍ തിരിച്ചെത്തി. തലേനാള്‍ ഉണ്ടായ സംഭവം ശിഷ്യന്‍മാര്‍ക്ക് മുന്നില്‍ വിവരിക്കുകയുമുണ്ടായി.
ഇത്തരം അത്ഭുത സിദ്ധികള്‍ വെളിവാകാന്‍ തുടങ്ങിയതോടെ നാട്ടുകാരുടെ പ്രിയങ്കരനായി അദ്ദേഹം മാറി. തുടര്‍ന്ന് അദ്ദേഹത്തിനും കുടുംബത്തിനും താമസിക്കാനുള്ള സൗകര്യം പ്രദേശത്ത് തന്നെ നാട്ടുകാര്‍ ഏര്‍പ്പെടുത്തുകയായിരുന്നു.

പ്രശ്‌ന പരിഹാരവുമായി തന്നെ സമീപിച്ചവര്‍ക്ക് നിര്‍ദേശിച്ചിരുന്നത് തന്റെ സമീപത്ത് എന്താണോ ഉണ്ടാകുക അതായിരുന്നുവെന്ന് അനുഭവസ്ഥര്‍ പറയുന്നു. തന്റെ സമീപത്തെത്തിയ പലരും സഹചാരിയായി കൂടെ കഴിഞ്ഞിട്ടുണ്ട്. 1945 റബീഉല്‍ അവ്വല്‍ ഏഴിനാണ് സയ്യിദ് ഹാഷിം ബല്‍ഫഖീഹ് ഹബീബ് കോയ തങ്ങള്‍ ഇഹലോകവാസം വെടിഞ്ഞത്. തങ്ങളുടെ ഇഷ്ടജനങ്ങള്‍ ദാനമായി നല്‍കിയ വൈലത്തൂര്‍-തിരൂര്‍ റോഡരികില്‍ ഓവുങ്ങല്‍ പാറാള്‍ പള്ളിക്ക് സമീപത്തെ ഭൂമിയിലാണ് മയ്യിത്ത് ഖബറടക്കിയത്.

മഖാം സിയാറത്ത് ചെയ്യുന്നതിനായി ഇന്നും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ഇവിടെയെത്തുന്നുണ്ട്. എല്ലാ വര്‍ഷവും റബീഉല്‍ അവ്വല്‍ ഏഴിനാണ് ആണ്ടു നേര്‍ച്ച നടക്കുന്നത്. ഏക മകന്‍ സയ്യിദ് ഹാഷിം ബല്‍ഫഖീഹ് മുത്തുകോയ തങ്ങള്‍ രണ്ടു വര്‍ഷം മുമ്പാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ മകന്‍ സക്കീര്‍ ഹുസൈന്‍ ബല്‍ഫഖീഹ് ആണ് മഖ്ബറ നടത്തിപ്പിന് നേതൃത്വം നല്‍കുന്നത്.

---- facebook comment plugin here -----

Latest