Connect with us

Articles

കൊവിഡിനൊപ്പം കടലെടുത്ത് പോകുന്നത്

Published

|

Last Updated

ലോകത്ത് മഹാമാരികള്‍ വരും, പോകും. പക്ഷേ, മനുഷ്യത്വം വരാനല്ലാതെ, നിരന്തരം വന്നുകൊണ്ടിരിക്കാനല്ലാതെ ഒരിക്കലും പോകാന്‍ പാടില്ല. എന്നാല്‍ നമ്മുടെ കാലത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളിലേക്ക് കണ്ണുതുറക്കുമ്പോള്‍ മഹാമാരിക്കൊപ്പം കടലെടുത്ത് പോകുന്നത് മനുഷ്യത്വവുമാണ്. അതിന്റെ കുടില പ്രഖ്യാപനം ലോകത്തെ ഏറ്റവും കരുത്തുറ്റ രാഷ്ട്രമെന്ന് അറിയപ്പെടുന്ന അമേരിക്കയില്‍ നിന്നായത് യാദൃച്ഛികമല്ല. മഹാമാരി വീടിന്റെ മുറ്റത്ത് വന്ന് മുടിയഴിച്ചിട്ട് തിമിര്‍ത്താടിയപ്പോഴും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അതിന്റെ കൈകളില്‍ മോതിരമുണ്ടോ, അതിന്റെ ശിരസ്സില്‍ കിരീടമുണ്ടോ, അതിന്റെ കാലുകളില്‍ പാദരക്ഷകളുണ്ടോ, അതിന് വിപണിയില്‍ എത്ര വില കിട്ടും എന്നൊക്കെ ആലോചിക്കാനാണ് ശ്രമിച്ചത്.
2020 മാര്‍ച്ച് 11 ലോകമഹാമാരി ദിനമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചപ്പോള്‍ ആ പ്രഖ്യാപനത്തിന്റെ ഉള്‍ക്കനമേറ്റുവാങ്ങാന്‍ ട്രംപിന് മാത്രമല്ല യൂറോപ്പിലെ സമ്പന്ന രാഷ്ട്രങ്ങളിലെ ഭരണാധികാരികള്‍ക്കോ അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കോ കഴിഞ്ഞില്ല. ഡോക്ടര്‍ ടെഡ്രോസ് അദാനം ഗബ്രിയേല്‍ എന്ന ലോകാരോഗ്യ സംഘടനയുടെ ഡയറക്ടറുടെ രാജ്യവും രാഷ്ട്രീയവും ചികയുന്നതിലായിരുന്നു പലര്‍ക്കും കമ്പം. മഹാമാരിയെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയ നേരത്തും, അതിന്റെ വ്യാപനത്തെ സംബന്ധിച്ച ഭീതിദമായ സാഹചര്യം നിലനില്‍ക്കുന്ന സമയത്തും സാമ്രാജ്യത്വം ചെയ്തത് എന്തായിരുന്നു. ഒരു എത്യോപ്യക്കാരന്‍, ലോകത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട ഒരു മൂന്നാംലോക രാഷ്ട്രമായ എത്യോപ്യയില്‍ നിന്ന് വന്നവന്‍, ഇടതുപക്ഷ ജനാധിപത്യ കാഴ്ചപ്പാട് പുലര്‍ത്തുന്നവന്‍, ചൈനയോട് ചാരി നില്‍ക്കുന്നവന്‍ എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നതിലായിരുന്നു അവര്‍ക്ക് താത്പര്യം. ചൈനീസ് വൈറസെന്നും ഏഷ്യന്‍ രോഗമെന്നുമൊക്കെ വിളിച്ചാര്‍ത്ത് മഹാമാരിയെ കൊച്ചാക്കാനുള്ള ശ്രമങ്ങളും മനുഷ്യത്വത്തിന് മുറിവേല്‍പ്പിക്കുന്ന പ്രയോഗങ്ങളും അവര്‍ ആവര്‍ത്തിച്ചു.

എന്നാല്‍ സ്വന്തം രാജ്യത്ത് മനുഷ്യരെ ഒന്നിനു പിറകെ മറ്റൊന്നായി മഹാമാരി മറിച്ചിട്ടപ്പോള്‍ അവര്‍ക്ക് സ്വരം മാറ്റേണ്ടിവന്നു. പക്ഷേ, അപ്പോഴും മഹാമാരിയെ പ്രതിരോധിക്കാനുള്ള ഒരു ആഗോള ആരോഗ്യ സംവിധാനമാണ് അനിവാര്യമെന്ന ലോകാരോഗ്യ സംഘടനയുടെ കാഴ്ചപ്പാടിന് പിന്തുണ നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പകരം മഹാമാരിക്കെതിരെ വാക്‌സിന്‍ നിര്‍മാണത്തിലേര്‍പ്പെട്ട ജര്‍മനിയിലെ കമ്പനിയോട് അതിന്റെ പേറ്റന്റ് അമേരിക്കക്ക് നല്‍കണമെന്ന് ആവശ്യപ്പെടാനായിരുന്നു അവര്‍ക്ക് കമ്പം. സാര്‍വദേശീയതയെ കുറിച്ച് ആലോചിക്കേണ്ട ഒരു സമയത്ത് പോലും സങ്കുചിതമായ വംശീയത വെച്ചുപുലര്‍ത്താനാണ് ട്രംപ് ശ്രമിച്ചത്. മാത്രവുമല്ല, കീടനാശിനി ഇന്‍ജക്ട് ചെയ്ത് ഈ രോഗത്തെ ചെറുക്കാന്‍ ആകുമെന്നും ഇതത്ര വലിയ രോഗമല്ലെന്നും ട്രംപ് വാദിച്ചു. ഇത്തരത്തിലുള്ള അസംബന്ധ പ്രസ്്താവനകള്‍ ഒന്നിനു പിറകെ മറ്റൊന്നായി നടത്തുമ്പോഴും ആയിരങ്ങളും പതിനായിരങ്ങളും രോഗത്തിന്റെ പിടിയില്‍ അകപ്പെട്ടുകൊണ്ടേയിരിക്കുകയായിരുന്നു. അതൊന്നുമല്ല ട്രംപിനെ അസ്വസ്ഥപ്പെടുത്തിയത്. നവംബറില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാനുള്ള ശ്രമമായിട്ടാണ് ലോകാരോഗ്യ സംഘടനയും ചൈനയും അമേരിക്കയിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയും കൂടി കൊവിഡ് 19നെ മാറ്റിയിരിക്കുന്നത് എന്നാണയാള്‍ പറഞ്ഞുവെച്ചത്. രോഗം പോയി തുലയട്ടെ, തിരഞ്ഞെടുപ്പില്‍ ജയിക്കണം എന്ന നിലപാട്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയും അതിന്റെ നേതാവും തിരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ മനുഷ്യരെയാകെ തോല്‍പ്പിക്കുന്ന ഒരു മഹാമാരിക്ക് മുന്നില്‍ നിന്ന് കൊണ്ട് അതിനെ പ്രതിരോധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കാര്യമായി ഇടപെടാതെ സ്വന്തം തിരഞ്ഞെടുപ്പ് വിജയത്തെ കുറിച്ച് പറയാന്‍ സാമ്രാജ്യത്വത്തിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല.
കൊറോണ വൈറസ് പ്രകൃതിജന്യമാണ്. അത് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണെന്നും തിരിച്ചറിയപ്പെട്ടിട്ടുണ്ട്. അതേസമയം, ഈ വൈറസിന്റെ വ്യാപനത്തിന് ഇടയാക്കിയത് എന്താണ്? അത് നിയോലിബറല്‍ നയങ്ങളാണ്. അതുകൊണ്ടാണ് പല സാമൂഹിക വിദഗ്ധരും കൊറോണ വൈറസിനെ നിയോലിബറല്‍ വൈറസ് എന്ന് കൃത്യമായി പേരിട്ട് വിളിച്ചത്. അങ്ങനെ നോക്കുമ്പോള്‍ ഈ വൈറസ് പേര് സൂചിപ്പിക്കുന്നത് പോലെ 2019ല്‍ രൂപംകൊണ്ടതല്ല. രണ്ടായിരാമാണ്ടില്‍ തന്നെ സാര്‍സ് അമേരിക്കയില്‍ വ്യാപകമായപ്പോള്‍ നോം ചോംസ്‌കിയെ പോലുള്ള ധൈഷണികര്‍ വരാനിരിക്കുന്ന ഒരു വലിയ അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. സാര്‍സ് കൊറോണയുടെ തന്നെ വകഭേദമാണ് എന്ന് അന്നേ തിരിച്ചറിയപ്പെട്ടിരുന്നു. ഇത്തരമൊരു മഹാമാരിയെ മറികടക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍, ഗവേഷണങ്ങള്‍ ഇപ്പോള്‍ തന്നെ തുടങ്ങണമെന്ന് ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഭാവിയില്‍ വരാനിരിക്കുന്ന ഒരു രോഗത്തെ തടയാന്‍ ഇപ്പോള്‍ തന്നെ മൂലധനമിറക്കുന്നത് മൂലധനത്തെ കുറിച്ചുള്ള നവലിബറല്‍ യുക്തി അനുസരിച്ച് വേണ്ടത്ര ലാഭകരമാകില്ല. അതുകൊണ്ടാണ് അത്തരമൊരു ശ്രമം തുടക്കത്തില്‍ തന്നെ നടത്താതിരുന്നത്. ചെലവ് കുറഞ്ഞ വെന്റിലേറ്റര്‍ എന്ന ആശയം അന്ന് തന്നെ മുന്നോട്ടുവെക്കപ്പെട്ടിരുന്നു. എന്നാല്‍ ബജറ്റില്‍ ഉള്‍പ്പെടെ ചെലവ് കുറഞ്ഞ വെന്റിലേറ്റര്‍ അടക്കം ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് വകയിരുത്തുന്നതിന് പകരം ഭൂമിയാകെ യുദ്ധോത്സുകമാക്കുന്ന തരത്തില്‍ ആയുധമത്സരത്തെ പ്രോത്സാഹിപ്പിക്കാനാണ് അപ്പോഴും സാമ്രാജ്യത്വ രാജ്യങ്ങള്‍ ആലോചിച്ചത്.

സത്യത്തില്‍ കൊറോണ പ്രകൃതിജന്യ വൈറസ് ആയിരിക്കെ തന്നെ അതിന്റെ വ്യാപനത്തിന് കാരണം മുന്നറിയിപ്പുകളെ അവഗണിച്ചതാണ്. മാരകമായ സാര്‍സ് പോലുള്ള രോഗാവസ്ഥയിലൂടെ മുമ്പ് കടന്നുപോയവരാണ് സാമ്പത്തികമായും സാങ്കേതികമായും ശാസ്ത്രീയമായും മുന്നിട്ടുനില്‍ക്കുന്ന സാമ്രാജ്യത്വ രാജ്യങ്ങള്‍. ഇനി വരാനിരിക്കുന്ന മഹാമാരികളെ പ്രതിരോധിക്കാന്‍ ഇപ്പോള്‍ തന്നെ ശ്രമങ്ങള്‍ നടത്തണമെന്ന അന്നത്തെ ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചതിന്റെ അനന്തരഫലമാണ് സത്യത്തില്‍ ഇപ്പോഴുള്ള വൈറസിന്റെ ലോകാടിസ്ഥാനത്തിലുള്ള വ്യാപനത്തിന് വഴിവെച്ചത്. അതുകൊണ്ട് വുഹാനിലെ വൈറസ് എന്ന പരിമിതമായ അര്‍ഥത്തിലല്ല, ഈ വൈറസിനെ വിപുലമാക്കുന്നതില്‍ നിയോലിബറല്‍ നയങ്ങള്‍ വഹിച്ച പങ്കാണ് നാം തിരിച്ചറിയേണ്ടത്.
രണ്ടായിരാമാണ്ടില്‍ നിന്ന് പോലും കണ്ടെടുക്കാനാകാത്ത വിധം പതിറ്റാണ്ടുകള്‍ക്ക് പിറകിലേക്ക് നീളുന്ന ഈ വൈറസിന്റെ ചരിത്രം നാം വിവേചിച്ചറിയേണ്ടതുണ്ട്. എണ്‍പതുകള്‍ മുതലാണ് ഇന്നു നാം പറയുന്ന നവലിബറല്‍ കാഴ്ചപ്പാടുകള്‍ ലോകത്ത് ആരംഭിക്കുന്നത്. ബ്രിട്ടനിലെ താച്ചറിസവും അമേരിക്കയിലെ റീഗനിസവും കൂടിച്ചേര്‍ന്നാണ് നവലിബറല്‍ കാഴ്ചപ്പാട് എന്നറിയപ്പെടുന്ന കമ്പോള കേന്ദ്രിത മൂലധന ഭീകര കാഴ്ചപ്പാട് ലോകത്ത് കൊടിപറത്താന്‍ തുടങ്ങുന്നത്. എല്ലാ ആദര്‍ശങ്ങളും അപ്രസക്തമാണ്, പ്രയോജനമാത്ര കാഴ്ചപ്പാടാണ് സ്വീകാര്യം, ആര്‍ത്തിയാണ് ഏറ്റവും മികച്ച ഗുണം എന്നൊക്കെയായിരുന്നു ആ കാലഘട്ടത്തിലെ താച്ചറുടെ പ്രധാന മുദ്രാവാക്യങ്ങള്‍. അതോടൊപ്പം തന്നെ സമൂഹമെന്നൊന്നില്ല വ്യക്തികള്‍ മാത്രമേയുള്ളൂ എന്നും വാദിച്ചു. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, കമ്പോളത്തിന് ജീവിതത്തിന്റെ സമസ്ത നിയന്ത്രണങ്ങളും ഏല്‍പ്പിച്ചുകൊടുക്കുന്ന ഒരു നിലപാടിലേക്ക് കാര്യങ്ങള്‍ മാറുകയാണുണ്ടായത്. ജീവിതത്തെ നിയന്ത്രിക്കുന്നതും നിര്‍ണയിക്കുന്നതും നേതൃത്വം നല്‍കുന്നതുമായ യുക്തി കമ്പോള യുക്തിയായിരിക്കണം എന്ന് ചുരുക്കം. മാര്‍ക്കറ്റിന്റെ കയറ്റിറക്കങ്ങള്‍ക്കനുസരിച്ചുള്ള ജീവിതത്തെയാണ് നവലിബറല്‍ കാഴ്ചപ്പാട് മുന്നോട്ടുവെച്ചത്. കൊവിഡ് 19ന്റെ വ്യാപനം ശമനമില്ലാതെ തുടരുകയാണ്. ഇപ്പോഴും നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്ന, സാമ്രാജ്യത്വ താത്പര്യങ്ങളില്‍ മാത്രം കണ്ണുടക്കുന്ന ട്രംപിനെയും മറ്റു യൂറോപ്യന്‍ നയങ്ങളെയും ഈയൊരു കമ്പോള യുക്തി എന്ന ആശയത്തോടാണ് ചേര്‍ത്തുവെക്കേണ്ടത്.