Connect with us

Editorial

കൊറോണാനന്തര ഇന്ത്യയുടെ പുനരുദ്ധാരണം

Published

|

Last Updated

ചെറുകിട വ്യവസായങ്ങളില്‍ ഊന്നിയുള്ള ഉത്തേജക പദ്ധതികളാണ് കൊവിഡ് 19 വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ഉത്തേജക പദ്ധതി വിശദീകരിക്കാന്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വിളിച്ചു ചേര്‍ത്ത മാധ്യമ സമ്മേളനത്തിലെ പ്രധാന വാഗ്ദാനം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് മൂന്ന് ലക്ഷം കോടി രൂപയുടെ വായ്പയാണ്. 100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന ഈ വായ്പയുടെ പ്രയോജനം രാജ്യത്തെ 45 ലക്ഷം സംരംഭകര്‍ക്ക് ലഭിക്കും. ഈട് ആവശ്യമില്ലെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് 2,000 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ മേഖലകളിലെ പ്രമുഖരും വിദഗ്ധരുമായി നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പാക്കേജിന് രൂപം നല്‍കിയതെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കൂട്ടുമെന്നും ധനമന്ത്രി പ്രത്യാശിക്കുന്നു.
ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ വളര്‍ച്ചയും സമ്പാദ്യവുമാണ് ഇന്ത്യന്‍ സമ്പദ് ഘടനയുടെ മുഖ്യ സ്രോതസ്സുകളിലൊന്ന്. വന്‍കിട കമ്പനികള്‍ക്ക് ആവശ്യമായ പലതും നിര്‍മിച്ച് നല്‍കുന്നത് ചെറുകിട കമ്പനികളാണ്. രാജ്യത്തിന്റെ ആകെ നിര്‍മാണങ്ങളുടെ 45 ശതമാനവും കയറ്റുമതിയുടെ 40 ശതമാനവും ചെറുകിട ഇടത്തരം മേഖലകള്‍ കേന്ദ്രീകരിച്ചാണ്. ജി ഡി പിയുടെ 30 ശതമാനം സംഭാവന ചെയ്യുന്നതും ഈ മേഖലയാണ്. അതേസമയം, രാജ്യത്തിപ്പോള്‍ ഏറ്റവും തകര്‍ച്ച നേരിടുന്നതും ഈ മേഖലകളാണ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് പെട്ടെന്ന് ഉടലെടുത്ത പ്രതിഭാസമല്ല ഇത്, നോട്ട് നിരോധനത്തോടെ ആരംഭിച്ചതാണ്. രാജ്യത്തെ 90 ശതമാനം നികുതിദായകരും ചെറുകിട മേഖലയില്‍ നിന്നുള്ളവരായതിനാല്‍ ജി എസ് ടിയും തിരിച്ചടിയായി. ലോക്ക്ഡൗണ്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്തു. 11 കോടിയോളം പേര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പദ്ധതിയില്‍ ഈ മേഖലക്ക് കാര്യമായ പ്രയോജനം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തേജക പാക്കേജില്‍ ഈ ചെറുകിട ഇടത്തരം വ്യവസായ മേഖലക്ക് പ്രാമുഖ്യം നല്‍കിയത്.

15,000 രൂപയില്‍ താഴെ ശമ്പളവും 100 ജീവനക്കാരുമുള്ള സ്ഥാപനങ്ങള്‍ക്ക് ഇ പി എഫ് ഇളവ്, 2020 മാര്‍ച്ച് 25നോ അതിനു മുമ്പോ കാലാവധി അവസാനിക്കേണ്ടിയിരുന്ന എല്ലാ രജിസ്‌ട്രേഡ് പദ്ധതികളുടെയും രജിസ്‌ട്രേഷനും പൂര്‍ത്തീകരണ കാലാവധിയും ആറ് മാസം നീട്ടി നല്‍കല്‍, ബേങ്ക് ഇതര സ്ഥാപനങ്ങള്‍ക്ക് ധനലഭ്യത ഉറപ്പാക്കാന്‍ 30,000 കോടി രൂപയുടെ സ്‌പെഷ്യല്‍ ലിക്യുഡിറ്റി സ്‌കീം, മേക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഉത്തേജനം ലക്ഷ്യമാക്കി 200 കോടി വരെയുള്ള ടെന്‍ഡറുകളില്‍ ആഗോള സംരംഭകരെ ഒഴിവാക്കി ഇന്ത്യന്‍ കമ്പനികളെ മാത്രം പങ്കെടുപ്പിക്കുക, ബേങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ക്ക് 45,000 കോടി രൂപയുടെ പാര്‍ഷ്യല്‍ ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം, മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ശേഷി വര്‍ധിപ്പിക്കാന്‍ 10,000 കോടിയുടെ സഹായം തുടങ്ങിയവയാണ് നിര്‍മലാ സീതാരാമന്റെ മറ്റു വാഗ്ദാനങ്ങള്‍. ഏഴ് മേഖലകളിലായി 15 നടപടികളാണ് പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ചത്.
ഉത്തേജക പാക്കേജിന് വലിയ തുക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥയുമായി ഞെങ്ങിഞെരുങ്ങി മുന്നോട്ട് നീങ്ങുന്ന സര്‍ക്കാര്‍ എവിടെ നിന്നാണ് ഇത്രയും തുക കണ്ടെത്തുകയെന്ന് വ്യക്തമല്ല. പുതുതായി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയില്‍ യഥാര്‍ഥത്തില്‍ എത്ര തുകയായിരിക്കും കൂടുതലായി ചെലവഴിക്കുകയെന്ന കാര്യത്തിലും വ്യക്തതയില്ല. ലോക്ക്ഡൗണ്‍ തുടങ്ങിയതിന്റെ ആദ്യ ദിനങ്ങളില്‍ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയും മാര്‍ച്ച് 28ന് റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് സമ്പദ് വ്യവസ്ഥയില്‍ പണലഭ്യത വര്‍ധിപ്പിക്കാനായി പ്രഖ്യാപിച്ച ആറ് ലക്ഷം കോടി രൂപയുടെ നടപടികളും അടങ്ങുന്നതാണ് പുതിയ പാക്കേജ് എന്നാണ് സൂചന. ഇതനുസരിച്ച് സര്‍ക്കാര്‍ പുതുതായി ചെലവഴിക്കാനിരിക്കുന്ന തുക 13 ലക്ഷം കോടി രൂപയില്‍ താഴെയായിരിക്കും. മാത്രമല്ല, ഈ പാക്കേജ് പ്രഖ്യാപനത്തിലൊതുങ്ങുമോ, 2015ലെ തിരഞ്ഞെടുപ്പിനു മുമ്പ് ബിഹാറില്‍ പ്രഖ്യാപിക്കപ്പെട്ട ദുരിതാശ്വാസ പാക്കേജിന്റെ അവസ്ഥ വരുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ബിഹാറിന്റെ സമഗ്ര വികസനത്തിനെന്ന പേരില്‍ മോദി പ്രഖ്യാപിച്ച 1.25 ലക്ഷം കോടി രൂപയുടെ പ്രത്യേക കേന്ദ്ര സഹായം ഇന്നും കടലാസിലാണ്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണയെ തുടര്‍ന്നുളവായത്. എങ്കിലും വികസിത രാജ്യങ്ങളുള്‍പ്പെടെ ലോകത്തെ മിക്ക രാഷ്ട്രങ്ങളെയും ബാധിച്ചിട്ടുണ്ട് ഈ പ്രതിസന്ധി എന്നിരിക്കെ 130 കോടിയില്‍ അധികം ജനസമ്പത്തുള്ള ഇന്ത്യക്ക് ആസൂത്രണ വിദഗ്ധര്‍ വലിയ ഭാവി കാണുന്നുണ്ട്. കൊറോണ വിഷയത്തില്‍ ചൈന കാണിച്ച ഗുരുതരമായ വീഴ്ചകളെ തുടര്‍ന്ന് ലോക രാജ്യങ്ങളില്‍ പലതും ഇതിനകം ചൈനയിലെ തങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തങ്ങളുടെ അടുത്ത താവളമായി ഇന്ത്യയെയാണ് ഈ കമ്പനികള്‍ കാണുന്നത്. കുറഞ്ഞ ഉത്പാദന ചെലവും തൊഴിലാളികളുടെ ലഭ്യതയും ഭൗതിക സാഹചര്യങ്ങളുടെ ആനുകൂല്യങ്ങളും ആഗോള സംരംഭകര്‍ക്ക് ഇന്ത്യയെ തിരഞ്ഞെടുക്കാന്‍ അനുകൂല ഘടകമാണ്. എങ്കിലും രാജ്യത്ത് വര്‍ധിച്ചു വരുന്ന വര്‍ഗീയ സംഘര്‍ഷങ്ങളും വംശീയ ഉന്മൂലനവും അതിദേശീയ വാദവും അവരെ ആശങ്കാകുലരാക്കുന്നുണ്ട്. ഇന്ത്യയെ ലോകത്തിന് മുന്നില്‍ അവമതിക്കുന്ന ഈ ഘടകങ്ങള്‍ കൂടി ഇല്ലാതാക്കിയെങ്കിലേ വിദേശ സംരംഭകര്‍ നിക്ഷേപത്തിനു മുതിരുകയുള്ളൂ. നിലവിലെ ഇന്ത്യന്‍ കമ്പനികളെ നിലനിര്‍ത്തിക്കൊണ്ട് തന്നെ വിദേശ കമ്പനികള്‍ക്ക് വ്യവസായ ശാലകളും ബിസിനസ് സംരംഭങ്ങളും തുടങ്ങാന്‍ അവസരം സൃഷ്ടിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനും സാമ്പത്തികമായി ആഗോളതലത്തില്‍ വന്‍മുന്നേറ്റത്തിനും സഹായകമാകും. ഉത്തേജക പാക്കേജുകളില്‍ സര്‍ക്കാര്‍ ഇത്തരം ഘടകങ്ങളെ കൂടി പരിഗണിക്കേണ്ടതുണ്ട്.

Latest