Connect with us

Articles

പരിരക്ഷ നഷ്ടപ്പെടുന്ന തൊഴിലാളികള്‍

Published

|

Last Updated

തൊഴില്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് കാല്‍നടയായി ഗ്രാമങ്ങളിലേക്ക് പോയിക്കൊണ്ടിരുന്ന കുടിയേറ്റ തൊഴിലാളികളുടെ ഒരു സംഘമാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദ് നഗരത്തോടു ചേര്‍ന്നുള്ള റെയില്‍വേ ട്രാക്കില്‍ ട്രെയിനിടിച്ച് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ഗ്രാമത്തിലേക്കുള്ള നടത്തത്തിനിടെ ഉറങ്ങാനായി റെയില്‍വേ ട്രാക്കില്‍ കിടന്നപ്പോഴായിരുന്നു 16 കുടിയേറ്റ തൊഴിലാളികളുടെ ജീവനും കൊണ്ട് ഒരു ചരക്ക് ട്രെയിന്‍ കടന്നുപോയത്. തൊഴില്‍ നഷ്ടപ്പെട്ടതും കൈയിലെ പണം തീര്‍ന്നുപോയതുമാണ് ഗ്രാമങ്ങളിലേക്ക് നടക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് തലനാരിഴക്ക് രക്ഷപ്പെട്ട തൊഴിലാളികള്‍ മാധ്യമങ്ങളോട് പറയുന്നു. ലോക്ക്ഡൗണ്‍ തുടങ്ങിയതു മുതല്‍ ആരംഭിച്ച തൊഴില്‍ നഷ്ടം ഓരോ ദിനവും പതിന്മടങ്ങായി വര്‍ധിച്ചുവരുന്നുണ്ട്. അതുകൊണ്ടാണ് പലായനങ്ങള്‍ അവസാനിക്കാത്തത്. അതിനിടെയാണ് സാമ്പത്തിക ഉത്തേജനത്തിനായി സംസ്ഥാനങ്ങള്‍ തൊഴില്‍ നിയമങ്ങളില്‍ കൈവെക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങളാണ് കൊവിഡ് പ്രതിസന്ധിക്കിടെ ഭരണകൂടങ്ങള്‍ നിക്ഷേപകര്‍ക്കു മുന്നില്‍ കാഴ്ചവെക്കുന്നത്.

സാമ്പത്തിക മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നാണ് തൊഴില്‍ നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തിക്കൊണ്ട് സംസ്ഥാന സര്‍ക്കാറുകള്‍ പറയുന്നത്. ബി ജെ പി ഭരിക്കുന്ന യു പി, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളും കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളും ബി ജെ ഡി ഭരിക്കുന്ന ഒഡീഷയും തൊഴില്‍ നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തിയുള്ള ഓര്‍ഡിനന്‍സുകള്‍ പുറത്തിറക്കി കഴിഞ്ഞു. തൊഴില്‍ നിയമങ്ങളിലെ കാര്‍ക്കശ്യത്തില്‍ ഒന്നു കണ്ണടച്ചാല്‍ മുതലാളിമാര്‍ മൂലധനവുമായി വരുമെന്നാണ് ഈ ഭരണകൂടങ്ങള്‍ പറയുന്നത്. ലോകത്ത് ഏറ്റവും കുറഞ്ഞ വേതന നിരക്കുള്ള രാജ്യങ്ങളാണ് ഇന്ത്യയും ബംഗ്ലാദേശും ഉള്‍പ്പെടെയുള്ള മൂന്നാംകിട രാജ്യങ്ങള്‍. അതുകൊണ്ടാണ് ലോകത്തെ നിര്‍മാണ കമ്പനികളും സോഫ്റ്റ് വെയര്‍ കമ്പനികള്‍ അടക്കമുള്ള ഐ ടി മേഖലയിലെ കമ്പനികളും അവരുടെ ഉത്പാദന യൂനിറ്റുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ താത്പര്യപ്പെടുന്നത്. തൊഴില്‍ നിയമങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ഇന്ത്യയിലേക്ക് നിക്ഷേപങ്ങള്‍ വരുമെന്നതുറപ്പാണ്. എന്നിട്ടും തൊഴില്‍ നിയമങ്ങളില്‍ കൈവെക്കാന്‍ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നതിനു മറ്റു ചില ഘടകങ്ങള്‍ കൂടിയുണ്ട്. അവയെല്ലാം ലോക്ക്ഡൗണിന്റെ മറവില്‍ ഒളിച്ചു കടത്താനാണ് ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്. മൂലധനം ഇറക്കുന്നവര്‍ക്ക് മാത്രം പരിരക്ഷ മതിയെന്നതാണ് അതില്‍ ഏറ്റവും പ്രധാനമായിരിക്കുന്നത്. മുതലാളിത്ത കാഴ്ചപ്പാടിന്റെ പിന്തുടര്‍ച്ചയാണിത്. ലോക്ക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ 14 കോടി തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടുവെന്നാണ് കണക്ക്. ഈ തൊഴിലാളികളുടെ പരിരക്ഷ എടുത്തു കളഞ്ഞ് തൊഴിലാളികള്‍ക്ക് പകരം അടിമകളെയാണ് ലോക്ക്ഡൗണിന്റെ മറവില്‍ ഈ ഭരണകൂടങ്ങള്‍ നിക്ഷേപകര്‍ക്കായി ഒരുക്കിവെക്കുന്നത്.

ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങള്‍ പ്രതിദിന ജോലി സമയം എട്ട് മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായി ഉയര്‍ത്തുകയാണ് ചെയ്തിരിക്കുന്നത്. മധ്യപ്രദേശില്‍ ഓവര്‍ടൈം വേതനം നല്‍കി ആഴ്ചയില്‍ 72 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ തൊഴിലാളികളെ അനുവദിക്കും. 100ല്‍ താഴെ തൊഴിലാളികളുള്ള കമ്പനികള്‍ക്ക് വ്യാവസായിക തൊഴില്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ അനുവദിക്കും. 50ല്‍ താഴെ ജീവനക്കാരുള്ള വ്യവസായങ്ങളില്‍ പരിശോധന ഉണ്ടാകില്ല തുടങ്ങിയ ആനുകൂല്യങ്ങളാണ് നിക്ഷേപകര്‍ക്ക് മുന്നില്‍ ശിവരാജ് സിംഗ് ചൗഹന്‍ വെച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലാണ് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന തീരുമാനങ്ങളുണ്ടായിരിക്കുന്നത്. എല്ലാ തൊഴിലാളി നിയമങ്ങളും മൂന്ന് വര്‍ഷത്തേക്ക് റദ്ദ് ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സിനാണ് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. കൃഷി, മറ്റ് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെയെല്ലാം കൊവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരുന്നു. രാജ്യം മുഴുവന്‍ ലോക്ക്ഡൗണായ സാഹചര്യത്തിലാണ് ഇത് സംഭവിച്ചതെന്നും അതുകൊണ്ട് തൊഴില്‍ നിയമങ്ങളില്‍ നിക്ഷേപകര്‍ക്ക് ആവശ്യമായ ഇളവുകള്‍ നല്‍കുന്നുവെന്നുമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പറയുന്നത്. മിനിമം വേതനം, ട്രേഡ് യൂനിയന്‍, പി എഫ്, ബോണസ് തുടങ്ങി 35 നിയമങ്ങള്‍ റദ്ദ് ചെയ്തവകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല. ബാലവേല, പ്രസവാവധി തുടങ്ങിയ നിയമങ്ങളും പഴയ പടി തുടരും. യോഗി സര്‍ക്കാറിന്റെ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയെങ്കിലും ഇവയൊന്നും ചെവികൊള്ളാന്‍ യോഗി തയ്യാറായിട്ടില്ല. ഈ ഓര്‍ഡിനന്‍സ് നിക്ഷേപം കൊണ്ടുവരുന്നതിന് വഴിയൊരുക്കുമെന്ന് മാത്രമല്ല, ധാരാളം കുടിയേറ്റ തൊഴിലാളികള്‍ ഇവിടെ എത്തിയിട്ടുണ്ട്, അവര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക കൂടി ചെയ്യുന്നതാണെന്ന് ഉത്തര്‍പ്രദേശ് തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യ പറയുന്നു. നിക്ഷേപത്തിന്റെ വാതില്‍ തുറക്കുമ്പോള്‍ തൊഴിലാളികളുടെ താത്പര്യം തങ്ങള്‍ പൂര്‍ണമായി ശ്രദ്ധിച്ചിട്ടുണ്ടെന്നും മൗര്യ പറഞ്ഞു.

മധ്യപ്രദേശുമായും ഉത്തര്‍പ്രദേശുമായും സാമ്യമുള്ള നിയമങ്ങളാണ് ഗുജറാത്തും നടപ്പാക്കുന്നത്. പുതുതായി എത്തുന്ന വ്യവസായങ്ങള്‍ക്ക് ഏഴ് ദിവസത്തിനുള്ളില്‍ ഭൂമി ലഭ്യമാക്കും. 15 ദിവസത്തിനുള്ളില്‍ വ്യവസായങ്ങള്‍ ആരംഭിക്കാനുള്ള അംഗീകാരങ്ങള്‍ നല്‍കുകയും ചെയ്യും. നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനാണ് തൊഴില്‍ നിയമങ്ങളില്‍ ഇളവു നല്‍കുന്നതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, മിനിമം വേതന നിയമം, ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി റൂള്‍സ്, എംപ്ലോയി കോമ്പന്‍സേഷന്‍ ആക്റ്റ് എന്നിവയില്‍ ഒരു ഒത്തുതീര്‍പ്പിനും ഗുജറാത്ത് സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നത് ആശ്വാസകരമാണ്.
സാമ്പത്തിക മേഖലക്ക് ഒരു ഉത്തേജനം നല്‍കുക എന്നതാണ് ഇപ്പോഴത്തെ നീക്കത്തിന്റെ പ്രത്യക്ഷമായ ലക്ഷ്യം. എന്നാല്‍ സംഭവിക്കുന്നതാകട്ടെ വിദേശ മൂലധനത്തെയും നിക്ഷേപകരെയും ആകര്‍ഷിക്കുകയും കൂടുതല്‍ ചൂഷണാത്മകമായ ഒരു സമ്പദ് വ്യവസ്ഥക്ക് അടിത്തറയിടുകയും ചെയ്യുക എന്നതും. കടുത്ത സാമ്പത്തിക പ്രതിസന്ധിയെയാണ് ഇന്ത്യ അനുഭവിക്കാനിരിക്കുന്നത് എന്നതില്‍ തര്‍ക്കമൊന്നുമില്ല. അത് മറികടക്കുന്നതിനു നിക്ഷേപങ്ങള്‍ ഉണ്ടാകണമെന്നതും സത്യമാണ്. എന്നാല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ തൊഴിലാളികളെ അടിമകളാക്കി നിര്‍ത്തിയുള്ള ഈ നയം വലിയ ദുരന്തങ്ങളാണ് വിളിച്ചുവരുത്താന്‍ പോകുന്നത്. വിദേശ കമ്പനികള്‍ വന്നാല്‍ എല്ലാ ഇളവുകളും അനുഭവിച്ച് അവര്‍ ഉത്പാദനം നടത്തും. അത് വിപണനം നടത്തുകയും ചെയ്യും. അപ്പോഴും നമ്മുടെ തൊഴിലാളികള്‍ക്കോ ഭരണകൂടത്തിനു തന്നെയോ കാര്യമായ നേട്ടങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ.

രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് ഇത്തരത്തില്‍ വെട്ടിച്ചുരുക്കാന്‍ പറ്റുമോയെന്ന ഒരു ചോദ്യം സാമ്പത്തിക- നിയമ വിദഗ്ധര്‍ക്കിടയില്‍ ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍ ബി ജെ പി ഭരിക്കുന്ന സര്‍ക്കാറുകളാണ് ഈ തൊഴിലാളി വിരുദ്ധ നയം നടപ്പാക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് എന്നതുകൊണ്ടുതന്നെ കേന്ദ്രം ഒരു പിടിവാശിക്ക് തയ്യാറാകില്ലെന്നുറപ്പാണ്. കൂടാതെ കേന്ദ്ര നിയമങ്ങളുടെ പരിധി സംസ്ഥാനങ്ങള്‍ക്ക് മറികടക്കാന്‍ കഴിയില്ലെന്നിരിക്കെ ഈ തീരുമാനം ബി ജെ പി ഭരിക്കുന്ന സംസ്ഥാന മന്ത്രിസഭകള്‍ അംഗീകരിക്കുന്നതിന് മുമ്പ് കേന്ദ്രവുമായി കൂടിയാലോചനകള്‍ നടന്നിരിക്കുമെന്നുവേണം കരുതാന്‍. അല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് ബി ജെ പി കേന്ദ്ര നേതൃത്വം തയ്യാറാക്കിയ പദ്ധതിയുമാകാം. അതേസമയം, തൊഴില്‍ നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നുവെന്നാരോപിച്ച് എട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ സംയുക്തമായി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഒരു കത്തയച്ചിട്ടുണ്ട്. ഈ കത്തുകൊണ്ട് എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും ചെറിയതെങ്കിലുമൊരു വിഭാഗം രാജ്യത്തെ തൊഴിലാളി വിഭാഗങ്ങള്‍ക്കൊപ്പം നില്‍ക്കാനുണ്ടെന്ന് തെളിയിക്കുന്നു. തൊഴിലാളി യൂനിയനുകള്‍ തൊഴിലാളി വിരുദ്ധമായ ഈ മാറ്റത്തിനെതിരെ അന്താരാഷ്ട്ര തൊഴിലാളി സംഘടനക്ക് പരാതി നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. വൈകാതെ സുപ്രീം കോടതിയിലും ചോദ്യം ചെയ്യപ്പെട്ടേക്കും. അപ്പോഴും ഭരണകൂടത്തിന്റെ സമീപനങ്ങളില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍ എല്ലാ തൊഴില്‍ നിയമങ്ങളും താത്കാലികമായി നിര്‍ത്തലാക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമെന്ന് കോടതിക്ക് തോന്നിയാല്‍ മാത്രം ഇന്ത്യന്‍ തൊഴിലാളികള്‍ രക്ഷപ്പെടും.

Latest