സി ബി എസ് ഇ പ്ലസ് ടു പരീക്ഷ ജൂലൈ ഒന്ന് മുതൽ

Posted on: May 9, 2020 12:46 am | Last updated: May 9, 2020 at 9:12 am


ന്യൂഡൽഹി | സി ബി എസ് ഇയുടെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ശേഷിക്കുന്ന പരീക്ഷകൾ ജൂലൈ ഒന്ന് മുതൽ 15 വരെയുള്ള കാലയളവിൽ നടത്തുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം. കൊവിഡ് വ്യാപനം തടയുന്നതിനായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പരീക്ഷ മാറ്റിവെച്ചിരുന്നു. പത്താം ക്ലാസിലെ ആറ് പരീക്ഷ ഡൽഹി കലാപത്തെ തുടർന്ന് വടക്കു കിഴക്കൻ ഡൽഹിയിൽ മാത്രമായി മാറ്റിവെച്ചിരുന്നു. കലാപം കാരണം ഡൽഹിയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് എഴുതാൻ സാധിക്കാതെ പോയ പരീക്ഷകളും നടത്തും.
രാജ്യവ്യാപകമായി പൂട്ടിയിട്ടതിനെ തുടർന്ന് മാർച്ചിൽ നിർത്തിവെച്ച ഉത്തരക്കടലാസ് മൂല്യനിർണയം പുനരാരംഭിക്കുന്നതും സി ബി എസ് ഇയുടെ പരിഗണനയിൽ ഉണ്ട്. അധ്യാപകർക്ക് ഉത്തരക്കടലാസുകൾ വീട്ടിലേക്ക് എത്തിക്കുക എന്നതാണ് പരിഗണിക്കുന്നത്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ ഐ ടി) ജെ ഇ ഇ (അഡ്വാൻസ്ഡ്) എന്നിവയുടെ മെറിറ്റ് ലിസ്റ്റ് പ്രഖ്യാപിക്കുന്നതിനു മുമ്പ് പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിക്കും. മെഡിക്കൽ പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷയായ നീറ്റ്, എൻജിനീയറിംഗ് പ്രവേശനത്തിനുള്ള ജെ ഇ ഇ മെയിനിന്റെ തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ജെ ഇ ഇ മെയിൻ ജൂലൈ 18നും 23നും ഇടയിൽ നടത്തും, നീറ്റ് ജൂലൈ 26ന് നടത്തും. ജെ ഇ ഇ അഡ്വാൻസ്ഡ് ആഗസ്റ്റ് 23ന് നടക്കും. യു ജി സി നെറ്റ്, ഇഗ്നോ പ്രവേശന പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കും.