Connect with us

Covid19

പ്രവാസികളുമായി സഊദിയില്‍നിന്നും ബഹ്‌റൈനില്‍നിന്നും ഇന്ന് വിമാനങ്ങളെത്തും

Published

|

Last Updated

കോഴിക്കോട്  |കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രണ്ട് ലക്ഷത്തോളം ഇന്ത്യക്കാരെ തിരികെയെത്തിക്കുന്ന, രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യം ഇന്നും തുടരും. ഇന്ന് റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കും, ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്കുമാണ് കേരളത്തിലേക്കുള്ള വിമാനസര്‍വീസുകള്‍. രാത്രി എട്ടരക്കാണ് റിയാദ് വിമാനം കരിപ്പൂരിലിറങ്ങുക. ബഹ്‌റൈന്‍ വിമാനം രാത്രി 10.50ന് കൊച്ചിയിലെത്തും. സിംഗപ്പൂരില്‍ നിന്ന് രാവിലെ ഒരു വിമാനം ഡല്‍ഹിയിലേക്ക് തിരിക്കും.
ഇതിന് പുറമേ തിരുവനന്തപുരത്ത് നിന്ന് ഇന്നും 11നും ബഹ്‌റൈന്‍ വിമാനങ്ങളില്‍ ആ രാജ്യക്കാര്‍ക്കും ബഹ്‌റൈനില സ്ഥിര താമസക്കാര്‍ക്കും പോകാം. ഇന്ത്യയിലെ മറ്റ് നഗരങ്ങളില്‍ നിന്ന് ശനിയാഴ്ച മുതല്‍ യുഎസ്, ബ്രിട്ടന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കും വിമാനമുണ്ട്. എയര്‍ ഇന്ത്യ വെബ്‌സൈറ്റില്‍ ഇതിന്റെ മുഴുവന്‍ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

അതേസമയം, എയര്‍ ഇന്ത്യ ഇന്ന് ചില ആഭ്യന്തരസര്‍വീസുകളും നടത്തുന്നുണ്ട്. കോഴിക്കോട്ട് നിന്ന് മുംബൈയിലേക്ക് ഇന്ന് രാത്രി 9 മണിക്ക് ഒരു വിമാനമുണ്ട്. കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്ക് രാത്രി 9 മണിക്ക് മറ്റൊരു വിമാനവും സര്‍വീസ് നടത്തും. വിദേശത്ത് നിന്ന് എത്തുന്നവരുടെ തുടര്‍ യാത്രക്ക് വേണ്ടിയാണ് പ്രധാനമായും ഈ സര്‍വീസ് നടത്തുന്നത്. എന്നാല്‍ മറ്റ് മെട്രോ നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഇതുവരെ വിമാനസര്‍വീസ് തുടങ്ങുന്ന കാര്യം തീരുമാനമായിട്ടില്ല.

മാലിയില്‍നിന്ന് 750 പേര്‍ നാവികസേനയുടെ കപ്പലില്‍ ഞായറാഴ്ചയോടെ എത്തും. ഐ ജി വിജയ് സാഖറെ, സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് എന്നിവര്‍ വ്യാഴാഴ്ച സാമുദ്രിക ക്രൂസ് ടെര്‍മിനല്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. ജില്ലാ ഭരണകൂടം, പോലീസ്, കൊച്ചി പോര്‍ട്ട് ട്രസ്റ്റ്, തുടങ്ങിയ ഉദ്യോഗസ്ഥരുമായി കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡോ. എം ബീന ചര്‍ച്ച നടത്തി. രോഗലക്ഷണമുള്ള യാത്രക്കാരെ കണ്ടെത്തി അവരെ ആദ്യം ഇറക്കും. മറ്റു യാത്രക്കാരെ ജില്ല തിരിച്ച് 50 പേര്‍ വീതമുള്ള ഗ്രൂപ്പുകളാക്കിയാണ് ഇറക്കുക.