നാടണയാന്‍ കാത്തിരിക്കുന്നത് ആയിരക്കണക്കിന് മലയാളികള്‍; അവസാനിക്കാതെ ആശങ്കകള്‍

Posted on: May 6, 2020 10:06 pm | Last updated: May 6, 2020 at 10:06 pm

2020 മാര്‍ച്ചിലാണ് സഊദി അറേബ്യ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍, കരമാര്‍ഗമുള്ള ഗതാഗതത്തിനും നിരോധനം ഏര്‍പ്പെടുത്തിയത്. ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡ് വൈറസ് ലോകത്തിന്റെ മുഴുവന്‍ ആശങ്കയായി മാറിയതോടെയാണ് ലോക രാജ്യങ്ങള്‍ക്കിടയിലുള്ള യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതോടെ വിവിധ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ ഒറ്റപ്പെടലിന്റെ വക്കില്‍ മാസങ്ങളായി കഴിയേണ്ടി വരികയും ചിലര്‍ കൊവിഡ് രോഗത്തിന് കീഴടങ്ങി മരണപ്പെടുകയും മറ്റു ചിലര്‍ രോഗികളാവുകയും ചെയ്തു.

വിവാഹം, അവധി, ഉറ്റവരുടെ മരണം എന്നിവയില്‍ പങ്കെടുക്കാന്‍ കഴിയാതെ ആയിരങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ മാസങ്ങള്‍ തള്ളിനീക്കേണ്ടി വന്നത്. കേരള സര്‍ക്കാര്‍ നേരത്തെ തന്നെ വിദേശങ്ങളില്‍ കഴിയുന്ന മലയാളികളെ തിരികെ നാട്ടിലെത്തിക്കുന്നതിനായി നിരവധി തവണ ആവശ്യമുന്നയിച്ചിരുന്നു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം ഉസ്താദ് കേരളത്തിലെ മുഴുവന്‍ സുന്നി സ്ഥാപനങ്ങളും വിദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവരെ ക്വാറന്റൈനില്‍ കഴിയുന്നതിനായി വിട്ടുകൊടുക്കുന്നതുള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളും ചെയ്തുകൊടുക്കാം എന്ന് സര്‍ക്കാറിനെ അറിയിക്കുകയും ചെയ്തിരുന്നു.

മടങ്ങിയെത്തുന്നവരുടെ നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നിരവധി തവണയാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തുകയും പ്രധാന മന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ചര്‍ച്ചകള്‍ പൊടിപൊടിക്കുകയും തീരുമാനങ്ങള്‍ നീണ്ടുപോവുകയും ചെയ്തതോടെയാണ് ഗള്‍ഫ് രാജ്യങ്ങളും തീരുമാനം കടുപ്പിച്ചത്. സ്വന്തം പൗരന്മാരെ സ്വീകരിക്കാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ ബന്ധങ്ങള്‍ പുനപ്പരിശോധിക്കേണ്ടി വരുമെന്ന് യു എ ഇയുടെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. അതിനിടെ കുവൈത്തിലും ബഹ്റൈനിലും പൊതുമാപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. നൂറുകണക്കിന് മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ് സ്വദേശങ്ങളിലേക്ക് മടങ്ങുന്നതിനായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കാത്തിരിക്കുന്നത്.

ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാരുടെ മുറവിളി ശക്തമായതോടെയാണ് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി കേന്ദ്രം അയഞ്ഞത്. ഇന്ത്യയില്‍ മടങ്ങിവരുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ആദ്യമായി രജിസ്ട്രേഷന്‍ നടപടികളുമായി മുന്നോട്ടു പോയത് കേരള സര്‍ക്കാര്‍ ആയിരുന്നു. പിന്നീട് സഊദി സര്‍ക്കാര്‍ രജിസ്ട്രേഷന്‍ നടപടികളുമായി മുന്നോട്ട് പോയെങ്കിലും കേന്ദ്ര സര്‍ക്കാറിന്റെ കടും പിടിത്തം മൂലം വീണ്ടും നടപടികള്‍ നീളുകയായിരുന്നു. നീണ്ട മുറവിളികള്‍ക്കു ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ എംബസികള്‍ വഴി രജിസ്ട്രേഷന്‍ ആരംഭിച്ചത്. യൂറോപ്പ്, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിലെ മുഴുവന്‍ പൗരന്മാരും ഇതിനകം അവരുടെ സ്വദേശങ്ങളിലേക്ക് മടങ്ങിയിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടാണ് ഗള്‍ഫ് രാജ്യങ്ങളിക്കിടയില്‍ വിമര്‍ശനത്തിന് ഇടയാക്കിയത്.

മോര്‍ച്ചറികളിലുള്ളവര്‍ക്ക് മോചനം ലഭിക്കുമോ?കൊവിഡ് ലോക്ക് ഡൗണ്‍ കാലയളവില്‍ സഊദിയില്‍ മാത്രം നൂറിലധികം പേരാണ് മരിച്ചത്. യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ നിരവധി പേരുടെ മൃതദേഹങ്ങള്‍ സഊദിയില്‍ തന്നെ മറവ് ചെയ്യുകയാണ് ചെയ്തത്. എഴുപതിലധികം പേരുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് കൊണ്ടുപോവാന്‍ കഴിയാതെ മോര്‍ച്ചറികളിലുള്ളത്. വിലക്ക് നീങ്ങിയതോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മരിച്ചവരുടെ കുടുംബങ്ങള്‍.

അവ്യക്തത ഇനിയും ബാക്കി
വിദേശത്തുള്ള ഇന്ത്യക്കാര്‍ വ്യാഴാഴ്ച മുതല്‍ മടങ്ങിത്തുടങ്ങുന്നതോടെ യാത്രാച്ചെലവുകള്‍ സ്വന്തമായി വഹിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. സഊദിയില്‍ മാത്രം മടക്കയാത്രക്കായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 60,000 കവിഞ്ഞിട്ടുണ്ട്. എന്നാല്‍ മടക്കയാത്രക്കായി അനുമതി നല്‍കിയിരിക്കുന്നത് ആയിരം പേര്‍ക്ക് മാത്രമാണ്. ഗര്‍ഭിണികള്‍, ദുരിതത്തിലായ തൊഴിലാളികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് ആദ്യ പരിഗണനയെന്ന് പറയുന്നുണ്ടെങ്കിലും ഇത്തരക്കാരില്‍ നിരവധി പേര്‍ ഇപ്പോഴും ആദ്യ യാത്രാപട്ടികയില്‍ സ്ഥാനം പിടിച്ചിട്ടില്ല.