Connect with us

Covid19

സംസ്ഥാനത്ത് ഇന്ന് വയനാട്ടുകാരായ മൂന്നുപേര്‍ക്ക് കൊവിഡ്

Published

|

Last Updated

തിരുവനന്തപുരം |സംസ്ഥാനത്ത് ഇന്ന് മൂന്നു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വയനാട് ജില്ലക്കാരാണ് മൂന്നു പേരും. സമ്പര്‍ക്കം മൂലമാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്. ചെന്നൈയില്‍ പോയി വന്ന ഡ്രൈവറുടെ മാതാവും ഭാര്യയും വാഹനത്തിന്റെ ക്ലീനറുടെ മകനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡ്രൈവറുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മറ്റിടങ്ങളില്‍ പോയി വരുമ്പോള്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തതിന്റെ ഗുരുതരാവസ്ഥയാണ് ഇത് തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ആരുടെ പരിശോധനാ ഫലവും നെഗറ്റീവ് ആയിട്ടില്ല.

ഇതുവരെ 502 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചിട്ടുള്ളത്. 37 പേരാണ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കണ്ണൂര്‍- 18, കോട്ടയം- ആറ്, വയനാട്- നാല്, കൊല്ലം- മൂന്ന്, കാസര്‍കോട്- മൂന്ന്, പത്തനംതിട്ട, പാലക്കാട്, ഇടുക്കി എന്നിങ്ങനെയാണ് ചികിത്സയില്‍ കഴിയുന്നവരുടെ ജില്ല തിരിച്ചുള്ള കണക്ക്. 21,342 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 21,034 പേര്‍ വീടുകളിലും 308 പേര്‍ ആശുപത്രിയിലുമാണ്. ഇന്ന് മാത്രം 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 33,800 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 33,625 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇന്ന് 1024 ടെസ്റ്റുകളാണ് നടത്തിയത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പില്‍ പെട്ട 2,512 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 1979 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. സംസ്ഥാനത്ത് പുതുതായി ഹോട്ട് സ്‌പോട്ടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Latest