Connect with us

Articles

അട്ടിമറി കാത്ത് ദളിത് സംവരണം

Published

|

Last Updated

രാജ്യത്ത് പട്ടികജാതി- പട്ടികവര്‍ഗ സംവരണവും പിന്നാക്ക സംവരണവും ഭരണഘടനാപരമായ അവകാശമാണ്. ഭരണഘടനയുടെ മൗലികാവകാശങ്ങളുടെ പട്ടികയിലാണ് ദളിത് – പിന്നാക്ക സംവരണം ചേര്‍ത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ സംവരണാവകാശം ഭരണാധികാരികള്‍ക്ക് എളുപ്പം ഇല്ലാതാക്കാന്‍ കഴിയുന്നതല്ല. എന്നാല്‍ നമ്മുടെ രാജ്യത്തെ ഇപ്പോഴത്തെ ഭരണകക്ഷിയിലെ ചിലരും അതിന്റെ നേതൃത്വത്തിലുള്ള ആര്‍ എസ് എസ് അടക്കമുള്ള സംഘ്പരിവാര്‍ സംഘടനകളുടെ നേതാക്കളും ദളിത്- പിന്നാക്ക സംവരണത്തിനെതിരായി ഏതാണ്ട് കഴിഞ്ഞ മുക്കാല്‍ ദശാബ്ദമായി ശക്തമായ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ ഭാഗവതും മറ്റുചില ഭരണകക്ഷി നേതാക്കളും ദളിത്- പിന്നാക്ക സംവരണം അവസാനിപ്പിക്കണമെന്ന് പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശങ്ങളില്‍ പ്രധാനപ്പെട്ടതാണ് സമത്വത്തിനുള്ള അവകാശം. ഇന്ത്യന്‍ പ്രദേശത്തിനകത്ത് ഒരാള്‍ക്കും നിയമത്തിനു മുമ്പില്‍ സമത്വമോ തുല്യമായ നിയമ സംരക്ഷണമോ രാഷ്ട്രം നിഷേധിച്ചുകൂടാത്തതാകുന്നു എന്ന് ഭരണഘടനയുടെ 14ാം വകുപ്പ് പ്രഖ്യാപിക്കുന്നു.
സമത്വത്തിനുള്ള അവകാശത്തെ സംബന്ധിച്ച് സാമാന്യമായ ഒരു പ്രഖ്യാപനം കൊണ്ട് തൃപ്തിപ്പെടാതെയും നാട്ടില്‍ നിലവിലുള്ള എല്ലാവിധമായ വിവേചനത്തെക്കുറിച്ച് പൂര്‍ണ ബോധത്തോടെയും ഭരണഘടനാ നിര്‍മാതാക്കള്‍ ഒരുപടികൂടി മുന്നോട്ടുപോയി. ജാതി-മത-ലിംഗ-ജന്മദേശ കാരണങ്ങളാലോ അവയില്‍ ഏതെങ്കിലും ഒന്നിനെ കാരണമാക്കിയോ രാഷ്ട്രം ഒരു പൗരനോടും വിവേചനം കാട്ടാന്‍ പാടില്ലാത്തതുമാകുന്നു (ആര്‍ട്ടിക്കിള്‍ 15).

എന്നാല്‍ പതിനഞ്ചാം വകുപ്പിന് അതിന്റെ പ്രായോഗികതയെ സംബന്ധിച്ചിടത്തോളം ഗണനാര്‍ഹങ്ങളായ രണ്ട് അപവാദങ്ങളുണ്ട്. ഇതിലൊന്ന് സ്ത്രീകളുടെയും കുട്ടികളുടെയും നന്മക്കായി പ്രത്യേക വ്യവസ്ഥയുണ്ടാക്കാന്‍ സ്റ്റേറ്റിന് അനുമതി നല്‍കുന്നു. രണ്ടാമത്തേത് സാമൂഹികമായും വിദ്യാഭ്യാസപരമായും അധഃസ്ഥിതരായ പൗരന്മാരുടെ ഉന്നമനത്തിന് വേണ്ടി എന്തു പ്രത്യേക വ്യവസ്ഥയുണ്ടാക്കാനും സര്‍ക്കാറിനെ അനുവദിക്കുന്നു. രണ്ടാമത്തെ അപവാദം ഭരണഘടനയുടെ ആദ്യരൂപത്തില്‍ പെടുത്തിയിരുന്നില്ല. അത് 1951ലെ ഒന്നാം ഭരണഘടനാ ഭേദഗതി പ്രകാരം കൂട്ടിച്ചേര്‍ക്കുകയാണുണ്ടായത്. അധഃസ്ഥിതരായ പൗരന്മാരുടെ ഉന്നമനത്തിനു വേണ്ടിയുള്ള ഈ വ്യവസ്ഥ ഒരു മാറ്റവും വരുത്താതെ നാളിതുവരെ നടപ്പാക്കിവരികയാണ്.

ഭരണഘടനാപരമായ ദളിതുകളുടെ ഈ അവകാശം വിവിധ സംസ്ഥാനങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ആന്ധ്രയിലെ ഒരു ആദിവാസി മേഖലയിലെ സ്‌കൂളിലെ അധ്യാപക നിയമനത്തില്‍ ഈ സ്‌കൂളിലെ നൂറ് ശതമാനം നിയമനവും ദളിത് വിഭാഗങ്ങള്‍ക്ക് നല്‍കിക്കൊണ്ട് തീരുമാനമെടുത്തത്. ഈ തീരുമാനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയിലാണ് നിലവിലുള്ള ദളിത് സംവരണ രീതിയില്‍ മാറ്റം വരുത്തേണ്ടി വരുമെന്ന നിരീക്ഷണം ഭരണഘടനാ ബഞ്ച് നടത്തിയിരിക്കുന്നത്. രാജ്യത്തെ സംവരണ പട്ടിക അലംഘനീയമോ മാറ്റാന്‍ പാടില്ലാത്തതോ അല്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. സംവരണ പട്ടികയില്‍ പരിഷ്‌കാരങ്ങള്‍ വരുത്തണം. ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വത്തിനേ ഇത്തരത്തിലുള്ള തീരുമാനവുമായി മുന്നോട്ടുപോകാനാകൂ എന്നും കോടതി നിരീക്ഷിച്ചു.

സമൂഹത്തില്‍ നിലനിന്ന വിവേചനമാണ് സംവരണത്തെ അനിവാര്യമാക്കിയത്. സാമൂഹിക അസമത്വവും സാമ്പത്തികം അടക്കമുള്ള പിന്നാക്കാവസ്ഥയും തുടച്ചുനീക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല സമൂഹത്തിലെ വിവേചനങ്ങള്‍ ശക്തിപ്പെടുന്ന ചിത്രമാണ് ഇന്ന് കാണാന്‍ കഴിയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പട്ടികജാതി- പട്ടികവര്‍ഗ സംവരണം തുടര്‍ന്നെങ്കിലും ദളിത് വിഭാഗങ്ങളുടെ നില കാര്യമായി മെച്ചപ്പെടുത്താന്‍ ഇന്നും കഴിഞ്ഞിട്ടില്ല. ഉദ്യോഗ നിയമനങ്ങളില്‍ സംവരണം നിലനില്‍ക്കുന്നെങ്കില്‍ പോലും ഈ ദളിത് വിഭാഗങ്ങളുടെ പ്രാതിനിധ്യം കാര്യമായി ഇപ്പോഴും വര്‍ധിച്ചിട്ടില്ലെന്നുള്ളതാണ് യാഥാര്‍ഥ്യം.
സാമൂഹികമായും സാമ്പത്തികമായും മുന്നാക്കം നില്‍ക്കുന്ന ദളിത് വിഭാഗത്തിലെ സ്വാധീനമുള്ള ഒരു കൂട്ടര്‍ ഈ വിഭാഗത്തിലെ തന്നെ അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയാണ്. ഇതിന് പരിഹാരം ഉണ്ടാക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, വിനീത് സരണ്‍, എം ആര്‍ ഷാ, അനിരുദ്ധാബോസ് എന്നിവരായിരുന്നു ബഞ്ചിലെ മറ്റംഗങ്ങള്‍.

സംവരണ പട്ടിക പരിഷ്‌കരിക്കണമെന്നാവശ്യം മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനാണ് മുന്നോട്ട് വെച്ചത്. ഈ ആവശ്യത്തോട് കോടതി യോജിച്ചു. സര്‍ക്കാര്‍ സംവരണ പട്ടിക പരിഷ്‌കരിക്കണം. ഈ വിഭാഗത്തില്‍ പെടുന്ന ഒരു കൂട്ടര്‍ 70 വര്‍ഷമായി അതിന്റെ പ്രയോജനം അനുഭവിക്കുമ്പോള്‍ അതേ വിഭാഗത്തിലെ അര്‍ഹരായ മറ്റൊരു വിഭാഗത്തിന് അതിന്റെ പ്രയോജനം ലഭിക്കാതെ പോകുകയാണ്. ഇതിന് പരിഹാരം കാണാന്‍ ഉചിതമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ബഞ്ച് വ്യക്തമാക്കി. സംവരണ പട്ടിക പരിഷ്‌കരിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ കമ്മീഷനുകളെ നിയോഗിക്കാറുണ്ട്. ഇത്തരം കമ്മീഷനുകള്‍ സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതും നീക്കം ചെയ്യേണ്ടതുമായ വിഭാഗങ്ങളുടെയും വര്‍ഗങ്ങളുടെയും ജാതികളുടെയും നാമാവലി അവരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കാറുണ്ട്. ഇത്തരം റിപ്പോര്‍ട്ടുകള്‍ അവധാനതയോടെ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണം.

പട്ടികജാതി- പട്ടികവര്‍ഗങ്ങള്‍ക്കകത്തുതന്നെ ഇപ്പോള്‍ സമ്പന്നരും ഉന്നതരുമുണ്ടെന്നുള്ള സുപ്രീം കോടതി നിരീക്ഷണം കുറച്ചൊക്കെ ശരിയാണ്. ഈ വിഭാഗത്തിലെ വളരെ ചെറിയൊരു വിഭാഗത്തിന് ഉന്നത ഉദ്യോഗങ്ങള്‍ ലഭ്യമാകുകയും ഇവരുടെ കുടുംബങ്ങള്‍ സാമ്പത്തികമായി മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മഹാഭൂരിപക്ഷം വരുന്ന ദളിത് വിഭാഗം അജ്ഞതയിലും പട്ടിണിയിലുമാണ്. നല്ലൊരു ശതമാനം ഇപ്പോഴും വിദ്യാവിഹീനരാണ്. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളിലെ ഒരാളെങ്കിലും പിന്നാക്കാവസ്ഥയിലുണ്ടെങ്കില്‍ സംവരണം തുടരണമെന്ന് ഈ പരമോന്നത കോടതി തന്നെ പറയുന്നു. ഈ കോടതി തന്നെ നിര്‍ഭാഗ്യവശാല്‍ സംവരണത്തിന് പരിധി ഏര്‍പ്പെടുത്തണമെന്ന് നിരീക്ഷിക്കുന്നത് തികച്ചും ഖേദകരമാണ്.

നമ്മുടെ ഭരണഘടനയിലെ സാമുദായിക സംവരണത്തിന്റെ അടിത്തറ വിദ്യാഭ്യാസപരമായും സാംസ്‌കാരികവുമായിട്ടുള്ള പിന്നാക്കാവസ്ഥയാണ്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 15, 16 എന്നിവയിലൊന്നും പിന്നാക്കാവസ്ഥയുടെ അടിസ്ഥാനം സാമ്പത്തികമാണെന്ന് പറയുന്നതേയില്ല. പട്ടികജാതി- പട്ടികവര്‍ഗ സംവരണത്തെ സംബന്ധിച്ചുള്ള ആര്‍ട്ടിക്കിള്‍ 15 വളരെ വ്യക്തമായി വിദ്യാഭ്യാസപരമായും ജാതീയമായും സാമൂഹികമായുമുള്ള പിന്നാക്കാവസ്ഥയാണ് പറയുന്നത്. ദളിത് വിഭാഗത്തിലെ ഒരു കൂട്ടര്‍ സാമ്പത്തികമായി ഉയര്‍ന്നതിന്റെ പേരില്‍ സംവരണം നിഷേധിക്കുന്നതിന് യാതൊരു നീതീകരണവുമില്ല.

നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗത്തിന്റെ സാമൂഹിക പിന്നാക്കാവസ്ഥക്ക് തന്നെയാണ് സംവരണകാര്യത്തില്‍ പ്രാമുഖ്യം നല്‍കേണ്ടത്.
പിന്നാക്ക സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസുകളില്‍ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കിയ സംവരണത്തിന്റെ അടിത്തറ ജാതി, തൊഴില്‍, ദാരിദ്ര്യം, സാമൂഹികമായ പിന്നാക്കാവസ്ഥ എന്നിവയായിരുന്നു. ഇവിടെയും പിന്നാക്ക വിഭാഗത്തിന്റെ സാമ്പത്തിക സ്ഥിതി ആദ്യം നോക്കിയിട്ടേയില്ല. മഹാഭൂരിപക്ഷം ദളിതരും ഇപ്പോഴും യാതൊരു വിദ്യാഭ്യാസ യോഗ്യതയും ഇല്ലാത്തവരാണെന്ന യാഥാര്‍ഥ്യം നാം വിസ്മരിക്കുന്നത് ശരിയല്ല. അതുകൊണ്ടുതന്നെ ദളിത് വിഭാഗത്തിന്റെ സംവരണ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനുള്ള സമയം ഇതുവരെ വന്നുചേര്‍ന്നിട്ടില്ല.
കഴിഞ്ഞ ഏഴ് പതിറ്റാണ്ടു കാലമായി തുടരുന്ന പട്ടികജാതി – പട്ടികവര്‍ഗ സംവരണം യാതൊരു മാറ്റവും കൂടാതെ തുടരുകയാണ് ആവശ്യം. ഈ സംവരണം ഇല്ലാതാക്കുന്നതിനു വേണ്ടിയുള്ള കരുതിക്കൂട്ടിയുള്ള നീക്കങ്ങള്‍ ഏതു ഭാഗത്തു നിന്നുണ്ടായാലും അതിനെ എതിര്‍ത്തു തോല്‍പ്പിക്കുക തന്നെ വേണം.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest