കൊവിഡ്; അമേരിക്കക്കെതിരെ വിമര്‍ശനവുമായി ചൈനീസ് മാധ്യമങ്ങള്‍

Posted on: May 5, 2020 9:47 am | Last updated: May 5, 2020 at 12:32 pm

ബീജിംഗ് |  ലോകത്ത് നാശം വിതച്ച കൊവിഡ് വൈറസ് വുഹാനിലെ ലാബില്‍ നിര്‍മിച്ചതാണെന്ന അമേരിക്കയുടെ പ്രചാരണങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയുമായി ചൈനീസ് മാധ്യമങ്ങള്‍. ലോകത്ത് കൊവിഡ് പരത്തിയത് ചൈനയാണെന്നും വൈറസ് മനുഷ്യ നിര്‍മിതമാണെന്നും അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോപിയോ, മുന്‍ വൈറ്റ് ഹൗസ് നയതന്ത്രജ്ഞന്‍ സ്റ്റീവ് ബന്നയും അഭിപ്രായപ്പെട്ടിരുന്നു. ഇവരുടെ പേരെടുത്ത് പറഞ്ഞാണ് ചൈനീസ് മാധ്യമങ്ങളായ സി സി ടി വി, പീപ്പീള്‍സ് ഡെയ്‌ലി എന്നിവ വിമര്‍ശിച്ചത്.

ദുഷിച്ച പോംപിയോ വിഷം പരുത്തുകയും നുണ പ്രചരിപ്പിക്കുകയുമാണെന്ന് ചൈനീസ് ദേശീയ മാധ്യമമായ സി സി ടി വി പറയുന്നു. വൈറസ് വുഹാനില്‍ നിന്നും ചോര്‍ന്നതാണെന്ന വാദം തീര്‍ത്തും തെറ്റാണ്. അമേരിക്കന്‍ രാഷ്ട്രീയക്കാര്‍ അവരുടെ ആഭ്യന്തര കൊവിഡ് പ്രതിരോധ വീഴ്ച മറച്ചുവെക്കാന്‍ ചൈനയെ കുറ്റപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് വോട്ടാണ് ഇവരുടെ ലക്ഷ്യംമെന്നും സി സി ടി വി പറഞ്ഞു.

ശീതയുദ്ധത്തിന്റെ ജീവിക്കുന്ന ഫോസിലെന്നാണ് മുന്‍വൈറ്റ് ഹൗസ് നയതന്ത്രജ്ഞനായ ബന്നനെ പീപ്പിള്‍ ഡെയ്‌ലി വിശേഷിപ്പിച്ചത്. കഴിഞ്ഞ ആഴ്ച ഒരു ടെലിവിഷന്‍ പരിപാടിയില്‍ ചൈന യു എസിനെതിരെ ബയോളജിക്കല്‍ ചെര്‍ണോബില്‍ ആക്രമണം ആണ് നടത്തിയതെന്ന് സ്റ്റീവ് ബന്നന്‍ ആരോപിച്ചിരുന്നു. ബന്നനും പോംപിയോയും നുണയരാണെന്നും പീപ്പില്‍ ഡെയ്‌ലി കുറ്റപ്പെടുത്തി.

അതേ സമയം അമേരിക്കന്‍ നേതാക്കളുടെ ആരോപണം ശരിവെക്കുന്ന ഒരു തെളിവും തങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം തിങ്കളാഴ്ച അറിയിച്ചത്.