Connect with us

Kozhikode

പാപമോചനത്തിന്റെ പ്രാർഥനാ കാലം

Published

|

Last Updated

കോഴിക്കോട് | പുണ്യങ്ങളുടെ പൂക്കാലത്തിന് ഇന്ന് പതിനൊന്നാം ദിനം. കാരുണ്യത്തിന്റെ നിറ വസന്തം സമ്മാനിച്ച റമസാനിലെ ആദ്യത്തെ പത്ത് ദിനരാത്രങ്ങൾക്ക് സമാപ്തിയേകിക്കൊണ്ടാണ് വിശ്വാസി പുതുപ്രതീക്ഷയോടെ രണ്ടാം പത്തിലേക്ക് പ്രവേശിക്കുന്നത്.

പാപമോചനത്തിന്റെ മന്ത്രങ്ങൾക്കാണ് ഇന്നലെ രാത്രി മുതൽ തുടക്കമായത്. മനുഷ്യൻ ചെയ്തുകൂട്ടിയ പാപങ്ങൾക്ക് മാപ്പ് നൽകാമെന്ന നാഥന്റെ വാക്കിന് ഉത്തരമേകിക്കൊണ്ട് ലോകത്തിന്റെ നാനാദിക്കിൽ നിന്നും വിശ്വാസിയുടെ മനം നിറഞ്ഞ പാപമോചന പ്രാർഥനയാണ് ഇനിയുള്ള ദിനങ്ങളിൽ കേൾക്കാനാവുക.
ചരിത്ര പ്രസിദ്ധമായ ബദ്ർ ദിനവും ഈ പത്ത് ദിനങ്ങളിലാണ് ഉൾപ്പെടുന്നത്. റമസാൻ 17നായിരുന്നു ബദ്ർ ധർമ സമരം. ബദ്ർ ദിനത്തോടനുബന്ധിച്ച് സമൂഹ ഇഫ്താറുകളും മൗലിദുകളും മറ്റും സാധാരണ സംഘടിപ്പിക്കാറുണ്ടെങ്കിലും ഇത്തവണ കൊവിഡ് പശ്ചാത്തലത്തിൽ വിപുലമായ പരിപാടികളുണ്ടാകില്ല.
ഈ വർഷം വിശ്വാസിയെ സംബന്ധിച്ചിടത്തോളം അടുത്തൊന്നും പരിചിതമല്ലാത്ത രൂപത്തിലുള്ള നോമ്പ് കാലമാണ് കഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്നത്. റമസാനിൽ വിശ്വാസികളെക്കൊണ്ട് തിങ്ങിനിറഞ്ഞ് പ്രാർഥനാ നിർഭരമാവാറുള്ള പള്ളികളൊക്കെയും അടച്ചുപൂട്ടപ്പെട്ട സാഹചര്യം.

റമസാനിലെ വെള്ളിയാഴ്ചകളിൽ പോലും ജുമുഅ നിർവഹിക്കാനാകാത്ത അവസ്ഥ വിശ്വാസിക്ക് സങ്കടത്തിന്റെ അങ്ങേയറ്റമാണ്. ദീർഘസമയം പള്ളികളിലിരിക്കുന്ന ഇഅ്തികാഫ് എന്ന ആരാധനാ കർമവും ഇത്തവണയില്ല. പള്ളിയങ്കണങ്ങളിലും വീടുകളിലുമൊരുങ്ങുന്ന സമൂഹ ഇഫ്താറുകൾ ഈ വർഷം ഓർമ മാത്രം.
എന്നാൽ, ലോക്ക്ഡൗണിന്റെ പരിമിതിക്കുള്ളിലും ആരാധനാ ധന്യമാണ് മുസ്‌ലിം വീടുകൾ. അഞ്ച് നേരത്തെ നിസ്‌കാരങ്ങളും തറാവീഹുമടക്കം മിക്ക വീടുകളിലും ചിട്ടയായി നടക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളും ഗൃഹനാഥൻമാരും ഒരുമിച്ചുള്ള ആരാധന രീതി നൽകിയ പുതിയ അനുഭൂതിയിലാണ് മുസ്‌ലിം കുടുംബങ്ങൾ. ആരാധനകളിലെ പോരായ്മകൾ തിരുത്താനും പരസ്പരമുള്ള ചർച്ചകൾക്കും പുതിയ രീതി പ്രയോജനപ്പെടുത്തുകയാണ് എല്ലാവരും. ഇതിനെല്ലാം പുറമെ, വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പ്രഭാഷണങ്ങളും കർമശാസ്ത്ര പഠനങ്ങളും പുരോഗമിക്കുന്നുണ്ട്.

ലോക്ക്ഡൗൺ സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കത്തിനിടയിലാണ് ഇത്തവണത്തെ നോമ്പ് കാലം എന്നതുകൊണ്ട് കഴിയാവുന്ന രീതിയിലെ സഹകരണമാണ് എല്ലായിടത്തും കാണുന്നത്.

വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ റിലീഫ് പ്രവർത്തനങ്ങൾ സജീവമാണ്. റമസാൻ കിറ്റുകളും സാമ്പത്തിക സഹായങ്ങളും അർഹരായവരിലേക്ക് എത്തിക്കുന്നതിൽ കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്ത്വത്തിൽ സുന്നി സംഘടനകളും കർമരംഗത്തുണ്ട്.

Latest