Connect with us

Editorial

പുറപ്പാടുകള്‍; തിരിച്ചു വരവുകള്‍

Published

|

Last Updated

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ തുടരുകയാണ്. ഒരു ഭാഗത്ത് ഇളവുകള്‍ ഇന്ന് നിലവില്‍ വരുമ്പോള്‍ തന്നെ മറുഭാഗത്ത് കടുപ്പിക്കുന്നുമുണ്ട്. അത് വേണ്ടത് തന്നെയാണ്. രോഗത്തിന്റെ വ്യാപന ശേഷി പരിഗണിക്കുമ്പോള്‍ ജാഗ്രത കൈവിടാതിരിക്കുകയെന്നത് അനിവാര്യമാണ്. എവിടെയാണോ കഴിയുന്നത് അവിടെ തന്നെയിരിക്കുക എന്നതായിരുന്നു ലോക്ക്ഡൗണിന്റെ പ്രധാന നിഷ്‌കര്‍ഷ. ചിലയിടങ്ങളില്‍ കുടിയേറ്റ തൊഴിലാളികളും മറ്റും സ്വദേശത്തെത്താന്‍ ചില സാഹസങ്ങള്‍ കാണിച്ചതൊഴിച്ചാല്‍ മിക്കയിടങ്ങളിലും പുറപ്പാടുകള്‍ തടയാന്‍ സാധിച്ചു. അത് ഫലം കാണുകയും ചെയ്തു. ഹോട്ട്‌സ്‌പോട്ടുകളെ മറ്റുള്ള ഇടങ്ങളില്‍ നിന്ന് ഐസൊലേറ്റ് ചെയ്യുക വഴി രോഗവ്യാപനം ഒരു പരിധി വരെ പിടിച്ചു നിര്‍ത്താനായി.

ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്രധാനമായ ഒരു ഇളവ് അനുവദിച്ചിരിക്കുന്നത് അതിഥി (കുടിയേറ്റ) തൊഴിലാളികളുടെ സംസ്ഥാനാന്തര യാത്രയാണ്. നില്‍ക്കുന്നിടത്ത് നില്‍ക്കുകയെന്ന പഴയ നയത്തില്‍ നിന്നുള്ള മാറ്റമാണത്. അതതിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ സ്വദേശത്ത് എത്തിക്കാനുള്ള ശ്രമകരമായ ദൗത്യം തുടങ്ങിക്കഴിഞ്ഞു. അതിഥി തൊഴിലാളികളെ പ്രത്യേക ബസുകള്‍ ഏര്‍പ്പാടാക്കി സ്വദേശത്ത് എത്തിക്കണമെന്നായിരുന്നു കേന്ദ്രം നേരത്തേ നിര്‍ദേശിച്ചിരുന്നത്. ഇതിലെ ചതിയും പ്രായോഗികതയില്ലായ്മയും തിരിച്ചറിഞ്ഞ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ശക്തമായി എതിര്‍ത്തു. തൊഴിലാളികളുടെ യാത്രക്കുള്ള സംവിധാനം സംസ്ഥാനങ്ങള്‍ ഒരുക്കട്ടെയെന്ന ലാക്കായിരുന്നു കേന്ദ്രത്തിന്. കൊവിഡ് കാലത്ത് ഫെഡറലിസത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന നിരവധി തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. സഹായധനത്തിലെ വിവേചനം തൊട്ട് കേന്ദ്ര നിരീക്ഷകരെ അയച്ചതില്‍ വരെ ഇത് കാണാം. ജി എസ് ടി കുടിശ്ശിക പോലും അനുവദിക്കാതെ കേരളത്തെ ഞെരുക്കുന്നതും ഇതിന്റെ ഭാഗമാണ്. ഈ പ്രതിസന്ധിക്കിടെയാണ് ബസ് ഏര്‍പ്പാടാക്കി തൊഴിലാളികളെ നാട്ടിലെത്തിക്കൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞത്.

ശക്തമായ പ്രതിഷേധമുയര്‍ന്നതോടെ പ്രത്യേക ട്രെയിനുകള്‍ ഓടിക്കാന്‍ കേന്ദ്രം തയ്യാറായി. നല്ല തീരുമാനം. ബസുകളായിരുന്നുവെങ്കില്‍ കുത്തി നിറച്ച് കൊണ്ടുപോകുമ്പോള്‍ രോഗവ്യാപന സാധ്യത ഏറെയായിരുന്നു. കേരളത്തില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി 6,992 പേരാണ് സ്വന്തം നാട്ടിലേക്ക് തിരിച്ചത്. ഒഡീഷയിലേക്കാണ് പ്രധാനമായും നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ ഓടിയത്. കോഴിക്കോട് നിന്നും കണ്ണൂരില്‍ നിന്നുമടക്കം അഞ്ച് ട്രെയിനുകള്‍ കഴിഞ്ഞ ദിവസം പുറപ്പെട്ടു. പോലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തയ്യാറാക്കുന്ന പട്ടികയനുസരിച്ച്, മുന്‍ഗണനാ ക്രമത്തില്‍ ഒരു കെ എസ് ആര്‍ ടി സി ബസില്‍ 30 പേര്‍ വീതമാണ് റെയില്‍വേ സ്റ്റേഷനിലേക്ക് തിരിച്ചത്. സാമൂഹിക അകലമടക്കം പ്രോട്ടോകോളുകള്‍ ഉറപ്പു വരുത്താനും സാധിച്ചു. ബസില്‍ കയറുമ്പോള്‍ പരിശോധന നടന്നു. റെയില്‍വേ സ്റ്റേഷനില്‍ തെര്‍മല്‍ സ്‌കാനര്‍ പരിശോധന ആവര്‍ത്തിക്കുകയും ചെയ്തു. ഭക്ഷണവും വെള്ളവും അടങ്ങുന്ന കിറ്റും ഓരോരുത്തര്‍ക്കും നല്‍കി. ഉയര്‍ന്ന ആതിഥ്യ മര്യാദയോടെ അവരെ യാത്രയാക്കാന്‍ നമുക്ക് സാധിക്കുന്നുവെന്നതില്‍ അഭിമാനിക്കാവുന്നതാണ്. നാട്ടില്‍ ചെന്ന് അവര്‍ കേരളത്തെ വാഴ്ത്തട്ടെ.

വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ള കേരളീയരെ തിരിച്ചെത്തിക്കാനും ഇതേ ശുഷ്‌കാന്തി കാണിക്കേണ്ടിയിരിക്കുന്നു. വിദേശത്ത് നിന്ന് തിരിക്കാന്‍ 3.98 ലക്ഷം പേരാണ് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരാനായി 1.36 ലക്ഷം പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിനെ വിശ്വാസത്തിലെടുക്കാവുന്ന നടപടികളൊന്നും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. മുന്‍ഗണനാ ക്രമത്തില്‍ ഘട്ടം ഘട്ടമായി എത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നുണ്ട്. രോഗം പടര്‍ന്നു പിടിക്കുന്ന ഇടങ്ങളില്‍ നിന്ന് വരുന്നവരെ ഏറ്റവും കരുതലോടെ, സ്‌നേഹത്തോടെ സ്വീകരിക്കാന്‍ നമുക്ക് സാധിക്കണം. അതിഥി തൊഴിലാളികള്‍ക്ക് നല്‍കിയ കരുതലിന്റെ ആയിരം മടങ്ങ് അര്‍ഹിക്കുന്നവരാണ് അവര്‍.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരാനിരിക്കുന്ന കേരളീയരുടെ കാര്യത്തില്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ നടക്കുന്നുണ്ട്. കര്‍ണാടകയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 44,871 പേര്‍. തമിഴ്‌നാട്ടില്‍ നിന്ന് 41,425 പേരും മഹാരാഷ്ട്രയില്‍ നിന്ന് 19,029 പേരും വരാനിരിക്കുന്നു. വിദ്യാര്‍ഥികള്‍, അവധിക്കാല ക്യാമ്പുകള്‍ക്കും മറ്റും പോയി കുടുങ്ങിയവര്‍, മുതിര്‍ന്ന പൗരന്‍മാര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന. ഇവര്‍ എന്നാണ് അതിര്‍ത്തിയില്‍ എത്തേണ്ടതെന്ന് അറിയിക്കും. അവിടെ വെച്ച് സമഗ്ര പരിശോധന നടത്തും. രോഗ ലക്ഷണമുള്ളവരെ സര്‍ക്കാര്‍ സംവിധാനത്തില്‍ നിരീക്ഷണത്തിലാക്കും. മറ്റുള്ളവരെ വീടുകളില്‍ 14 ദിവസം ക്വാറന്റൈനിലാക്കും. അതീവ ശ്രദ്ധയോടെ പൂര്‍ത്തിയാക്കേണ്ട ദൗത്യമാണിത്. ഇവിടെ നിന്ന് പോയ ഇതര സംസ്ഥാനക്കാരെ പോലെയല്ല, ഇവര്‍ വരുന്നത് രോഗനില സങ്കീര്‍ണമായ ഇടങ്ങളില്‍ നിന്നാണ്. വരാന്‍ രജിസ്റ്റര്‍ ചെയ്ത പലരും വലിയ ആശങ്കയിലാണ്. നാടണയാനുള്ള തിടുക്കത്തില്‍ ഇറങ്ങിത്തിരിക്കുകയാണ് അവര്‍. യാത്രക്കിടയില്‍ രോഗം തീണ്ടുമോയെന്ന ഭയം അവര്‍ക്കുണ്ട്. സംസ്ഥാനത്ത് ഏറെക്കുറെ നിയന്ത്രണ വിധേയമായ രോഗനില പിടിവിട്ട് കുതിക്കുന്ന സ്ഥിതിയിലേക്ക് ഈ തിരിച്ചു വരവ് കാരണമാകാതിരിക്കട്ടെ. ചെറിയൊരു അശ്രദ്ധ മതി എല്ലാം തകിടം മറിയാന്‍. കൃത്യമായ പരിശോധന വേണം. ക്വാറന്റൈന്‍ ഉറപ്പ് വരുത്തണം. മറ്റ് സംസ്ഥാനങ്ങളില്‍ സ്ഥിരതാമസമാക്കിയ മലയാളികള്‍ ഇപ്പോള്‍ വരരുത്. തിരിച്ചു വരുന്നവര്‍ ഉത്തരവാദിത്വത്തോടെ പെരുമാറണം. ഇതിനായി പ്രാദേശിക തലത്തില്‍ രൂപവത്കരിച്ച സമിതികളോട് ഇവര്‍ സഹകരിക്കണം. ആരെയും അകറ്റി നിര്‍ത്താനോ രോഗിയായി മുദ്ര കുത്താനോ വേണ്ടിയാകരുത് നിയന്ത്രണങ്ങള്‍. മറിച്ച് നാടിന്റെയാകെ സുരക്ഷക്ക് വേണ്ടിയാകണം. ഈ ബോധം നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നവര്‍ക്കും മറ്റിടങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്കും ഉണ്ടാകണം.