ലോകത്ത് കൊവിഡ് രോഗികള്‍ 35 ലക്ഷത്തിന് മുകളില്‍; ജീവന്‍ നഷ്ടമായത് 2.47 ലക്ഷം പേര്‍ക്ക്

Posted on: May 4, 2020 8:50 am | Last updated: May 4, 2020 at 1:40 pm

വാഷിങ്ടണ്‍ |  ലോകാരോഗ്യ സംഘടന മാഹാമാരിയായി പ്രഖ്യാപിച്ച കൊവിഡിന്റെ പിടിയിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനകം അകപ്പെട്ടത് 35 ലക്ഷത്തിന് മുകളില്‍ പേര്‍. 2.47 ലക്ഷം പേരുടെ ജീവന്‍ കൊവിഡ് എടുത്തു. ആദ്യഘട്ടത്തില്‍ വലിയ തോതില്‍ മരണ നിരക്ക് ഉണ്ടായിരുന്ന യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ കുറവുണ്ടായത് ആശ്വാസകരമാഅ്. എന്നാല്‍ അമേരിക്കയില്‍ രോഗികളുടെ എണ്ണവും മരണവും കൂടകുകയാണ്. അമേരിക്കയില്‍ ഇതിനകം 68,276 പേര്‍ മരണപ്പെടുകയും 11.83 ലക്ഷം പേര്‍ വൈറസിന്റെ പിടിയിലാകുകയും ചെയ്തു. ഇന്നലെ മാത്രം അമേരിക്കയില്‍ 30696 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

സ്‌പെയിനും (2.17ലക്ഷം), ഇറ്റലിയുമാണ് (2.10ലക്ഷം) അമേരിക്കക്ക് പിന്നില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിലുള്ളത്. എന്നാല്‍ ഇവിടങ്ങളില്‍ പുതിയ രോഗബാധിതരും മരണവും വലിയ തോതില്‍ കുറഞ്ഞ് വരുകയാണ്. കഴിഞ്ഞ ദിവസം ഇറ്റലിയില്‍ 174 പേരും സ്‌പെയിനില്‍ 164 പേരും മാത്രമാണ് മരിച്ചത്. രണ്ടായിരത്തിന് മുകളില്‍ മരണങ്ങള്‍ നേരത്തെ ഇവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ റഷ്യയില്‍ കൊവിഡ് ആശങ്കാജനകമായി പടരുകയാണ്. ഇന്നലെ മാത്രം 10,633 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് രോഗവ്യാപനം ആരംഭിച്ചതിനുശേഷം ഒരു ദിവസത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൂടിയ കേസുകളാണ് ഇത്. അതേസമയം മരണനിരക്കിലെ കുറവും രോഗമുക്തി നേടുന്നവരുടെ കൂടിയ എണ്ണവും റഷ്യയില്‍ ആശ്വാസം പകരുന്നു.

ചൈനയില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇവിടെ ആഭ്യന്തര യാത്ര നിയന്ത്രണങ്ങളിള്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി അടക്കമുള്ള രാജ്യങ്ങളും നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഫാക്ടറികള്‍, ഓഫിസുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയവ തുറക്കാന്‍ അനുമതി നല്‍കി.