Connect with us

Kerala

കായംകുളം ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റിയില്‍ രാജി

Published

|

Last Updated

ആലപ്പുഴ |  കായംകുളത്ത് പാര്‍ട്ടി പ്രവര്‍ത്തകനെ നിരന്തരം ഉപദ്രവിക്കുന്ന പോലീസുകാരനെതിരെ നടപടഡിസ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് കായംകുളം ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റിയില്‍ കൂട്ടരാജി. 21അംഗ കമ്മിറ്റിയില്‍ 19 പേരും രാജിവെച്ചു. പോലീസുകാരനെ സംരക്ഷിക്കുന്നത് കായംകുളം എം എല്‍ എ യു പ്രതിഭയാണെന്ന് ആരോപിച്ചാണ് രാജി.

ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ കായംകുളത്തെ പോലീസ് നിരന്തരമായി ഉപദ്രവിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ബ്ലോക്ക് പ്രസിഡന്റ് സാജിദിന്റെ വീട്ടില്‍ നിരന്തരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ഇവരുടെ രാജിക്കത്തില്‍ പറയുന്നു. പ്രതിഭ എം എല്‍ എയുടെ ഓഫീസ് സെക്രട്ടറി സി ഐയെക്കൊണ്ട് എന്തു വിലകൊടുത്തും സാജിദിനെ അറസ്റ്റു ചെയ്യിക്കുമെന്ന് പറഞ്ഞിരുന്നതായും കത്തിലുണ്ട്.

സാജിദിനെ അറസ്റ്റു ചെയ്യാനും ഉപദ്രവിക്കാനും സി ഐ ശ്രമിച്ചു കൊണ്ടിരിക്കുകായണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടിക്ക് കഴിയാത്ത സാഹചര്യത്തിലുമാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തനത്തില്‍ നിന്നും പിന്‍മാറുന്നതെന്നും രാജിക്കത്തില്‍ വിശദീകരിക്കുന്നു.
യു പ്രതിഭ എം എല്‍ എയും ഡി വൈ എഫ് ഐ നേതാക്കളും തമ്മില്‍ കായംകുളത്ത് അഭിപ്രായ വിത്യാസം തുടങ്ങിയിട്ടുണ്ട്. നേരത്തെ ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ മോശം ഭാഷയില്‍ എം എല്‍ എ പ്രതികരിച്ചിരുന്നു. എന്നാല്‍ പുതിയ സംഭവത്തോടെ നേരത്തെയുള്ള മാധ്യമ വാര്‍ത്ത കൂടുതല്‍ ഗൗരവമുള്ളതാണെന്ന് വ്യക്തമായിരിക്കുകയാണ്.

 

 

Latest